ദുബായ്: ട്വന്റി 20 ലോകകപ്പിലെ നിർണായക മത്സരത്തിൽ ന്യൂസീലൻഡിനോടും ദയനീയ പരാജയം ഏറ്റുവാങ്ങിയ ഇന്ത്യയുടെ സെമി സാധ്യത തുലാസിൽ. ഇന്ത്യ ഉയർത്തിയ 111 റൺസ് വിജയലക്ഷ്യം 14.3 ഓവറിൽ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തിൽ കിവീസ് ബാറ്റിങ് നിര മറികടന്നു.

ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ പാക്കിസ്ഥാനോട് 10 വിക്കറ്റിന്റെ തോൽവി വഴങ്ങിയിരുന്നു. രണ്ടാം തോൽവിയോടെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ മങ്ങുകയാണ്. പോയിന്റ് പട്ടികയിൽ സ്‌കോട്ട്‌ലൻഡിന് തൊട്ടു മുകളിൽ നാലാം സ്ഥാനത്താണ് ഇന്ത്യ നിലവിൽ. ഇനി ശേഷിക്കുന്ന മൂന്ന് മത്സരങ്ങൾ വൻ മാർജിനിൽ ജയിക്കുന്നതിനൊപ്പം മറ്റ് ടീമുകളുടെ മത്സര ഫലവും ഇന്ത്യയ്ക്ക് നിർണായകമാകും.

111 റൺസ് വിജയലക്ഷ്യം പിന്തുടർന്ന കിവീസിനെ 35 പന്തുകൾ നേരിട്ട് മൂന്ന് സിക്സും നാല് ഫോറുമടക്കം 49 റൺസെടുത്ത ഡാരിൽ മിച്ചെലാണ് അതിവേഗം ജയത്തിലെത്തിച്ചത്. രണ്ടാം വിക്കറ്റിൽ ക്യാപ്റ്റൻ കെയ്ൻ വില്യംസണൊപ്പം 72 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കാനും മിച്ചെലിനായി.

ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 31 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 33 റൺസോടെ പുറത്താകാതെ നിന്നു. ഡെവോൺ കോൺവെ രണ്ടു റൺസെടുത്തു. 17 പന്തിൽ നിന്ന് മൂന്ന് ബൗണ്ടറിയടക്കം 20 റൺസെടുത്ത മാർട്ടിൻ ഗുപ്റ്റിലാണ് പുറത്തായ മറ്റൊരു താരം. ഇതോടെ 2003-ന് ശേഷം ഐ.സി.സി ടൂർണമെന്റുകളിൽ ഇന്ത്യയോട് തോറ്റിട്ടില്ലെന്ന റെക്കോഡ് കിവീസ് നിലനിർത്തി. കിവീസ് ഇന്നിങ്സിൽ വീണ രണ്ടു വിക്കറ്റുകളും സ്വന്തമാക്കിയത് ജസ്പ്രീത് ബുംറയാണ്. നാല് ഓവറിൽ 19 റൺസ് മാത്രം വഴങ്ങിയാണ് ബുംറ രണ്ടു വിക്കറ്റെടുത്തത്.

ഇനിയുള്ള മത്സരങ്ങളിൽ അഫ്ഗാനിസ്താൻ, സ്‌കോട്‌ലൻഡ്, നമീബിയ എന്നിവരെ തോൽപ്പിച്ചാലും ഇന്ത്യ സെമിയിലെത്താൻ സാധ്യത കുറവാണ്. കഴിഞ്ഞ രണ്ടു മത്സരങ്ങളുടെയും ഫലം ടീമിന്റെ നെറ്റ് റൺറേറ്റിനെ ബാധിച്ച സാഹചര്യത്തിലാണിത്.

നിർണായക മത്സരത്തിൽ ബാറ്റിങ് മറന്ന ഇന്ത്യയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ നേടാനായത് 110 റൺസ് മാത്രമായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പടയ്ക്ക് 20 ഓവറിൽ ഏഴ് വിക്കറ്റിന് 110 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തിൽ 26 റൺസെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറർ. കിവികൾക്കായി ബോൾട്ട് മൂന്നും സോധി രണ്ടും മിൽനെയും സൗത്തിയും ഓരോ വിക്കറ്റും നേടി.

സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാൻ കിഷനെ കെ എൽ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിങ്സ് തുടങ്ങിയത്. എന്നാൽ ബോൾട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ കിഷൻ(4) മിച്ചലിന്റെ കൈകളിലെത്തി. മൂന്നാമൻ രോഹിത് ശർമ്മയെ അവസാന പന്തിൽ ബൗണ്ടറിയിൽ മിൽനെ നിലത്തിട്ടു. പവർപ്ലേയിലെ അവസാന ഓവറിൽ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി. മിച്ചലിന് തന്നെയായിരുന്നു ഈ ക്യാച്ച്.

നേരിട്ട ആദ്യ പന്തിൽ ജീവൻ ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശർമ്മയേയും(14) നായകൻ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറിൽ 48-4 എന്ന നിലയിൽ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികൾ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു. 15-ാം ഓവറിൽ മിൽനേയുടെ പന്തിൽ ക്ലീൻ ബൗൾഡാവുകയായിരുന്നു.

ആറാം വിക്കറ്റിൽ ഹർദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേർന്നെങ്കിലും കൂറ്റനടികൾ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തിൽ 23 റൺസുമായി ഹർദിക്, ബോൾട്ടിന്റെ 19-ാം ഓവറിലെ ആദ്യ പന്തിൽ പുറത്തായി. നാലാം പന്തിൽ ഷർദുൽ ഠാക്കൂറും(0) മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു.

അച്ചടക്കത്തോടെ പന്തെറിഞ്ഞ കിവീസ് ബൗളർമാർ ഇന്ത്യൻ ബാറ്റർമാരെ പിടിച്ചുകെട്ടി. ഇന്നിങ്സിനിടെ 10 ഓവറുകളോളം ഒരു ബൗണ്ടറി പോലും നേടാൻ ഇന്ത്യയ്ക്ക് സാധിച്ചില്ലെന്നത് കിവീസ് ബൗളർമാരുടെ മികവ് എടുത്ത് കാട്ടുന്നു. നാല് ഓവറിൽ 20 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ടെൻഡ് ബോൾട്ടാണ് കിവീസ് ബൗളർമാരിൽ തിളങ്ങിയത്. നാല് ഓവറിൽ വെറും 17 റൺസിന് രണ്ടു വിക്കറ്റ് വീഴ്‌ത്തിയ ഇഷ് സോധിയും മികച്ച പ്രകടനം പുറത്തെടുത്തു.