മുംബൈ: ന്യൂസിലൻഡിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യ ജയത്തിനരികെ. മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ മൂന്നാംദിനം സ്റ്റംപെടുക്കുമ്പോൾ അഞ്ച് വിക്കറ്റിന് 140 റൺസ് എന്ന നിലയിലാണ് കിവീസ്. രണ്ട് ദിനം അവശേഷിക്കെ ഇന്ത്യയുടെ ലീഡ് മറികടക്കാൻ ഇനിയും 400 റൺസ് കൂടി വേണം. ബാറ്റിങ് ദുഷ്‌കരമായ പിച്ചിൽ ഇത്രയും വലിയ സ്‌കോർ മറികടക്കുക പ്രയാസമാണ്. ഹെന്റി നിക്കോൾസ് (36), രചിൻ രവീന്ദ്ര (2) എന്നിവരാണ് ക്രീസിൽ. ആർ അശ്വിൻ ഇന്ത്യക്കായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. അക്സർ പട്ടേലിന് ഒരു വിക്കറ്റ് നേടി.

ആർ അശ്വിന്റെ ബൗളിങ്ങിന് മുന്നിലാണ് സന്ദർശകർ തകർന്നത്. നാലാം ഓവറിൽ ആദ്യ വിക്കറ്റ് നഷ്ടമായി. ഓപ്പണർ ടോം ലാഥത്തെ ആറു റൺസിന് അശ്വിൻ വിക്കറ്റിന് മുന്നിൽ കുരുക്കി. പിന്നീട് ഡാരിൽ മിച്ചലിനെ കൂട്ടുപിടിച്ച് ഇന്നിങ്സ് മുന്നോട്ടുനയിക്കുകയായിരുന്ന വിൽ യങ്ങിനേയും അശ്വിൻ പുറത്താക്കി. 41 പന്തിൽ 20 റൺസായിരുന്നു യങ്ങിന്റെ സമ്പാദ്യം.

സ്‌കോർ ബോർഡിൽ പത്ത് റൺസ് ചേർത്തപ്പോഴേക്കും കിവീസിന് മൂന്നാം വിക്കറ്റും നഷ്ടപ്പെട്ടു. എട്ടു പന്തിൽ ആറു റൺസെടുത്ത റോസ് ടെയ്ലറെ അശ്വിൻ ചേതേശ്വർ പൂജാരയുടെ കൈയിലെത്തിച്ചു. പിന്നീട് നാലാം വിക്കറ്റിൽ ഹെൻട്രി നിക്കോൾസും ഡാരിൽ മിച്ചലും ഒത്തുചേർന്നു. ഇത് കിവീസിന് അൽപം ആശ്വാസമേകി. ഇരുവരും 73 റൺസ് സ്‌കോർ ബോർഡിൽ ചേർത്തു.

മിച്ചലിനെ പുറത്താക്കി അക്സർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 92 പന്തിൽ 60 റൺസുമായി മികച്ച ബാറ്റിങ്ങാണ് മിച്ചൽ പുറത്തെടുത്തത്. തുടർന്ന് ക്രീസിലെത്തിയ ടോം ബ്ലൻഡെൽ മിന്നൽ വേഗത്തിൽ പുറത്തായി. ആറു പന്ത് നേരിട്ട ബ്ലൻഡൽ അക്കൗണ്ട് തുറക്കും മുമ്പ് റൺ ഔട്ടായി. മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോൾ 86 പന്തിൽ 36 റൺസോടെ നിക്കോൾസും 23 പന്തിൽ രണ്ടു റൺസോടെ രചിൻ രവീന്ദ്രയുമാണ് ക്രീസിൽ.

രണ്ടാം ഇന്നിങ്‌സിൽ കോലിപ്പട 276-7 എന്ന സ്‌കോറിൽ ഡിക്ലെയർ ചെയ്യുകയായിരുന്നു. ആദ്യ ഇന്നിങ്‌സിലെ 10 വിക്കറ്റ് നേടിയ അജാസ് പട്ടേൽ രണ്ടാം ഇന്നിങ്‌സിൽ നാല് പേരെ പുറത്താക്കി. അതേസമയം അവസാന ഓവറുകളിലെ അക്‌സർ പട്ടേൽ വെടിക്കെട്ട് ഇന്ത്യൻ ലീഡ് അതിവേഗം ഉയർത്തി.

അർധ സെഞ്ചുറി നേടിയ മായങ്ക് അഗർവാളാണ് ഇന്ത്യൻ നിരയിലെ ടോപ് സ്‌കോറർ. രണ്ടാം ഇന്നിങ്സിലും ബാറ്റിങ് മികവ് തുടർന്ന മായങ്ക് 108 പന്തുകൾ നേരിട്ട് ഒരു സിക്സും ഒമ്പത് ഫോറുമടക്കം 62 റൺസെടുത്താണ് മടങ്ങിയത്. പൂജാര 97 പന്തുകൾ നേരിട്ട് ഒരു സിക്സും ആറ് ഫോറുമടക്കം 47 റൺസെടുത്തു.

മൂന്നാം ദിനം വിക്കറ്റ് നഷ്ടമില്ലാതെ 69 റൺസെന്ന നിലയിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്കായി മായങ്ക് അഗർവാൾ - ചേതേശ്വർ പൂജായ ഓപ്പണിങ് സഖ്യം 107 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ശുഭ്മാൻ ഗിൽ 75 പന്തുകൾ നേരിട്ട് 47 റൺസെടുത്ത് പുറത്തായി. ക്യാപ്റ്റൻ വിരാട് കോലിക്കൊപ്പം മൂന്നാം വിക്കറ്റിൽ 82 റൺസ് കൂട്ടിച്ചേർത്ത ശേഷമാണ് ഗിൽ മടങ്ങിയത്. കോലി 84 പന്തുകൾ നേരിട്ട് 36 റൺസെടുത്തു. 26 പന്തിൽ നിന്ന് നാലു സിക്‌സും മൂന്നു ഫോറുമടക്കം 41 റൺസെടുത്ത് പുറത്താകാതെ നിന്ന അക്സർ പട്ടേൽ രണ്ടാം ഇന്നിങ്‌സിലും തിളങ്ങി.

ശ്രേയസ് അയ്യർ (14), വൃദ്ധിമാൻ സാഹ (13), ജയന്ത് യാദവ് (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ജയന്തിന്റെ വിക്കറ്റ് വീണതിനു പിന്നാലെ ഇന്ത്യ ഡിക്ലയർ ചെയ്യുകയായിരുന്നു. കിവീസിനായി അജാസ് പട്ടേൽ നാലും രചിൻ രവീന്ദ്ര മൂന്നും വിക്കറ്റുകൾ വീഴ്‌ത്തി.

നേരത്തെ അജാസ് പട്ടേലിന്റെ 10 വിക്കറ്റ് പ്രകടനത്തിൽ 325-10 എന്ന സ്‌കോറിൽ മുംബൈയിൽ ഇന്ത്യയുടെ ആദ്യ ഇന്നിങ്‌സ് അവസാനിച്ചു. 47.5 ഓവറിൽ 119 റൺസിനാണ് അജാസ് ഇന്ത്യയുടെ 10 വിക്കറ്റുകളും കവർന്നത്. 12 മെയ്ഡൻ ഓവറുകൾ അജാസ് എറിഞ്ഞു. സെഞ്ചുറി നേടിയ മായങ്ക് അഗർവാളിനും(311 പന്തിൽ 150), അർധ സെഞ്ചുറി കുറിച്ച അക്‌സർ പട്ടേലിനും(128 പന്തിൽ 52), 44 റൺസെടുത്ത ശുഭ്മാൻ ഗില്ലിനും മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാനായത്. ടെസ്റ്റ് ചരിത്രത്തിൽ മൂന്നാം തവണ മാത്രമാണ് ഒരു ബൗളർ ഇന്നിങ്‌സിലെ 10 വിക്കറ്റും വീഴ്‌ത്തുന്നത്.

ചേതേശ്വർ പൂജാര, വിരാട് കോലി, രവിചന്ദ്ര അശ്വിൻ എന്നിവർ പൂജ്യത്തിൽ പുറത്തായപ്പോൾ ശ്രേയസ് അയ്യർ 18 ഉം വൃദ്ധിമാൻ സാഹ 27 ഉം ജയന്ത് യാദവ് 12 ഉം മുഹമ്മദ് സിറാജ് നാലും റൺസെടുത്ത് മടങ്ങി. ന്യൂസിലൻഡ് ബൗളർമാരിൽ ഏറ്റവും കൂടുതൽ ഓവർ പന്തെറിഞ്ഞത് അജാസാണ്.

എന്നാൽ ആദ്യ ഇന്നിംഗസിൽ ഇന്ത്യയുടെ 325 റൺസ് പിന്തുടർന്ന കിവീസ് വെറും 62 റൺസിന് പുറത്തായി. നാല് വിക്കറ്റുമായി രവിചന്ദ്ര അശ്വിനും മൂന്ന് പേരെ മടക്കി മുഹമ്മദ് സിറാജും രണ്ട് വിക്കറ്റ് നേടി അക്‌സർ പട്ടേലും ഒരാളെ പറഞ്ഞയച്ച് ജയന്ത് യാദവുമാണ് കിവീസിനെ ചുരുട്ടിക്കൂട്ടിയത്. നായകൻ ടോം ലാഥമും(10), ഓൾറൗണ്ടർ കെയ്ൽ ജാമീസണും(17) മാത്രമാണ് രണ്ടക്കം കണ്ടത്. കാൺപൂരിൽ നടന്ന ഒന്നാം ടെസ്റ്റ് സമനിലയിൽ അവസാനിച്ചിരുന്നു. മുംബൈയിൽ കൂറ്റൻ ജയവുമായി പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ് കോലിപ്പട.