റാഞ്ചി: ന്യൂസീലൻഡിനെതിരായ രണ്ടാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയ്ക്ക് 154 റൺസ് വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത ന്യൂസീലൻഡ് ആറ് വിക്കറ്റ് നഷ്ടത്തിൽ 153 റൺസെടുത്തു. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാൻ ന്യൂസീലൻഡിന് സാധിച്ചില്ല. മധ്യഓവറുകളിൽ കിവീസ് ബാറ്റിങ് നിരയെ പിടിച്ചുകെട്ടിയ സ്പിന്നർമാരാണ് ചെറിയ സ്‌കോറിലൊതുക്കിയത്.

പവർ പ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസിലെത്തിയ ന്യൂസിലൻഡിനെ മധ്യ ഓവറുകളിലും അവസാന ഓവറുകളിലുമാണ് ഇന്ത്യ വരിഞ്ഞു മുറുക്കിയത്. 34 റൺസെടുത്ത ഗ്ലെൻ ഫിലിപ്‌സ് ആണ് കിവീസിന്റെ ടോപ് സ്‌കോറർ. ഇന്ത്യക്കായി ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴത്തി അരങ്ങേറ്റം ഗംഭീരമാക്കി.

ഒരു ഘട്ടത്തിൽ കിവീസ് 200 റൺസിന് മുകളിൽ സ്‌കോർ ചെയ്യുമെന്ന് തോന്നിച്ചെങ്കിലും സ്പിന്നർമാരായ ആർ അശ്വിനും അക്ഷർ പട്ടേലും മികച്ച രീതിയിൽ പന്തെറിഞ്ഞതോടെ കിവീസ് മുട്ടുമുടക്കി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ന്യൂസീലൻഡിനുവേണ്ടി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലും ചേർന്ന് നൽകിയത്. വെറും 4.1 ഓവറിൽ ഇരുവരും ആദ്യ വിക്കറ്റിൽ 48 റൺസെടുത്തു. എന്നാൽ തകർത്തടിച്ച് കളിച്ച ഗപ്റ്റിലിനെ മടക്കി ദീപക് ചാഹർ ഇന്ത്യയ്ക്ക് പ്രതീക്ഷ സമ്മാനിച്ചു.

ചാഹറിന്റെ ഷോർട്ട് പിച്ച് പന്ത് സിക്സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് കൈയിലൊതുക്കി. കഴിഞ്ഞ മത്സരത്തിലെന്ന പോലെ ചാഹറിനെ സിക്സ് പറത്തിയ ശേഷം തൊട്ടുടുത്ത പന്തിൽ ഗപ്റ്റിൽ പുറത്താകുകയായിരുന്നു. 15 പന്തുകളിൽ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്സിന്റെയും അകമ്പടിയോടെ 31 റൺസെടുത്താണ് ഗപ്റ്റിൽ ക്രീസ് വിട്ടത്. ഗപ്റ്റിലിന് പകരം മാർക്ക് ചാപ്മാൻ ക്രീസിലെത്തി. 4.3 ഓവറിൽ ടീം സ്‌കോർ 50 കടന്നു. ബാറ്റിങ് പവർപ്ലേയിൽ ന്യൂസീലൻഡ് ഒരു വിക്കറ്റ് നഷ്ടത്തിൽ 64 റൺസെടുത്തു.

ചാപ്മാനും മിച്ചലും നന്നായി കളിച്ച് മുന്നേറിയെങ്കിലും അക്ഷർ പട്ടേൽ ഈ കൂട്ടുകെട്ട് പൊളിച്ചു. 17 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ചാപ്മാനെ അക്ഷർ രാഹുലിന്റെ കൈയിലെത്തിച്ചു. ചാപ്മാന് പകരം ഗ്ലെൻ ഫിലിപ്സ് ക്രീസിലെത്തി.

രണ്ട് വിക്കറ്റ് വീണതോടെ കിവീസിന്റെ സ്‌കോറിങ് വേഗം കുറഞ്ഞു. പിന്നാലെ ഓപ്പണർ മിച്ചലും വീണു. 28 പന്തുകളിൽ നിന്ന് 31 റൺസെടുത്ത മിച്ചലിനെ ഹർഷൽ പട്ടേൽ സൂര്യകുമാറിന്റെ കൈയിലെത്തിച്ചു. ഹർഷലിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. മിച്ചലിന് പകരം ടിം സീഫേർട്ട് ക്രീസിലെത്തി.

എന്നാൽ സീഫേർട്ടിന് അധികസമയം പിടിച്ചുനിൽക്കാനായില്ല. 13 റൺസെടുത്ത താരത്തെ അശ്വിൻ ഭുവനേശ്വർ കുമാറിന്റെ കൈയിലെത്തിച്ചു. ഇതോടെ ന്യൂസീലൻഡ് 125 ന് നാല് എന്ന സ്‌കോറിലേക്ക് വീണു. സീഫേർട്ടിന് പകരം ഓൾറൗണ്ടർ ജെയിംസ് നീഷാം ക്രീസിലെത്തി. സീഫേർട്ടിന് പിന്നാലെ കിവീസിന്റെ പ്രതീക്ഷയായ ഫിലിപ്സും മടങ്ങി. 21 പന്തുകളിൽ നിന്ന് മൂന്ന് സിക്സിന്റെയും ഒരു ഫോറിന്റെയും അകമ്പടിയോടെ 34 റൺസെടുത്ത ഫിലിപ്സിനെ ഹർഷൽ പട്ടേൽ പുറത്താക്കി.

അവസാന ഓവറുകളിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ ബൗളർമാർ കാഴ്ചവെച്ചത്. കിവീസിന്റെ വെടിക്കെട്ട് താരമായ നീഷാമിനെ വരിഞ്ഞുമുറുക്കാൻ ഇന്ത്യയ്ക്ക് സാധിച്ചു. 12 പന്തുകളിൽ നിന്ന് വെറും മൂന്ന് റൺസ് മാത്രമെടുത്ത നീഷാമിനെ ഭുവനേശ്വർ കുമാർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.

ഇന്ത്യക്കായി ഹർഷൽ പട്ടേൽ നാലോവറിൽ 25 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ അക്‌സർ പട്ടേൽ നാലോവറിൽ 26 റൺസിനും അശ്വിൻ നാലോവറിൽ 19 റൺസിനും ഭുവനേശ്വർ കുമാർ നാലോവറിൽ 39 റൺസിനും ഓരോ വിക്കറ്റെടുത്തു. ആദ്യ രണ്ടോവറിൽ 24 റൺസ് വിട്ടുകൊടുത്ത ഭുവനേശ്വർകുമാർ അവസാന രണ്ടോവറിൽ ശക്തമായി തിരിച്ചുവന്നത് ഇന്ത്യക്ക് തുണയായി. തുടർച്ചയായ രണ്ടാം മത്സരത്തിലും ദീപക് ചാഹർ 40 റൺസിലേറെ വഴങ്ങി. വെങ്കടേഷ് അയ്യർ ഇന്നും പന്തെറിഞ്ഞില്ല.