സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്ക-ഇന്ത്യ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാംദിനം മഴമൂലം ഉപേക്ഷിച്ചു. മഴയെ തുടർന്ന് ഒരുപന്ത് പോലും എറിയാൻ സാധിച്ചില്ല. മൂന്ന് വിക്കറ്റിന് 272 റൺസ് എന്ന നിലയിലാണ് ടീം ഇന്ത്യ. കരിയറിലെ ഏഴാം ടെസ്റ്റ് സെഞ്ചുറി നേടിയ കെ എൽ രാഹുൽ 248 പന്തിൽ 122* റൺസും അജിൻക്യ രഹാനെയുമാണ് 81 പന്തിൽ 40* ക്രീസിൽ.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ വിരാട് കോലിയുടെ പ്രതീക്ഷ കാക്കുന്ന തുടക്കം മായങ്ക് അഗർവാളും കെ എൽ രാഹുലും ഇന്ത്യക്ക് നൽകി. കഗിസോ റബാഡ നയിക്കുന്ന പ്രോട്ടീസ് പേസാക്രമണത്തെ അനായാസം നേരിട്ട മായങ്കും രാഹുലും ഇന്ത്യയെ വിക്കറ്റ് നഷ്ടമില്ലാതെ 100 കടത്തി. എന്നാൽ 41-ാം ഓവറിൽ ഇരട്ട പ്രഹരവുമായി ലുങ്കി എൻഗിഡി ആഞ്ഞടിച്ചു. രണ്ടാം പന്തിൽ മായങ്ക്(123 പന്തിൽ 60) എൽബിയിൽ കുടുങ്ങിയപ്പോൾ തൊട്ടടുത്ത ബോളിൽ മൂന്നാമൻ ചേതേശ്വർ പൂജാര(1 പന്തിൽ 0) ഗോൾഡൺ ഡക്കായി കീഗന്റെ കൈകളിലെത്തി. ഓപ്പണിങ് വിക്കറ്റിൽ മായങ്ക്-രാഹുൽ സഖ്യം 117 റൺസ് ചേർത്തു.

മൂന്നാം വിക്കറ്റിൽ രാഹുലിനൊപ്പം ചേർന്ന വിരാട് കോലി ഇന്ത്യ കരകയറ്റാൻ ശ്രമിച്ചു. എങ്കിലും ഇന്ത്യക്ക് ടീം സ്‌കോർ 200 തികയുന്നതിന് ഒരു റൺ മുമ്പ് എൻഗിഡി മൂന്നാം പ്രഹരമേൽപിച്ചു. 94 പന്തിൽ 35 റൺസുമായി കോലി ഔട്ട്‌സൈഡ് എഡ്ജായി ഫസ്റ്റ് സ്ലിപ്പിൽ മൾഡറുടെ കൈകളിലെത്തി. മൂന്നാം വിക്കറ്റിലെ 82 റൺസ് കൂട്ടുകെട്ടിന്റെ കോലി-രാഹുൽ രക്ഷാപ്രവർത്തനത്തിന് ഇതോടെ വിരാമമാവുകയായിരുന്നു. എങ്കിലും ആത്മവിശ്വാസത്തോടെ ബാറ്റേന്തുന്ന രാഹുൽ 218 പന്തിൽ ഏഴാം ടെസ്റ്റ് ശതകത്തിലെത്തി. രാഹുലിനൊപ്പം നാലാം വിക്കറ്റിൽ മികച്ച ബാറ്റിംഗാണ് അജിങ്ക്യ രഹാനെ പുറത്തെടുക്കുന്നത്. ഇരുവരും ഇതിനകം 73 റൺസ് കൂട്ടിച്ചേർത്തുകഴിഞ്ഞു.

ആദ്യ ടെസ്റ്റിന്റെ ആദ്യ ദിവസം നേടിയ സെഞ്ചുറിയോടെ (122 ബാറ്റിങ്) ഇന്ത്യൻ ഓപ്പണർമാരുടെ എലീറ്റ് പട്ടികയിൽ വീരേന്ദർ സേവാഗിനെ മറികടന്ന് കെ.എൽ. രാഹുൽ എത്തി. ദക്ഷിണിഫ്രിക്കൻ മണ്ണിലെ രാഹുലിന്റെ ആദ്യ സെഞ്ചുറിയാണിത്.

രാജ്യാന്തര ക്രിക്കറ്റിൽ 7 വർഷം പൂർത്തിയാക്കിയ കെ.എൽ. രാഹുലിന്റെ 7ാം ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു ഇത്. 2014 ഡിസംബർ 26നു മെൽബണിലായിരുന്നു രാഹുലിന്റെ ടെസ്റ്റ് അരങ്ങേറ്റം.

ഏഷ്യൻ ഭൂഗണ്ഡത്തിനു പുറത്തുള്ള 5ാമത്തെ ടെസ്റ്റ് സെഞ്ചുറിയാണു ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ രാഹുൽ നേടിയത്. ഇതോടെ ഏഷ്യയ്ക്കു പുറത്തു ഏറ്റവും അധികം സെഞ്ചുറി നേടിയ ഇന്ത്യൻ ഓപ്പണർമാരിൽ, വീരേന്ദർ സേവാഗിനെ(4) പിന്തള്ളി രാഹുൽ 2ാം സ്ഥാനത്തേക്കുയർന്നു. ഏഷ്യയ്ക്കു പുറത്തു 15 ടെസ്റ്റ് സെഞ്ചുറി നേടിയിട്ടുള്ള ഇതിഹാസ താരം സുനിൽ ഗാവസ്‌കറാണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.

'എല്ലാ സെഞ്ചുറികളും നമുക്ക് ആനന്ദം നൽകുന്നതാണ്. 67 മണിക്കൂർ ബാറ്റുചെയ്തു നേടുന്ന സെഞ്ചുറികൾ എപ്പോഴും പ്രിയപ്പെട്ടതാണ്. നല്ല തുടക്കം കിട്ടിയതോടെതന്നെ ഞാൻ ബാറ്റിങ് ആസ്വദിച്ചു തുടങ്ങിയിരുന്നു' ആദ്യ ദിവസത്തെ ബാറ്റിങ്ങിനു ശേഷം രാഹുൽ ബിസിസിഐ.ടിവിയോടു പറഞ്ഞു.

ബാറ്റിംഗിൽ പ്രതീക്ഷിച്ചത് പോലെ അജിങ്ക്യ രഹാനെയ്ക്ക് പരിചയസമ്പത്ത് ഗുണം ചെയ്തു. മോശം ഫോമിലുള്ള താരത്തിന് പകരം ശ്രേയസ് അയ്യരോ, ഹനുമ വിഹാരിയോ കളിക്കണമെന്ന വാദമുണ്ടായിരുന്നു. മറ്റൊരു സീനിയർ ബാറ്റർ ചേതേശ്വർ പൂജാരയും ടീമിൽ സ്ഥാനം നിലനിർത്തിയെങ്കിലും ക്യാപ്റ്റന്റെ വിശ്വാസം കാക്കാൻ ആദ്യ ഇന്നിങ്‌സിലായില്ല. പൂജാര ഗോൾഡൺ ഡക്കായി. ദക്ഷിണാഫ്രിക്കയിൽ കന്നി ടെസ്റ്റ് പരമ്പര ജയിക്കുകയാണ് ടീം ഇന്ത്യയുടെ ലക്ഷ്യം.