- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
തുടക്കം തകർച്ചയോടെ; സെഞ്ചുറിക്ക് ഒപ്പം ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുമായി ഡ്യൂസനും ബാവുമയും;ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് 297 റൺസ് വിജയലക്ഷ്യം; പ്രോട്ടീസ് മികച്ച സ്കോർ ഉയർത്തിയത് നാല് വിക്കറ്റ് നഷ്ടത്തിൽ
പാൾ: ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യക്ക് 297 റൺസ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റൻ ടെംബാ ബാവുമയുടെയും റാസി വാൻഡർ ഡസ്സന്റെയുംതകർപ്പൻ സെഞ്ചുറികളുടെ കരുത്തിൽ 50 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 296 റൺസെടുത്തു.
ഡസ്സൻ 129 റൺസെടുത്ത് പുറത്താവാതെ നിന്നപ്പോൾ ബാവുമ 110 റൺസെടുത്ത് പുറത്തായി.മൂന്ന് വിക്കറ്റിന് 68 എന്ന നിലയിൽ പതറിയ ദക്ഷിണാഫ്രിക്കയെ ബാവുമയും ഡസനും ചേർന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും നാലാം വിക്കറ്റിൽ 204 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ട് പടുത്തുയർത്തി.
96 പന്തിൽ 129 റൺസുമായി പുറത്താകാതെ നിന്ന വാൻഡർ ഡസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറർ. നാലാം വിക്കിൽ ഇരട്ട സെഞ്ചുറി കൂട്ടുകെട്ടുയർത്തിയ ഡസ്സൻ-ബാവുമ സഖ്യമാണ് ദക്ഷിണാഫ്രിക്കൻ ഇന്നിങ്സിന്റെ നട്ടെല്ലായത്. ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര രണ്ട് വിക്കറ്റെടുത്തു.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് ടീം സ്കോർ 19-ൽ നിൽക്കേ ഓപ്പണർ ജാനേമാൻ മലാനെ ആദ്യം നഷ്ടമായി. വെറും ആറ് റൺസെടുത്ത മലാനെ ജസ്പ്രീത് ബുംറ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. രണ്ടാം വിക്കറ്റിൽ ഒന്നിച്ച ക്വിന്റൺ ഡികോക്കും നായകൻ തെംബ ബാവുമയും ചേർന്ന് ദക്ഷിണാഫ്രിക്കൻ സ്കോർ 50 കടത്തി.
പേസർമാരെ ഇരുവരും അനായാസം നേരിട്ടതോടെ നായകൻ രാഹുൽ സ്പിന്നർമാരുടെ സഹായം തേടി. രാഹുലിന്റെ തീരുമാനം ശരിവെച്ചുകൊണ്ട് രവിചന്ദ്ര അശ്വിൻ ബാവുമ-ഡി കോക്ക് കൂട്ടുകെട്ട് പൊളിച്ചു. 41 പന്തുകളിൽ നിന്ന് 21 റൺസെടുത്ത ഡി കോക്കിനെ ക്ലീൻ ബൗൾഡാക്കി അശ്വിൻ ദക്ഷിണാഫ്രിക്കയുടെ രണ്ടാം വിക്കറ്റെടുത്തു.
ഡി കോക്കിന് പകരം ക്രീസിലെത്തിയ എയ്ഡൻ മാർക്രം നിലയുറപ്പിക്കുംമുൻപേ പുറത്തായി. അനാവശ്യ റണ്ണിന് ശ്രമിച്ച മാർക്രത്തെ അരങ്ങേറ്റതാരം വെങ്കടേഷ് അയ്യർ റൺ ഔട്ടാക്കി. 11 പന്തുകളിൽ നിന്ന് നേടിയ നാലുറൺസാണ് മാർക്രത്തിന്റെ സമ്പാദ്യം. ദക്ഷിണാഫ്രിക്ക 68-3 എന്ന സ്കോറിൽ പതറി.
എന്നാൽ നാലാം വിക്കറ്റിൽ ഒത്തു ചേർന്ന ബാവുമയും ഡസ്സനും കളിയുടെ കടിഞ്ഞാൺ ഏറ്റെടുത്തതോടെ ഇന്ത്യയുടെ പിടി അയഞ്ഞു. മധ്യ ഓവറുകളിൽ സ്പിന്നർമാരായ അശ്വിനെയും യുസ്വേന്ദ്ര ചാഹലിനെയും ഫലപ്രദമായി നേരിട്ടതോടെ ദക്ഷിണാഫ്രിക്ക സുരക്ഷിത സ്കോറിലേക്ക് കുതിച്ചു. 133 പന്തിൽ തന്റെ രണ്ടാം ഏകദിന സെഞ്ചുറിയിലെത്തിയ ബാവുമയാണ് ആദ്യം മൂന്നക്കം കടന്നത്.
ആക്രമിച്ചു കളിച്ച വാൻഡർ ഡസ്സന് 83 പന്തുകളെ സെഞ്ചുറിയിലെത്താൻ വേണ്ടിവന്നുള്ളു. 48-ാം ഓവറിൽ ഭുവനേശ്വർ കുമാറിനെ സിക്സിന് പറത്തി ഇരുവരും നാലാം വിക്കറ്റിൽ 200 റൺസ് കൂട്ടുകെട്ടുയർത്തി. ഒടുവിൽ 204 റൺസിന്റെ കൂട്ടുകെട്ടിനൊടുവിൽ 49-ാം ഓവറിൽ ബാവുമയെ വീഴ്ത്തി ബുമ്ര ഇന്ത്യക്ക് ആശ്വസിക്കാൻ വക നൽകി. 143 പന്തിൽ 110 റൺസെടുത്ത ബാവുമ എട്ട് ബൗണ്ടറി പറത്തി.
സെഞ്ചുറി നേടിയെങ്കിലും അവസാന ഓവറുകളിൽ വേണ്ടത്ര റൺസ് നേടിയെടുക്കാൻ ബാവുമയ്ക്കും ഡസനും സാധിച്ചില്ല. കൂറ്റൻ സ്കോറിലേക്ക് കുതിക്കുകയായിരുന്ന പ്രോട്ടീസിനെ തടഞ്ഞുനിർത്താൻ ഒരു പരിധിവരെ ഇന്ത്യൻ ബൗളർമാർക്ക് സാധിച്ചു.
ബാവുമയ്ക്ക് പകരം ഡേവിഡ് മില്ലർ ക്രീസിലെത്തി. ശാർദൂൽ ഠാക്കൂർ എറിഞ്ഞ അവസാന ഓവറിൽ ഡസൻ അടിച്ചുതകർത്തതോടെ ദക്ഷിണാഫ്രിക്ക 296 റൺസിലെത്തി. ഡ്യൂസൻ വെറും 96 പന്തുകളിൽ നിന്ന് ഒൻപത് ഫോറിന്റെയും നാല് സിക്സിന്റെയും അകമ്പടിയോടെ 129 റൺസെടുത്തും മില്ലർ രണ്ട് റൺസ് നേടിയും പുറത്താവാതെ നിന്നു. ഡ്യൂസന്റെ ഏകദിനത്തിലെ ഏറ്റവും ഉയർന്ന സ്കോറാണിത്
ഇന്ത്യക്കായി ജസ്പ്രീത് ബുമ്ര പത്തോവറിൽ 47 റൺസിന് രണ്ട് വിക്കറ്റെടുത്തപ്പോൾ 10 ഓവറിൽ 64 റൺസ് വഴങ്ങിയ ഭുവനേശ്വർ കുമാറും 10 ഓവറിൽ 72 റൺസ് വിട്ടുകൊടുത്ത ഷർദ്ദുൽ ഠാക്കൂറിനും വിക്കറ്റൊന്നും ലഭിച്ചില്ല. അശ്വിൻ 10 ഓവറിൽ 53 റൺസിന് ഒരു വിക്കറ്റെടുത്തപ്പോൾ ചാഹൽ 10 ഓവറിൽ 53 റൺസ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റൊന്നും ലഭിച്ചില്ല.
സ്പോർട്സ് ഡെസ്ക്