സെഞ്ചൂറിയൻ: ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യയ്ക്ക് ബാറ്റിങ് തകർച്ച. 146 റൺസെടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റുകൾ നഷ്ടമായി. 19 റൺസുമായി ഋഷഭ് പന്തും മുഹമ്മദ് ഷമിയുമാണ് ക്രീസിൽ. ഇന്ത്യയ്ക്ക് നിലവിൽ 276 റൺസ് ലീഡുണ്ട്. 14 റൺസെടുത്ത ആർ അശ്വിന്റെ വിക്കറ്റാണ് ഒടുവിൽ വീണത്.

ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാർദുൽ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തിൽ പത്തു റൺസായിരുന്നു ശാർദുലിന്റെ സമ്പാദ്യം.

അധികം വൈകാതെ 74 പന്തിൽ 23 റൺസെടുത്ത കെ.എൽ രാഹുലിനെ ലുങ്കി എൻഗിഡി പുറത്താക്കി. സ്‌കോർ 79-ൽ എത്തിയപ്പോൾ 18 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങി.

64 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ചേതേശ്വർ പൂജാരയേയും എൻഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റൺസുമായി അജിങ്ക്യ രഹാനെയും മടങ്ങി.

മായങ്ക് അഗർവാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തിൽ നാല് റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം.

നേരത്തെ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 130 റൺസിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് സ്വന്തമാക്കിയിരുന്നു. 16 ഓവറിൽ 44 റൺസിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുംറയും ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 103 പന്തിൽ നിന്ന് 10 ബൗണ്ടറികളടക്കം 52 റൺസെടുത്ത ടെംബ ബവുമയാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.