സെഞ്ചൂറിയൻ: ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 305 റൺസ് വിജയലക്ഷ്യം. ഒരു വിക്കറ്റിന് 16 റൺസ് എന്ന സ്‌കോറിൽ നാലാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 174 റൺസിന് ഓൾ ഔട്ടായി. 34 റൺസെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് വീതമെടുത്ത കാഗിസോ റബാദയും മാർക്കോ ജാൻസണുമാണ് ഇന്ത്യയെ രണ്ടാം ഇന്നിങ്‌സിൽ എറിഞ്ഞിട്ടത്.

305 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പ്രോട്ടീസിന് തുടക്കത്തിലെ തിരിച്ചടിയേറ്റു. രണ്ടാം ഓവറിലെ മൂന്നാം പന്തിൽ ഓപ്പണർ എയ്ഡൻ മാർക്രത്തെ മുഹമ്മദ് ഷമി പുറത്താക്കി. സ്‌കോർ ബോർഡിൽ ഒരു റൺസ് മാത്രം എത്തി നിൽക്കെയാണ് ദക്ഷിണാഫ്രിക്കയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായത്. നിലവിൽ ഒരു വിക്കറ്റിന് 11 റൺസ് എന്ന നിലയിലാണ് സന്ദർശകർ.

ഒന്നാം ഇന്നിങ്സിൽ 130 റൺസിന്റെ ലീഡ് നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഇന്നിങ്സിൽ 174 റൺസ് എടുക്കാനെ കഴിഞ്ഞുള്ളു. നാലാം ദിനം അഞ്ച് റൺസുമായി കെ എൽ രാഹുലും നാല് റൺസുമായി തലേന്നത്തെ നൈറ്റ് വാച്ച്മാൻ ഷർദ്ദുൽ ഠാക്കൂറുമായിരുന്നു ക്രീസിൽ. എന്നാൽ വ്യക്തിഗത സ്‌കോറിലേക്ക് ആറ് റൺസ് കൂടി ചേർത്തതും ഠാക്കൂറിനെ മുൾഡറുടെ കൈകളിലെത്തിച്ചു റബാദ. ആദ്യ ഇന്നിങ്സിലെ സെഞ്ചുറിവീരൻ കെ എൽ രാഹുലിനും അധികം മുന്നോട്ടുപോകാനായില്ല. 74 പന്തിൽ 23 റൺസുമായി രാഹുലിനെ എൻഗിഡി, എൾഗാറിന്റെ കൈകളിലെത്തിച്ചു.



ക്യാപ്റ്റൻ വിരാട് കോലിയും ചേതേശ്വർ പൂജാരയും ചേർന്ന് ചെറിയൊരു രക്ഷാപ്രവർത്തനം നടത്തി. പൂജാരയെ തുടക്കത്തിൽ കൈവിട്ട ദക്ഷിണാഫ്രിക്കയ്ക്ക് പക്ഷെ അധികം കാത്തിരിക്കേണ്ടിവന്നില്ല. മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 79 റൺസെന്ന നിലയിൽ ലഞ്ചിന് പിരിഞ്ഞ ഇന്ത്യക്ക് ലഞ്ചിനുശേഷമുള്ള ആദ്യ പന്തിൽ ക്യാപ്റ്റൻ വിരാട് കോലിയെ നഷ്ടമായി. ആദ്യ ഇന്നിങ്‌സിലേതിന് സമാനമായി മാർക്കോ ജാൻസൻ എറിഞ്ഞ ഓഫ് സ്റ്റംപിന് പുറത്ത് പോയ നിരുദ്രപവകരമായ പന്തിൽ ബാറ്റുവച്ചാണ് കോലി ഇത്തവണയും വിക്കറ്റ് കളഞ്ഞത്. 18 റൺസായിരുന്നു കോലിയുടെ സംഭാവന.

രഹാനെക്കൊപ്പം സ്‌കോർ 100 കടത്തിയ പൂജാരക്കും അധികം ആയുസുണ്ടായില്ല. 16 റൺസെടുത്ത പൂജാര വിക്കറ്റിന് പിന്നിൽ ഡികോക്കിന് ക്യാച്ച് നൽകി മടങ്ങി. ആദ്യ ഇന്നിങ്‌സിലേതുപോലെ ആക്രമിച്ചു തുടങ്ങിയ രഹാനെ 20 റൺസുമായി പ്രതീക്ഷ നൽകിയെങ്കിലും മാർക്കോ ജാൻസന്റെ പന്ത് പുൾ ചെയ്യാനുള്ള ശ്രമത്തിൽ ബൗണ്ടറിയിൽ വാൻഡർ ഡസ്സന് ക്യാച്ച് നൽകി മടങ്ങി.111-6ലേക്ക് വീണ ഇന്ത്യയെ റിഷഭ് പന്തും അശ്വിനും ചേർന്ന് 150ന് അടുത്തെത്തിച്ചു

അശ്വിനെ കൂട്ടുപിടിച്ച് റിഷഭ് പന്ത് നടത്തിയ പ്രത്യാക്രമണമാണ് ഇന്ത്യൻ ലീഡ് 300 കടക്കാൻ സഹായിച്ചത്. 17 പന്തിൽ 14 റൺസെടുത്ത അശ്വിൻ പുറത്തായതിന് പിന്നാലെ തകർപ്പനടികളുമായി റിഷഭ് പന്ത് ദക്ഷിണാഫ്രിക്കയെ വലച്ചെങ്കിലും 34 റൺസിൽ പുറത്തായി. പിച്ചിൽ കുത്തി ഉയർന്ന ലുങ്കി എൻഡിഗിയുടെ പന്തിൽ റബാദക്ക് ക്യാച്ച്. പിന്നീടെല്ലാം ചടങ്ങുകളായിരുന്നു. മാർക്കോ ജാൻസണെ ബൗണ്ടറി കടത്തി ബുമ്ര(7*) ഇന്ത്യൻ ലീഡ് 300 കടത്തിയതിന് പിന്നാലെ സിറാജിനെ വീഴ്‌ത്തി ഡെൻസൻ തന്നെ ഇന്ത്യൻ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ദക്ഷിണാഫ്രിക്കക്കായി റബാദയും മാർക്കൊ ജാൻസനും നാലു വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ലുങ്കി എൻഗിഡി രണ്ട് വിക്കറ്റെടുത്തു.

നേരത്തെ ദക്ഷിണാഫ്രിക്കയെ 197 റൺസിന് എറിഞ്ഞിട്ട ഇന്ത്യ 130 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് സ്വന്തമാക്കിയിരുന്നു. 16 ഓവറിൽ 44 റൺസിന് അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. ജസ്പ്രീത് ബുംറയും ഷാർദുൽ താക്കൂറും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി. 103 പന്തിൽ നിന്ന് 10 ബൗണ്ടറികളടക്കം 52 റൺസെടുത്ത ടെംബ ബവുമയാണ് പ്രോട്ടീസിന്റെ ടോപ് സ്‌കോറർ.