- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റ്: ഡീൻ എൽഗറുടെ പ്രതിരോധം തകർത്ത് ജസ്പ്രീത് ബുംറ; ലഞ്ചിന് പിരിയുമ്പോൾ ദക്ഷിണാഫ്രിക്ക ഏഴ് വിക്കറ്റിന് 182 റൺസ് എന്ന നിലയിൽ; വിജയത്തിന് അരികെ ഇന്ത്യ
സെഞ്ചൂറിയൻ: സെഞ്ചൂറിയൻ ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ ഇന്ത്യ ജയത്തിലേക്ക്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ പ്രോട്ടീസ് ഏഴ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് എന്ന നിലയിലാണ്. 78 പന്തിൽ 34 റൺസ് എടുത്ത ടെംബ ബാവുമയും അഞ്ച് റൺസുമായി മാർക്കോ യാൻസനുമാണ് ക്രീസിൽ.
പ്രോട്ടീസിന് ജയിക്കാൻ ഇനി 123 റൺസ് കൂടി നേടണം. ഇന്ത്യയ്ക്ക് മൂന്ന് വിക്കറ്റും. മത്സരം ആവേശകരമായ അന്ത്യത്തിലേക്ക് നീങ്ങുകയാണ്. രണ്ടാം സെഷൻ ഇരു ടീമുകൾക്കും നിർണായകമാകും.
നാല് വിക്കറ്റിന് 94 റൺസ് എന്ന നിലയിൽ അഞ്ചാം ദിനം ബാറ്റിങ് പുനരാരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് തലേ ദിവസത്തെ സ്‌കോറിനോട് 36 റൺസ് ചേർക്കുന്നതിനിടയിൽ അഞ്ചാം വിക്കറ്റ് നഷ്ടമായി. പ്രതിരോധിച്ച് കളിച്ച ഓപ്പണർ ഡീൻ എൽഗറെ ജസ്പ്രീത് ബുംറ വിക്കറ്റിന് മുന്നിൽ കുരുക്കി. 156 പന്തിൽ 77 റൺസായിരുന്നു എൽഗറുടെ സമ്പാദ്യം.
പിന്നാലെ 21 റൺസെടുത്ത ക്വിന്റൺ ഡികോക്കിനെ മുഹമ്മദ് സിറാജ് ബൗൾഡാക്കി. അടുത്തത് വിയാൻ മൾഡറുടെ ഊഴമായിരുന്നു. മൂന്നു പന്ത് നേരിട്ട് ഒരു റണ്ണെടുത്ത വിയാനെ മുഹമ്മദ് ഷമി, ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു.
സെഞ്ചൂറിയനിൽ നാലാം ദിനം ഇന്ത്യൻ പേസർമാർ കളംപിടിക്കുന്ന കാഴ്ചയാണ് കണ്ടത്. രണ്ടാം ഓവറിൽ തന്നെ ഏയ്ഡൻ മാർക്രമിന്റെ (1) കുറ്റി പിഴുത ഷമി വിക്കറ്റ് വേട്ട തുടങ്ങിവെച്ചു. പിന്നാലെ 36 പന്തുകൾ പ്രതിരോധിച്ച കീഗൻ പീറ്റേഴ്‌സനെ സിറാജ് മടക്കി.
മൂന്നാം വിക്കറ്റിൽ എൽഗറിനൊപ്പം ഇന്ത്യൻ ബൗളിങ്ങിനെ പ്രതിരോധിച്ച റാസ്സി വാൻഡെർ ദസ്സന്റെ ഊഴമായിരുന്നു അടുത്തത്. 65 പന്തിൽ നിന്ന് 11 റൺസെടുത്ത താരത്തെ ബുംറ മടക്കുകയായിരുന്നു. തുടർന്ന് കേശവ് മഹാരാജിനെയും (8) ബുംറ മടക്കിയതിനു പിന്നാലെ അമ്പയർമാർ നാലാം ദിവസത്തെ കളി നിർത്തി.
നേരത്തെ ഒന്നാം ഇന്നിങ്സിൽ 130 റൺസിന്റെ ലീഡ് നേടിയ ഇന്ത്യ രണ്ടാം ഇന്നിങ്സിൽ 174 റൺസിന് പുറത്താകുകയായിരുന്നു. ഇതോടെ ദക്ഷിണാഫ്രിക്കൻ വിജയലക്ഷ്യം 305 റൺസായി. നാലു വിക്കറ്റ് വീതം വീഴ്‌ത്തിയ കാഗിസോ റബാദയും മാർക്കോ യാൻസനുമാണ് രണ്ടാം ഇന്നിങ്സിൽ ഇന്ത്യയെ 174-ൽ ഒതുക്കിയത്. എൻഗിഡി രണ്ടു വിക്കറ്റ് വീഴ്‌ത്തി.
34 പന്തിൽ നിന്ന് 34 റൺസെടുത്ത ഋഷഭ് പന്താണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസെന്ന നിലയിൽ നാലാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നൈറ്റ് വാച്ച്മാനായി എത്തിയ ശാർദുൽ താക്കൂറിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. 26 പന്തിൽ പത്തു റൺസായിരുന്നു ശാർദുലിന്റെ സമ്പാദ്യം.
അധികം വൈകാതെ 74 പന്തിൽ 23 റൺസെടുത്ത കെ.എൽ രാഹുലിനെ ലുങ്കി എൻഗിഡി പുറത്താക്കി. സ്‌കോർ 79-ൽ എത്തിയപ്പോൾ 18 റൺസുമായി ക്യാപ്റ്റൻ വിരാട് കോലിയും മടങ്ങി. 64 പന്തുകൾ നേരിട്ട് 16 റൺസെടുത്ത ചേതേശ്വർ പൂജാരയേയും എൻഗിഡി പുറത്താക്കി. തൊട്ടുപിന്നാലെ 20 റൺസുമായി അജിങ്ക്യ രഹാനെയും മടങ്ങി. പിന്നാലെ ആർ. അശ്വിൻ (14), മുഹമ്മദ് ഷമി (1), സിറാജ് (9) എന്നിവരെ പെട്ടെന്ന് മടക്കിയ ദക്ഷിണാഫ്രിക്ക ഇന്ത്യൻ ഇന്നിങ്സ് അവസാനിപ്പിച്ചു. മായങ്ക് അഗർവാളിന്റെ വിക്കറ്റ് ഇന്ത്യക്ക് മൂന്നാം ദിനം തന്നെ നഷ്ടമായിരുന്നു. 14 പന്തിൽ നാല് റൺസായിരുന്നു മായങ്കിന്റെ സമ്പാദ്യം.
കെ.എൽ രാഹുലിന്റെ സെഞ്ചുറി കരുത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ 327 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്ക 197 റൺസിന് പുറത്തായി. അഞ്ചു വിക്കറ്റ് വീഴ്‌ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം ഇന്ത്യക്ക് കൂറ്റൻ ലീഡും സമ്മാനിച്ചു.
സ്പോർട്സ് ഡെസ്ക്