- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വാണ്ടറേഴ്സിൽ കൊടുങ്കാറ്റായി ഷർദ്ദുൽ ഠാക്കൂർ; 17.5 ഓവറിൽ 61 റൺസ് വഴങ്ങി ഏഴു വിക്കറ്റ്; എറിഞ്ഞിട്ടത് ഒരുപിടി റെക്കോർഡുകൾ; ദക്ഷിണാഫ്രിക്ക 229 റൺസിന് പുറത്ത്; 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്; ഇന്ത്യക്ക് തിരിച്ചടി; ഓപ്പണർമാർ പുറത്ത്
ജൊഹാനസ്ബർഗ്: രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ 27 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് തുടക്കത്തിലെ തിരിച്ചടി. സന്ദർശകർക്ക് ഓപ്പണർമാരുടെ വിക്കറ്റുകൾ നഷ്ടമായി.
നായകൻ കെ.എൽ.രാഹുലും മായങ്ക് അഗർവാളുമാണ് പുറത്തായത്. മാർക്കോ ജാൻസണിന്റെ പന്തിൽ എയ്ഡൻ മാർക്രത്തിന് ക്യാച്ച് നൽകിയാണ് രാഹുൽ മടങ്ങിയത്. വെറും എട്ട് റൺസാണ് ഇന്ത്യൻ നായകന്റെ സമ്പാദ്യം. 37 പന്തിൽ അഞ്ച് ബൗണ്ടറികൾ അടക്കം 23 റൺസ് എടുത്ത് നിൽക്കെ ഒലിവറിന്റെ പന്തിൽ അഗർവാൾ വിക്കറ്റിന് മുന്നിൽ കുരുങ്ങി. ആദ്യ ഇന്നിങ്സിൽ രാഹുൽ അർധസെഞ്ചുറി നേടിയിരുന്നു. ഇന്ത്യ നിലവിൽ രണ്ട് വിക്കറ്റിന് 47 റൺസ് എന്ന നിലയിലാണ്.
നേരത്തെ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിങ്സ് 229 റൺസിൽ അവസാനിച്ചിരുന്നു. അർധസെഞ്ചുറി നേടിയ യുവതാരം കീഗൻ പീറ്റേഴ്സണും തെംബ ബാവുമയുമാണ് ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പിടിച്ചുനിന്നത്. ഇന്ത്യയ്ക്ക് വേണ്ടി ശാർദുൽ ഠാക്കൂർ ഏഴുവിക്കറ്റ് വീഴ്ത്തി തകർപ്പൻ പ്രകടനം പുറത്തെടുത്തു. ശാർദുലിന്റെ കരിയറിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്.
ഒരു വിക്കറ്റ് നഷ്ടത്തിൽ 35 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് പീറ്റേഴ്സണും എൽഗറും നൽകിയത്. ഇരുവരും ചേർന്ന് 74 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി. മത്സരം ഇന്ത്യയിൽ നിന്ന് കൈവിട്ടുപോകുമെന്ന് തോന്നിച്ച സമയത്ത് ശാർദുൽ ഠാക്കൂർ ഈ കൂട്ടുകെട്ട് പൊളിച്ചു. നായകൻ ഡീൻ എൽഗറെ പുറത്താക്കി. 28 റൺസെടുത്ത എൽഗറെ ശാർദുൽ ഠാക്കൂർ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. എൽഗർ പുറത്തായതിനുപിന്നാലെ യുവതാരം കീഗൻ പീറ്റേഴ്സൺ അർധസെഞ്ചുറി നേടി. താരത്തിന്റെ ആദ്യ ടെസ്റ്റ് അർധശതകമാണിത്. എൽഗർക്ക് പകരം റാസി വാൻ ഡ്യൂസനാണ് ക്രീസിലെത്തിയത്.
പീറ്റേഴ്സൺ സ്കോർ ഉയർത്താൻ ശ്രമിച്ചെങ്കിലും അനാവശ്യ ഷോട്ടിന് ശ്രമിച്ച് താരം പുറത്തായി. 118 പന്തുകളിൽ നിന്ന് 62 റൺസെടുത്ത പീറ്റേഴ്സണെ ശാർദുൽ ഠാക്കൂറാണ് മടക്കിയത്. പീറ്റേഴ്സന്റെ ബാറ്റിലുരസിയ പന്ത് സ്ലിപ്പിൽ മായങ്ക് അഗർവാൾ കൈയിലൊതുക്കി. ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുൻപ് വാൻ ഡ്യൂസനെയും മടക്കി ശാർദുൽ കൊടുങ്കാറ്റായി. ഒരു റൺ മാത്രമെടുത്ത ഡ്യൂസനെ ശാർദുൽ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. ഉച്ചഭക്ഷണത്തിനുശേഷം ക്രീസിലൊന്നിച്ച തെംബ ബാവുമ-കൈൽ വെറെയ്ൻ സഖ്യം ദക്ഷിണാഫ്രിക്കയെ വലിയ തകർച്ചയിൽ നിന്ന് രക്ഷിച്ചു.
സൂക്ഷ്മതയോടെ കളിച്ച ഇരുവരും 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ ഈ കൂട്ടുകെട്ടും പൊളിച്ച് ശാർദുൽ ദക്ഷിണാഫ്രിക്കയുടെ പേടിസ്വപ്നമായി. വെറെയ്നിനെ മടക്കിയാണ് ശാർദുൽ ദക്ഷിണാഫ്രിക്കയുടെ അഞ്ചാം വിക്കറ്റെടുത്തത്. 21 റൺസെടുത്ത വെറെയ്നിനെ ശാർദുൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കി. വെറെയ്ൻ മടങ്ങിയതിന് പിന്നാലെ ബാവുമ അർധസെഞ്ചുറി നേടി. പക്ഷേ 60 പന്തുകളിൽ നിന്ന് 51 റൺസെടുത്ത ബാവുമയെ ശാർദുൽ ഋഷഭ് പന്തിന്റെ കൈയിലെത്തിച്ചു. തകർപ്പൻ ക്യാച്ചിലൂടെയാണ് പന്ത് ബാവുമയെ പുറത്താക്കിയത്. ഇതോടെ മത്സരത്തിൽ അഞ്ചുവിക്കറ്റ് നേട്ടം സ്വന്തമാക്കാനും ശാർദുലിന് കഴിഞ്ഞു. പിന്നാലെ വന്ന റബാദയെ അക്കൗണ്ട് തുറക്കുംമുൻപ് മുഹമ്മദ് ഷമി പുറത്താക്കി.
പിന്നീട് ക്രീസിലൊന്നിച്ച മാർക്കോ ജാൻസണും കേശവ് മഹാരാജും ചേർന്ന് ചെറുത്തുനിന്നതോടെ ദക്ഷിണാഫ്രിക്ക മത്സരത്തിൽ ലീഡെടുത്തു. ഇരുവരും 38 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. എന്നാൽ കേശവിനെ ക്ലീൻ ബൗൾഡാക്കി ബുംറ ഈ കൂട്ടുകെട്ട് തകർത്തു. 21 റൺസെടുത്ത് കേശവ് ഡ്രസ്സിങ് റൂമിലേക്ക് മടങ്ങി. പിന്നാലെ 21 റൺസെടുത്ത ജാൻസണെയും റൺസെടുക്കും മുൻപ് ലുങ്കി എൻഗിഡിയെയും മടക്കി ശാർദുൽ മത്സരത്തിൽ ഏഴുവിക്കറ്റെടുത്തു. 17.5 ഓവറിൽ 61 റൺസ് വഴങ്ങിയാണ് ശാർദുൽ ഏഴുവിക്കറ്റെടുത്തത്. ഷമി രണ്ട്വിക്കറ്റ് നേടിയപ്പോൾ ബുംറ ഒരു വിക്കറ്റ് വീഴ്ത്തി.
ഷർദ്ദുൽ ഠാക്കൂർ അപൂർവനേട്ടമാണ് സ്വന്തമാക്കിയത്. ജസ്പ്രീത് ബുമ്രയും മുഹമ്മദ് സിറാജും ആർ അശ്വിനുമെല്ലാം വിക്കറ്റെടുക്കുന്നതിൽ പരായജപ്പെട്ടിടത്ത് ദക്ഷിണാഫ്രിക്കയെ ഒറ്റക്ക് എറിഞ്ഞു വീഴ്ത്തിയ ഠാക്കൂർ ദക്ഷിണാഫ്രിക്കക്കെതിരെ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോർഡ് സ്വന്തം പേരിലാക്കി.
വാണ്ടറേഴ്സിൽ 61 റൺസ് വഴങ്ങിയാണ് ഠാക്കൂർ ഏഴ് വിക്കറ്റുകൾ എറിഞ്ഞിട്ടത്. 2015-2016ൽ ദക്ഷിണാഫ്രിക്കക്കെതിരെ നാഗ്പൂരിൽ 66 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ആർ അശ്വിന്റെ റെക്കോർഡാണ് ഠാക്കൂറിന്റെ പേസിനു മുന്നിൽ ഇന്ന് വഴി മാറിയത്. 2004-2005ൽ കൊൽക്കത്തയിൽ ഹർഭജൻ സിങ്(877), 20102011ൽ കേപ്ടൗണിൽ ഹർഭജൻ സിങ്(1207) എന്നിങ്ങനെയാണ് ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യൻ ബൗളറുടെ മികച്ച പ്രകടനങ്ങൾ.
ദക്ഷിണാഫ്രിക്കയിൽ ഒരു ഇന്ത്യൻ ബൗളറുടെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്ത ഠാക്കൂർ വാണ്ടറേഴ്സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനത്തിനുമൊപ്പമെത്തി. 2010-2011ൽ കേപ്ടൗണിൽ 120 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത ഹർഭജൻ സിംഗിന്റെ ബൗളിംഗായിരുന്നു ദക്ഷിണാഫ്രിക്കൻ മണ്ണിലെ ഒരു ഇന്ത്യൻ ബൗളറുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. അതാണിപ്പോൾ ഠാക്കൂർ വാണ്ടറേഴ്സിൽ തിരുത്തിയെഴുതിയത്.
1992-93ൽ ജൊഹാനസ്ബർഗിൽ അനിൽ കുംബ്ലെ(536), 20012002ൽ പോർട്ട് എലിസബത്തിൽ ജവഗൽ ശ്രീനാഥ്(766), 20132014 ഡർബനിൽ രവീന്ദ്ര ജഡേജ(1386) എന്നിവയാണ് ദക്ഷിണാഫ്രിക്കൻ മണ്ണിൽ ഇന്ത്യൻ ബൗളർമാരുടെ മികച്ച ബൗളിങ് പ്രകടനങ്ങൾ.
വാണ്ടറേഴ്സിൽ ഒരു ബൗളറുടെ ഏറ്റവും മികച്ച ബൗളിംഗെന്ന ഇംഗ്ലീഷ് താരം മാത്യു ഹൊഗാർഡിന്റെ റെക്കോർഡിനൊപ്പമെത്താനും ഇന്നത്തെ പ്രകടനത്തോടെ ഠാക്കൂറിനായി. 2004-2005ൽ ആണ് ഹൊഗാർഡ് 61 റൺസ് വഴങ്ങി ഏഴ് വിക്കറ്റെടുത്ത് വാണ്ടറേഴ്സിലെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം പുറത്തെടുത്തത്.
സ്പോർട്സ് ഡെസ്ക്