ജൊഹാനസ്ബർഗ്: വാണ്ടറേഴ്‌സ് ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ 240 റൺസിന്റെ മികച്ച വിജയലക്ഷ്യം ഉയർത്തിയ ഇന്ത്യ ജയപ്രതീക്ഷയിലാണ്. അതേ സമയം ജയത്തോടെ പരമ്പരയിൽ ഒപ്പമെത്താമെന്ന പ്രതീക്ഷയിലാണ് പ്രോട്ടീസ് നിര. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ച ആതിഥേയർ നിലവിൽ വിക്കറ്റ് നഷ്ടം കൂടാതെ 17 റൺസ് എന്ന നിലയിലാണ്.

രണ്ട് വിക്കറ്റിന് 85 എന്ന സ്‌കോറിൽ മൂന്നാം ദിവസം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ 2ാം ഇന്നിങ്‌സിൽ 266 റൺസിനു പുറത്തായി. ആദ്യ ഇന്നിങ്‌സിൽ ഇന്ത്യ 202 റൺസും, ദക്ഷിണാഫ്രിക്ക 229 റൺസും നേടിയിരുന്നു. മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയ കഗീസോ റബാദ, മാർക്കോ ജാൻസെൻ, ലുങ്കി എൻഗിഡി എന്നിവരാണു ദക്ഷിണാഫ്രിക്കയ്ക്കായി ബോളിങ്ങിൽ തിളങ്ങിയത്. ഡ്യുവാൻ ഒലിവിയർ ഒരു വിക്കറ്റ് വീഴ്‌ത്തി.

അർധ സെഞ്ചുറി നേടിയ ചേതേശ്വർ പൂജാര (53), അജിൻക്യ രഹാനെ (58) എന്നിവരും, ടീമിനു നിർണായക റൺ സംഭാവനകൾ നൽകിയ ഹനുമ വിഹാരി (40 നോട്ടൗട്ട്), ശാർദൂൽ ഠാക്കൂർ (24 പന്തിൽ 28) എന്നിവരുടെ ബാറ്റിങ് പ്രകടനവുമാണ് 2ാം ഇന്നിങ്‌സിൽ ഇന്ത്യയ്ക്കു കരുത്തായത്. 33 റൺസാണു രണ്ടാം ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്കൻ ബോളർമാർ ഇന്ത്യയ്ക്ക് എക്‌സ്ട്രാ റൺസായി നൽകിയത്.

രണ്ട വിക്കറ്റ് നഷ്ടത്തിൽ 44 എന്ന സ്‌കോറിൽ ഒത്തു ചേർന്ന പൂജാര രഹാനെ സഖ്യം 3ാം വിക്കറ്റിൽ 111 റൺസ് കൂട്ടുകെട്ടുയർത്തി ഇന്ത്യയ്ക്കു മത്സരത്തിൽ മേൽക്കൈ നൽകി. എന്നാൽ പിന്നീടു തുടർച്ചായായി നാല് വിക്കറ്റെടുത്തു ദക്ഷിണാഫ്രിക്കയും തിരിച്ചടിച്ചു.

86 പന്തിൽ 10 ഫോർ അടങ്ങുന്നതാണു പൂജാരയുടെ ഇന്നിങ്‌സ്. 78 പന്തിൽ 8 ഫോറും ഒരു സിക്‌സും അടങ്ങുന്നതാണു രഹാനെയുടെ ഇന്നിങ്‌സ്. മാർക്കോ ജാൻസെനെയാണു രഹാനെ സിക്‌സറിനു തൂക്കിയത്. ഫോമില്ലായ്മയുടെ പേരിൽ ഏറെ പഴി കേട്ടിരുന്ന പൂജാരയും രഹാനെയും ഏറ്റവും അനിവാര്യമായ സമയത്ത് റൺസ് കണ്ടെത്തിയത് ടീം മാനേജ്‌മെന്റിനും ആശ്വാസമായി.

ഏകദിന ശൈലിയിൽ ബാറ്റുവീശിയ സഖ്യം അതിവേഗം ഇന്ത്യൻ സ്‌കോർബോർഡിൽ റൺസ് എത്തിച്ചാണു ദക്ഷിണാഫ്രിക്കയുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. ആദ്യ ഇന്നിങ്‌സിൽ ദക്ഷിണാഫ്രിക്ക 27 റൺസിന്റെ ലീഡ് നേടിയിരുന്നു.

മൂന്നാം വിക്കറ്റിൽ പൂജാരയും രഹാനെയും ചേർന്ന് 111 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇരുവരും ടീം സ്‌കോർ 155-ൽ എത്തിച്ചു. എന്നാൽ അവിടെനിന്ന് ഇന്ത്യയുടെ പതനം തുടങ്ങി. 78 പന്തുകളിൽ നിന്ന് 58 റൺസെടുത്ത രഹാനെയെയാണ് ആദ്യം നഷ്ടമായത്. കഗിസോ റബാദയുടെ പന്തിൽ വിക്കറ്റ് കീപ്പർ വെറെയ്‌നിന് ക്യാച്ച് നൽകി രഹാനെ മടങ്ങി.

തൊട്ടുപിന്നാലെ പൂജാരയെ വിക്കറ്റിന് മുന്നിൽ കുടുക്കി റബാദ കൊടുങ്കാറ്റായി. 86 പന്തുകളിൽ നിന്ന് 53 റൺസെടുത്ത ശേഷമാണ് പൂജാര ക്രീസ് വിട്ടത്. പിന്നാലെ വന്ന ഋഷഭ് പന്ത് അലക്ഷ്യമായി വിക്കറ്റ് കളഞ്ഞ് ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിയിട്ടു. റബാദയുടെ പന്തിൽ ആക്രമിക്കാൻ ശ്രമിച്ച പന്തിന്റെ ബാറ്റിലുരസി ബോൾ വെറെയ്‌നിന്റെ കൈയിലെത്തി. റൺസെടുക്കാതെയാണ് പന്തിന്റെ മടക്കം.

പന്തിന് പകരമെത്തിയ അശ്വിൻ ആക്രമിച്ച് കളിക്കാൻ ആരംഭിച്ചെങ്കിലും 16 റൺസെടുത്ത താരത്തെ ലുങ്കി എൻഗിഡി വെറെയ്നിന്റെ കൈയിലെത്തിച്ചു. ഇതോടെ ഇന്ത്യ അപകടം മണത്തു. അശ്വിന് പകരമെത്തിയ ശാർദൂൽ ഠാക്കൂർ അടിച്ചുതകർക്കാൻ തുടങ്ങിയതോടെ ഇന്ത്യയുടെ ലീഡ് 200 കടന്നു. 24 പന്തുകളിൽ നിന്ന് 28 റൺസെടുത്ത ശാർദൂലിനെ മാർക്കോ ജാൻസൺ കേശവ് മഹാരാജിന്റെ കൈയിലെത്തിച്ചു.

പിന്നാലെ വന്ന ഷമി അക്കൗണ്ട് കുറക്കുംമുൻപ് ജാൻസണ് വിക്കറ്റ് സമ്മാനിച്ച് മടങ്ങി. ഒരറ്റത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഹനുമ വിഹാരി മറുവശത്ത് പിടിച്ചുനിന്നു. ഷമിയുടെ പകരക്കാരനായി വന്ന ബുംറ വെറും ഏഴ് റൺസ് മാത്രമെടുത്ത് എൻഗിഡിക്ക് വിക്കറ്റ് നൽകി ഡ്രസ്സിങ് റൂമിലേക്ക് നടന്നു.

അവസാന വിക്കറ്റിൽ മുഹമ്മദ് സിറാജിന് സ്ട്രൈക്ക് മാറാതെ പരമാവധി റൺസ് നേടാനാണ് വിഹാരി ശ്രമിച്ചത്. ഓവറിലെ ആദ്യ അഞ്ചുപന്തും നേരിട്ട് അവസാന പന്തിൽ സിംഗിളെടുത്ത് വിഹാരി കളി മുന്നോട്ട് കൊണ്ടുപോയി. ഒടുവിൽ വിഹാരിയുടെ പ്രതിരോധത്തിന് വിള്ളൽ വന്നു. സിറാജിന് സ്ട്രൈക്ക് കിട്ടിയ രണ്ടാം പന്തിൽ തന്നെ താരത്തിന്റെ കുറ്റി തെറിപ്പിച്ച് എൻഗിഡി ഇന്ത്യൻ ഇന്നിങ്സിന് തിരശ്ശീലയിട്ടു. 84 പന്തുകളിൽ നിന്ന് 40 റൺസെടുത്ത് വിഹാരി പുറത്താവാതെ നിന്നു.