ജൊഹാനസ്ബർഗ്: ഇന്ത്യയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനം കളിയവസാനിക്കുമ്പോൾ വിജയ പ്രതീക്ഷയിൽ ദക്ഷിണാഫ്രിക്ക. ഇന്ത്യ ഉയർത്തിയ 240 റൺസ് വിജയലക്ഷ്യം പിന്തുടരുന്ന പ്രോട്ടീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 118 റൺസ് എന്ന നിലയിലാണ്. രണ്ട് ദിവസം ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 122 റൺസ് കൂടി നേടിയാൽ മത്സരം സ്വന്തമാക്കാം. എട്ടുവിക്കറ്റുകൾ വീഴ്‌ത്തിയാൽ മാത്രമേ ഇന്ത്യയ്ക്ക് പ്രതീക്ഷയുള്ളൂ. 46 റൺസുമായി നായകൻ ഡീൽ എൽഗറും 11 റൺസുമായി റാസ്സി വാൻ ഡെർ ഡ്യൂസ്സനുമാണ് ക്രീസിൽ.

31 റൺസെടുത്ത എയ്ഡൻ മർക്രാമും കീഗൻ പീറ്റേഴ്സണും(28) ആണ് പുറത്തായത്. മർക്രാമിനെ ശർദ്ദുൽ താക്കൂറും കീഗൻ പീറ്റേഴ്സണെ അശ്വിനും വീഴ്‌ത്തി. നാളെ ഒന്നാം സെഷനിൽ മുൻനിരക്കാരെ വീഴ്‌ത്തിയാൽ മാത്രമേ ഇന്ത്യക്ക് വിജയം പ്രതീക്ഷിക്കാനാകൂ.

240 റൺസ് വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങ് ആരംഭിച്ച ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി മികച്ച തുടക്കമാണ് ഓപ്പണർമാരായ ഡീൻ എൽഗറും എയ്ഡൻ മാർക്രവും ചേർന്ന് നൽകിയത്. മാർക്രമായിരുന്നു കൂടുതൽ അപകടകാരി. ഏകദിന ശൈലിയിൽ ബാറ്റുവീശിയ താരം 38 പന്തിൽ 31 റൺസെടുത്ത് പുറത്തായി. മാർക്രത്തെ ശാർദൂൽ ഠാക്കൂർ വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആദ്യ വിക്കറ്റിൽ 47 റൺസ് കൂട്ടിച്ചേർത്താണ് മാർക്രം മടങ്ങിയത്.

മാർക്രത്തിന് പകരം ക്രീസിലെത്തിയ കീഗൻ പീറ്റേഴ്സണും നന്നായി ബാറ്റുചെയ്തതോടെ ഇന്ത്യ വിറച്ചു. എൽഗറും പീറ്റേഴ്സണും ചേർന്ന് അനായാസം ഇന്ത്യൻ പേസർമാരെ നേരിട്ടു. രണ്ടാം വിക്കറ്റിൽ ഇരുവരും 46 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തി.

പേസർമാർക്ക് പകരം അശ്വിനെ ഉപയോഗിച്ച് സ്പിൻ പ്രയോഗിക്കാൻ നായകൻ രാഹുൽ തീരുമാനിച്ചു. നായകന്റെ തീരുമാനം ശരിവെച്ചുകൊണ്ട് അശ്വിൻ ഈ കൂട്ടുകെട്ട് പൊളിച്ചു. 28 റൺസെടുത്ത പീറ്റേഴ്സണെ അശ്വിൻ വിക്കറ്റിന് മുന്നിൽ കുടുക്കി. ഇതോടെ ദക്ഷിണാഫ്രിക്ക പതറി. പക്ഷേ പീറ്റേഴ്സണ് പകരം ക്രീസിലെത്തിയ റാസി വാൻ ഡ്യൂസനെ കൂട്ടുപിടിച്ച് എൽഗർ ടീം സ്‌കോർ 100 കടത്തി. വിക്കറ്റ് വീഴാതെ ടീമിനെ കാക്കാൻ ഇരുതാരങ്ങൾക്കും കഴിഞ്ഞു.

രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 266 റൺസിന് ഓൾഔട്ടായി. 239 റൺസിന്റെ ലീഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അർധസെഞ്ചുറി നേടിയ ചേതേശ്വർ പൂജാരയും അജിങ്ക്യ രഹാനെയും 40 റൺസെടുത്ത് പുറത്താവാതെ നിന്ന ഹനുമ വിഹാരിയുമാണ് ഇന്ത്യയ്ക്ക് ഭേദപ്പെട്ട സ്‌കോർ സമ്മാനിച്ചത്.

85ന് രണ്ട് എന്ന നിലയിൽ മൂന്നാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യ ലഞ്ചിന് ശേഷം 266 റൺസിന് ഓൾ ഔട്ടായി. 58 റൺസെടുത്ത അജിങ്ക്യ രഹാനെ ആണ് ഇന്ത്യയുടെ ടോപ് സ്‌കോറർ. ചേതേശ്വർ പൂജാര 53 റൺസെടുത്തപ്പോൾ 40 റൺസെടുത്ത ഹനുമാ വിഹാരി പുറത്താകാതെ നിന്നു.

മൂന്നാം ദിനം, തുടക്കത്തിൽ അജിങ്ക്യാ രഹാനെയും ചേതേശ്വർ പൂജാരെയും തകർപ്പൻ പ്രകടനം പുറത്തെടുത്തതോടെ ഇന്ത്യ മിച്ച സ്‌കോറിലേക്ക് നീങ്ങുമെന്ന് തോന്നിച്ചു. മൂന്നാം വിക്കറ്റിൽ 111 റൺസിന്റെ കൂട്ടുകെട്ടുയർത്തി ഇരുവരും ഇന്ത്യയെ ഭേദപ്പെട്ട ലീഡിലേക്ക് നയിക്കവെ ലഞ്ചിന് മുമ്പ് ഇന്ത്യക്ക് രഹാനെയെ നഷ്ടമായി.

അർധസെഞ്ച്വറിയുമായി തിളങ്ങിയ രഹാനെയെ മടക്കിയ കാഗിസോ റബാഡ ഇന്ത്യയുടെ രണ്ടാം തകർച്ചയ്ക്ക് തുടക്കമിട്ടു. തിവിൽ നിന്ന് വ്യത്യസ്തമായി ഏകദിന ശൈലിയിൽ ബാറ്റുവീശിയ പൂജാര അതിവേഗം അർധസെഞ്ച്വറിയിലെത്തി. എന്നാൽ അർധസെഞ്ച്വറി തികച്ചതിന് പിന്നാലെ പ്രതിരോധത്തിലേക്ക് വലിഞ്ഞ പൂജാരയെ റബാഡ വിക്കറ്റിന് മുന്നിൽ കുടുക്കി. 53 റൺസായിരുന്നു പൂജാരയുടെ സംഭാവന.

പൂജാരയും രെഹാനെയും മടങ്ങിയതിന് പിന്നാലെ ക്രീസിലെത്തിയ റിഷഭ് പന്ത് നേരിട്ട മൂന്നാം പന്തിൽ തന്നെ കൂറ്റനടിച്ച് ശ്രമിച്ച് പുറത്തായത് നിരാശയായി. ഇതോടെ 163-2 എന്ന സ്‌കോറിൽ നിന്ന് 167-5ലേക്ക് കൂപ്പുകുത്തി കൂട്ടത്തകർച്ചയിലായി. പിന്നീട് അശ്വിനെയും (16) ശർദ്ദുൽ ഠാക്കൂറിനെയും (28) ജസ്പ്രീത് ബുമ്രയെയും (7) കൂട്ടുപിടിച്ച് വിഹാരി നടത്തിയ ചെറുത്തുനിൽപ് 266 റൺസിലെത്തിച്ചു. അവസാന വിക്കറ്റിൽ സിറാജിനെ ഒരറ്റത്ത് നിർത്തി വിഹാരി 21 റൺസടിച്ചത് നിർണായകമായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി കഗിസോ റബാദ, ലുങ്കി എൻഗിഡി, മാർക്കോ ജാൻസൺ എന്നിവർ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തിയപ്പോൾ ഡ്യൂവാൻ ഒലിവിയർ ശേഷിച്ച വിക്കറ്റ് സ്വന്തമാക്കി.