- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ആറുഫോറും നാലു സിക്സും; 139 പന്തിൽ ഏകദിന ശൈലയിൽ സെഞ്ചുറിയുമായി ഋഷഭ് പന്ത്; ഇന്ത്യ രണ്ടാം ഇന്നിങ്ങ്സിൽ 198 റൺസിന് പുറത്ത്; രണ്ട് ദിനം ശേഷിക്കെ ദക്ഷിണാഫ്രിക്കയ്ക്ക് 212 റൺസ് വിജയലക്ഷ്യം
കേപ്ടൗൺ: ഇന്ത്യ- ദക്ഷിണാഫ്രിക്കയ്ക്ക മൂന്നാം ടെസ്റ്റിൽ ആതിഥേയർക്ക് 212 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിൽ ഇന്ത്യ 198 റൺസിന് പുറത്ത്. ആദ്യ ഇന്നിങ്സിലെ 13 റൺസിന്റെ ലീഡ് കൂടി കൂട്ടിച്ചേർത്താണ് ഇന്ത്യ 212 റൺസ് വിജയലക്ഷ്യം ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽവെച്ചത്. ഇന്ത്യയുടേ പേരുകേട്ട ബാറ്റിങ് നിര വീണ്ടും പരാജയപ്പെട്ടപ്പോൾ സെഞ്ചുറിയുമായി പുറത്താകാതെ നിന്ന ഋഷഭ് പന്താണ് ഇന്ത്യയെ മാന്യമായ നിലയിലെത്തിച്ചത്. ഈ ഇന്നിങ്ങ്സോടെ വിമർശകരുടെ വായടപ്പിക്കാനും പന്തിന് സാധിച്ചു.
139 പന്തിൽ ആറു ഫോറും നാല് സിക്സും സഹിതം 100 റൺസോടെ ഋഷഭ് പുറത്താകാതെ നിന്നു. മൂന്നാം ദിനം ഇന്ത്യയുടെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. രണ്ടാം ദിനത്തിലെ സ്കോറിനോട് ഒരു റൺ പോലും കൂട്ടിച്ചേർക്കുന്നതിന് മുമ്പ് ചേതേശ്വർ പൂജാര പുറത്തായി. 33 പന്തിൽ ഒമ്പത് റൺസെടുത്ത താരത്തെ മാർക്കോ ജാൻസെൻ കീഗൻ പീറ്റേഴ്സൺന്റെ കൈയിലെത്തിച്ചു.
തൊട്ടടുത്ത ഓവറിൽ അജിങ്ക്യ രഹാനേയും ക്രീസ് വിട്ടു. ഒമ്പത് പന്തിൽ ഒരു റണ്ണെടുത്ത രഹാനേയെ റബാദ പുറത്താക്കി. ഇതോടെ ഇന്ത്യ നാല് വിക്കറ്റിന് 58 റൺസ് എന്ന നിലയിലായി. പിന്നീട് അഞ്ചാം വിക്കറ്റിൽ വിരാട് കോലിയും ഋഷഭ് പന്തും ഒത്തുചേർന്നു. ഇരുവരും ചേർന്ന് 94 റൺസ് കൂട്ടുകെട്ടുണ്ടാക്കി. പ്രതിരോധിച്ചു കളിച്ച കോലി 143 പന്തിൽ 29 റൺസാണ് അടിച്ചെടുത്തത്. കോലിയെ പുറത്താക്കി ലുങ്കി എൻഗിഡി ഈ കൂട്ടുകെട്ട് പൊളിച്ചു.
ഒരറ്റത്ത് ഋഷഭ് പന്ത് നിലയുറപ്പിച്ചെങ്കിലും പിന്നീട് വന്നവരെല്ലാം പെട്ടെന്ന് ക്രീസ് വിട്ടു. അശ്വിൻ ഏഴു റൺസെടുത്തും ശാർദ്ദുൽ താക്കൂർ അഞ്ചു റൺസിനും പുറത്തായി. ഉമേഷ് യാദവിനും മുഹമ്മദ് ഷമിക്കും അക്കൗണ്ട് തുറക്കാനായില്ല. ജസ്പ്രീത് ബുംറ രണ്ട് റൺസെടുത്തു. 10 റൺസെടുത്ത കെഎൽ രാഹുലും ഏഴു റൺസെടുത്ത മായങ്ക് അഗർവാളും രണ്ടാം ദിനം പുറത്തായിരുന്നു.
ദക്ഷിണാഫ്രിക്കയ്ക്കായി മാർക്കോ ജാൻസെൻ നാല് വിക്കറ്റ് വീഴ്ത്തി. ലുങ്കി എൻഗിഡിയും കാഗിസോ റബാദയും മൂന്നു വിക്കറ്റ് വീതം നേടി.
ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ 210 റൺസിന് പുറത്താക്കി ഇന്ത്യ 13 റൺസിന്റെ നേരിയ ലീഡ് സ്വന്തമാക്കിയിരുന്നു. 42 റൺസിന് അഞ്ചു വിക്കറ്റെടുത്ത ജസ്പ്രീത് ബുംറയാണ് ആതിഥേയരെ 210 റൺസിൽ ഒതുക്കിയത്. എന്നാൽ, ചായയ്ക്കുമുമ്പ് മൂന്നു പന്തുകൾക്കിടെ രണ്ടു പ്രധാന ബാറ്റർമാരെ പുറത്താക്കിയ ഷമിയാണ് കളി തിരിച്ചത്. ഷമിയും ഉമേഷ് യാദവും രണ്ടുവിക്കറ്റ് വീതം നേടിയപ്പോൾ ഒരു വിക്കറ്റ് ശാർദ്ദുൽ താക്കൂറിന്. ദക്ഷിണാഫ്രിക്കൻ നിരയിൽ 72 റൺസുമായി കീഗൻ പീറ്റേഴ്സൻ തിളങ്ങി. കേശവ് മഹാരാജ് (25), റാസി വാൻഡർ ഡ്യൂസൻ (21), തെംബ ബാവുമ (28) എന്നിവരും ചെറുത്തുനിന്നു.
ആദ്യ ഇന്നിങ്സിൽ 79 റൺസെടുത്ത കോലിയുടേയും 43 റൺസ് അടിച്ച പൂജാരയുടേയും മികവിൽ ഇന്ത്യ 223 റൺസാണ് നേടിയത്.
സ്പോർട്സ് ഡെസ്ക്