- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇന്ത്യ-ശ്രീലങ്ക പരമ്പര തുത്തുവാരാൻ ഇന്ത്യ; ജീവന്മരണ പോരാട്ടത്തിന് ശ്രീലങ്കയും; ഏകദിന പരമ്പരയിലെ അവസാന മത്സരം നാളെ; സഞ്ജു സാംസൺ അരങ്ങേറിയേക്കും
കൊളംബോ: ഇന്ത്യ-ശ്രീലങ്ക ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരം നാളെ നടക്കും. മൂന്നുമത്സരവും ജയിച്ച് പരമ്പര തുത്തുവാരാനാണ് ശിഖർ ധവാന്റെ നേതൃത്വത്തിലുള്ള സംഘം ഇറങ്ങുന്നത്. എന്നാൽ ശ്രീലങ്കയ്ക്കാവട്ടെ ഒരു മത്സരമെങ്കിലും ജയിച്ച് മാനം കാക്കാനുള്ള അവസരവും. വൈകീട്ട് 3 മണി മുതലാണ് മത്സരം.
ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിനും രണ്ടാം മത്സരത്തിൽ മൂന്ന് വിക്കറ്റിനുമാണ് ഇന്ത്യയുടെ ജയം. നിരവധി യുവതാരങ്ങൾ ഇന്ത്യൻ ടീമിൽ അവസരം കാത്തിരിക്കുന്നതിനാൽ മൂന്നാം മത്സരത്തിൽ ഇന്ത്യൻ നിരയിൽ മാറ്റങ്ങളുണ്ടായേക്കുമെന്നാണ് സൂചന. ഓപ്പണിങ്ങിൽ പൃഥ്വി ഷാക്ക് പകരം ദേവ്ദത്ത് പടിക്കലിന് അവസരം ലഭിച്ചേക്കും. ആദ്യ രണ്ട് ഏകദിനത്തിലും നിരാശപ്പെടുത്തുന്ന ബാറ്റിങ്ങാണ് സീനിയർ താരം മനീഷ് പാണ്ഡെ നടത്തിയത്.
സീനിയർ താരമാണെങ്കിലും അവസരത്തിനൊത്ത് ഉയരുന്നതിൽ അദ്ദേഹം പരാജയപ്പെട്ടു. അതിനാൽത്തന്നെ പകരക്കാരനായി സഞ്ജു സാംസൺ നാലാം നമ്പറിലേക്കെത്തുമാണ് സൂചന. ടി20യിൽ നേരത്തെ തന്നെ ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ചെങ്കിലും ഏകദിന അരങ്ങേറ്റം നടത്താൻ സഞ്ജുവിനായിട്ടില്ല. ആദ്യ മത്സരത്തിന് മുൻപ് പരിക്കേറ്റിരുന്നെങ്കിലും പിന്നീട് കായിക ക്ഷമത വീണ്ടെടുക്കാൻ അദ്ദേഹത്തിനായിരുന്നു.
പേസ് ബൗളിങ് നിരയിൽ മാറ്റം ഉണ്ടായേക്കില്ലെന്നാണ് സൂചന. അതേ സമയം സ്പിൻ നിരയിൽ ഒരു മാറ്റത്തിന് സാധ്യതയുണ്ട്. കുൽദീപ് യാദവിന് വിശ്രമം നൽകി രാഹുൽ ചഹാറിനെ ഇന്ത്യ പരിഗണിച്ചേക്കും. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിനൊപ്പം മികച്ച പ്രകടനം നടത്താൻ രാഹുലിന് സാധിച്ചിട്ടുണ്ട്. അതേ സമയം വരുൺ ചക്രവർത്തിക്ക് ടി20യിൽ അവസരം ലഭിക്കാനാണ് സാധ്യത.
സ്പോർട്സ് ഡെസ്ക്