കൊളംബോ: മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് കീഴടക്കി ട്വന്റി-20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. ഇന്ത്യൻ ബാറ്റിങ് നിരയെ സ്പിൻ കെണിയിൽ കറക്കി വീഴത്തിയ ലങ്ക 82 റൺസ് വിജയലക്ഷ്യം അനായാസം മറികടന്നു.

നിർണായക മൂന്നാം മത്സരത്തിൽ ഹസരങ്കയുടെ സ്പിന്നിന് മുന്നിൽ തകർന്നടിഞ്ഞ ഇന്ത്യ 20 ഓവറിൽ 81 റൺസ് മാത്രമെടുത്തപ്പോൾ 14.3 ഓവറിൽ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ലങ്ക ലക്ഷ്യത്തിലെത്തി. ഇതോടെ മൂന്ന് മത്സര പരമ്പര ശ്രീലങ്ക 2-1ന് സ്വന്തമാക്കി. സ്‌കോർ: ഇന്ത്യ 20 ഓവറിൽ 81-9, ശ്രീലങ്ക 14.3 ഓവറിൽ 82-3.

പുറത്താകാതെ 21 പന്തിൽ 23 റൺസ് നേടിയ ധനഞ്ജയ ഡി സിൽവയാണ് ശ്രീലങ്കൻ നിരയിലെ ടോപ്പ്് സ്‌കോറർ. നാല് വിക്കറ്റ് നേട്ടത്തിന് പുറമെ ഒമ്പത് പന്തിൽ 14 റണ്ണെടുത്ത ഹസറങ്കയാണ് ലങ്കയുടെ വിജയശിൽപി.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് വേഗത്തിൽ വിക്കറ്റുകൾ നഷ്്ടപ്പെട്ടു. 23 റൺസുമായി പുറത്താകാതെ നിന്ന കുൽദീപ് യാദവായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറർ. കുൽദീപിനെ കൂടാതെ റുതുരാജ് ഗെയ്ക്കവാദും ഭുവനേശ്വർ കുമാറും മാത്രമാണ് രണ്ടക്കം കണ്ടത്. മലയാളി താരം ദേവ്ദത്ത് പടിക്കൽ ഒമ്പത് റൺസെടുത്തപ്പോൾ സഞ്ജു സാംസൺ പൂജ്യത്തിന് പുറത്തായി. ശ്രീലങ്കയ്ക്കായി വനിന്ദു ഹസരംഗ നാല് ഓവറിൽ ഒമ്പത് റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് വീഴ്‌ത്തി. 20 റൺസിന് രണ്ട് വിക്കറ്റെടുത്ത ക്യാപ്റ്റൻ ദസുൻ ഷനകയും ലങ്കക്കായി തിളങ്ങി.

ഇന്ത്യ ഉയർത്തിയ ചെറിയ വിജയലക്ഷ്യത്തിലേക്ക് സാവാധനമാണ് ശ്രീലങ്ക തുടങ്ങിയത്.ഓപ്പണിങ് വിക്കറ്റിൽ അവിഷ്‌ക ഫെർണാണ്ടോയും(12) മിനോദ് ബാനുകയും(18) ചേർന്ന് 23 റൺസടിച്ചു. ഫെർണാണ്ടോയെയും സമരവിക്രമയെയും(6) മടക്കി രാഹുൽ ചാഹർ ഇരട്ട പ്രഹരമേൽപ്പിച്ചെങ്കിലും ധനഞ്ജയ ഡിസിൽവയും(23 നോട്ടൗട്ട്) വാനിദു ഹസരങ്കയും(14) ചേർന്ന് ലങ്കയെ അനായാസം ലക്ഷ്യത്തിലെത്തിച്ചു. ഇന്ത്യക്കായി രാഹുൽ ചാഹർ നാലോവറിൽ 15 റൺസിന് മൂന്ന് വിക്കറ്റെടുത്തു.

ടോസ് നേടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യയെ ശ്രീലങ്ക ആദ്യ ഓവറിൽ തന്നെ ഞെട്ടിച്ചു. ക്യാപ്റ്റൻ ശിഖർ ധവാനെ(0) നേരിട്ട ആദ്യ പന്തിൽ മടക്കി ചമീരയാണ് ലങ്കക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചത്. ദേവദ്ത്ത് പടിക്കലും റിതുരാജ് ഗെയ്ക്വാദും ചേർന്ന് ഇന്ത്യയെ 23ൽ എത്തിച്ചെങ്കിലും പടിക്കലിനെ(9) മടക്കി മെൻഡിസ് ഇന്ത്യയെ തകർച്ചയിലേക്ക് തള്ളിവിട്ടു.

സഞ്ജു സാംസണ് മൂന്ന് പന്തുകളുടെ ആയുസേ ക്രീസിലുണ്ടായിരുന്നുള്ളു. മൂന്ന് പന്ത് നേരിട്ട സഞ്ജു ഹസരങ്കയുടെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങി പൂജ്യനായി മടങ്ങി. സഞ്ജുവിന് പിന്നാലെ ഗെയ്ക്വാദിനെയും ഹസരങ്ക വിക്കറ്റിന് മുന്നിൽ കുടുക്കിയതോടെ ഇന്ത്യ 25-4ലേക്ക് കൂപ്പുകുത്തി.

പിന്നാലെ വന്ന നിതീഷ് റാണ(6)യും കാര്യമായൊന്നും ചെയ്യാതെ മടങ്ങിയപ്പോൾ ഭുവനേശ്വർ കുമാറും(16) കുൽദീപ് യാദവു്(23 നോട്ടൗട്ട്) ചേർന്നാണ് ഇന്ത്യയെ 50 കടത്തിയത്. ഭുവി പുറത്തായശേഷം രാഹുൽ ചാഹർ(5), വരുൺ ചക്രവർത്തി(0) എന്നിവരും കാര്യമായൊന്നും ചെയ്താതെ കീഴടങ്ങിയതോടെ ഇന്ത്യൻ സ്‌കോർ 81ൽ ഒതുങ്ങി.

രണ്ടാം ടി20 മത്സരത്തിൽ കളിച്ച നവദീപ് സെയ്‌നിക്ക് പരിക്കേറ്റതിനാൽ പകരക്കാരാനായി മലയാളി താരവും പേസറുമായ സന്ദീപ് വാര്യരാണ് ഇന്ത്യയുടെ അന്തിമ ഇലവനിലെത്തിയത്. ഇതോടെ സഞ്ജു സാംസണും ദേവ്ദത്ത് പടിക്കലിനുമൊപ്പം സന്ദീപ് കൂടി എത്തിയതോടെ ഇതാദ്യമായി മൂന്ന് മലയാളി താരങ്ങൾ ഇന്ത്യയുടെ പ്ലേയിങ് ഇലവനിൽ കളിച്ചു.

സെയ്‌നിക്ക് പകരം സ്പിന്നർ സായ് കിഷോറിനെ കളിപ്പിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നതെങ്കിലും അപ്രതീക്ഷിതമായി സന്ദീപ് വാര്യർക്ക് നറുക്ക് വീഴുകയായിരുന്നു. ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ് സന്ദീപ് വാര്യർ.

ക്രുണാൽ പാണ്ഡ്യക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ഇന്ത്യൻ ടീമിൽ വൻ അഴിച്ചുപണി നടത്തിയിരുന്നു. എട്ടു താരങ്ങൾ ഐസൊലഷേനിൽ പോയതിനെ തുടർന്നാണ് ഇത്. രണ്ടാം ട്വന്റി-20യിൽ അഞ്ച് ബാറ്റ്‌സ്മാന്മാരും ആറു ബൗളർമാരുമായാണ് ഇന്ത്യ കളിച്ചത്.