- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂന്നാം ട്വന്റി 20യിലും കിവീസിനെ തറപറ്റിച്ച് ഇന്ത്യ; ന്യൂസിലൻഡ് 111 റൺസിന് ഓൾ ഔട്ട്; 73 റൺസിന്റെ ആധികാരിക ജയത്തോടെ പരമ്പര തൂത്തുവാരി; പരിശീലകൻ ദ്രാവിഡിനും നായകൻ രോഹിത്തിനും മികച്ച 'അരങ്ങേറ്റം'
കൊൽക്കത്ത: മൂന്നാം ട്വന്റി 20 ക്രിക്കറ്റ് മത്സരത്തിൽ ന്യൂസിലൻഡിനെ 73 റൺസിന് കീഴടക്കിയ ഇന്ത്യ പരമ്പര തൂത്തുവരാരി. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ നടന്ന അവസാന മത്സരത്തിൽ 73 റൺസിന്റെ ആധികാരിക ജയമാണ് രോഹിത് ശർമയും സംഘവും സ്വന്തമാക്കിയത്.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ 185 റൺസ് വിജയലക്ഷ്യമാണ് ഉയർത്തിയത്. മറുപടി ബാറ്റിംഗിൽ കിവീസ് 17.2 ഓവറിൽ 111ന് എല്ലാവരും പുറത്തായി. മൂന്ന് വിക്കറ്റ് നേടിയ അക്ഷർ പട്ടേലാണ് ന്യൂസിലൻഡിനെ തകർത്തത്. ഹർഷൽ പട്ടേലിന് രണ്ട്് വിക്കറ്റുണ്ട്. 51 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ മാത്രമാണ് കിവീസ് നിരയിൽ തിളങ്ങിയത്.
ഇന്ത്യയുടെ ട്വന്റി 20 ടീം നായകനായി സ്ഥാനമേറ്റ രോഹിത്തിനും പരിശീലകനായി തുടങ്ങിയ ദ്രാവിഡിനും ഏറെ അഭിമാനിക്കാവുന്ന നേട്ടമാണിത്. ട്വന്റി 20 ലോകകപ്പ് ഫൈനലിസ്റ്റുകളായ ന്യൂസീലൻഡിനെ നിലം തൊടാൻ അനുവദിക്കാതെയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്.
185 റൺസ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച ന്യൂസീലൻഡിനുവേണ്ടി മാർട്ടിൻ ഗപ്റ്റിലും ഡാരിൽ മിച്ചലുമാണ് ഓപ്പൺ ചെയ്തത്. മിച്ചൽ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടിയപ്പോൾ മറുവശത്ത് ഗപ്റ്റിൽ അടിച്ചുതകർത്തു. ദീപക് ചാഹറെറിഞ്ഞ രണ്ടാം ഓവറിൽ 16 റൺസാണ് കിവസ് അടിച്ചെടുത്തത്. അവസാന പന്തിൽ അപകടകാരിയായ ഗപ്റ്റിലിന്റെ ക്യാച്ച് ചാഹർ നഷ്ടപ്പെടുത്തി.
എന്നാൽ തൊട്ടടുത്ത ഓവറിൽ ഇന്ത്യ തിരിച്ചടിച്ചു. അക്ഷർ പട്ടേൽ ചെയ്ത മൂന്നാം ഓവറിൽ അനാവശ്യ ഷോട്ടിന് ശ്രമിച്ച ഡാരിൽ മിച്ചൽ ഹർഷൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി. വെറും അഞ്ച് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ ക്രീസിലെത്തിയ മാർക്ക് ചാപ്മാനെ റൺസെടുക്കും മുൻപ് അക്ഷർ പുറത്താക്കി. അക്ഷറിന്റെ പന്തിൽ കയറിയടിക്കാൻ ശ്രമിച്ച ചാപ്മാനെ ഋഷഭ് പന്ത് സ്റ്റംപ് ചെയ്ത് പുറത്താക്കി. ഇതോടെ ന്യൂസീലൻഡ് സമ്മർദ്ദത്തിലായി.
ചാപ്മാന് പകരം ഗ്ലെൻ ഫിലിപ്സ് ക്രീസിലെത്തി. എന്നാൽ ഫിലിപ്സിനെ ക്ലീൻ ബൗൾഡാക്കി അക്ഷർ വീണ്ടും കിവീസിനെ തകർത്തു. സ്വീപ് ഷോട്ടിന് ശ്രമിച്ച ഫിലിപ്സിന്റെ കണക്കുകൂട്ടൽ തെറ്റി. പന്ത് വിക്കറ്റ് പിഴുതു. റൺസെടുക്കാതെയാണ് താരം ക്രീസ് വിട്ടത്. ഇതോടെ കിവീസ് 30 റൺസിന് മൂന്ന് വിക്കറ്റ് എന്ന സ്‌കോറിലേക്ക് വീണു.
ഫിലിപ്സിന് പകരം സീഫേർട്ടാണ് ക്രീസിലെത്തിയത്. സീഫേർട്ടിനെ കാഴ്ചക്കാരനാക്കി ഗപ്റ്റിൽ അടിച്ചുതകർത്തു. ഇന്ത്യൻ ബൗളർമാരെ അനായാസം നേരിട്ട ഗപ്റ്റിൽ വൈകാതെ അർധസെഞ്ചുറി നേടി. എന്നാൽ അർധസെഞ്ചുറി നേടിയതിനുപിന്നാലെ താരം ചാഹലിന് വിക്കറ്റ് സമ്മാനിച്ച് പുറത്തായി. 36 പന്തുകളിൽ നിന്ന് നാലുവീതം സിക്സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 51 റൺസെടുത്ത ഗപ്റ്റിലിനെ സൂര്യകുമാർ യാദവ് ക്യാച്ചെടുത്ത് പുറത്താക്കി. സിക്സ് നേടാനുള്ള ഗപ്റ്റിലിന്റെ ശ്രമം ഫലം കണ്ടില്ല. ഗപ്റ്റിൽ പുറത്താകുമ്പോൾ കിവീസ് വെറും 69 റൺസ് മാത്രമാണ് നേടിയത്. ഗപ്റ്റിലിന് പകരം ജെയിംസ് നീഷാം ക്രീസിലെത്തി.
പിന്നാലെ സീഫേർട്ട് റൺ ഔട്ടാകുകയും ചെയ്തതോടെ കിവീസ് തകർന്നു. 17 റൺസെടുത്ത സീഫേർട്ടിനെ ഇഷാൻ കിഷനാണ് റൺ ഔട്ടാക്കിയത്. സീഫേർട്ടിന് പകരം നായകൻ മിച്ചൽ സാന്റ്നറാണ് ക്രീസിലെത്തിയത്. സീഫേർട്ടിന് പിന്നാലെ നീഷാമിനെയും ഇന്ത്യ മടക്കി. ഹർഷൽ പട്ടേലിന്റെ പന്തിൽ സിക്സ് അടിക്കാനുള്ള നീഷാമിന്റെ ശ്രമം പന്തിന്റെ കൈയിലൊതുങ്ങി. വെറും മൂന്ന് റൺസാണ് താരത്തിന്റെ സമ്പാദ്യം. ഇതോടെ കിവീസ് 76 ന് ആറ് എന്ന സ്‌കോറിലേക്ക് കൂപ്പുകുത്തി.
കിവീസ് നായകനും അധികനേരം പിടിച്ചുനിൽക്കാനായില്ല. വെറും ഒരു റൺ മാത്രമെടുത്ത സാന്റ്നറെ ഇഷാൻ കിഷൻ റൺ ഔട്ടാക്കി. സാന്റ്നർക്ക് പകരം ക്രീസിലെത്തിയ ഇഷ് സോധി തുടർച്ചയായി രണ്ട് ഫോർ നേടിക്കൊണ്ട് വരവറിയിച്ചു. എന്നാൽ മറുവശത്ത് ആദം മിൽനേ നിരാശപ്പെടുത്തി. ഏഴ് റൺസ് മാത്രമെടുത്ത മിൽനെ വെങ്കടേഷ് അയ്യർക്ക് വിക്കറ്റ് സമ്മാനിച്ചു. വെങ്കടേഷിന്റെ ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. പിന്നാലെ സോധിയെ ഹർഷൽ പട്ടേൽ പറഞ്ഞയച്ചു. ഒൻപത് റൺസാണ് താരത്തിന്റെ സമ്പാദ്യം.
അവസാന വിക്കറ്റിൽ ട്രെന്റ് ബോൾട്ടും ലോക്കി ഫെർഗൂസനും ഒന്നിച്ചു. ഹർഷൽ പട്ടേലിന്റെ ഓവറിൽ രണ്ട് സിക്സ് നേടിക്കൊണ്ട് ഫെർഗൂസൻ ടീം സ്‌കോർ 100 കടത്തി. 18-ാം ഓവറിലെ രണ്ടാം പന്തിൽ ഫെർഗൂസനെ മടക്കി ദീപക് ചാഹർ കിവീസ് ഇന്നിങ്സിന് തിരശ്ശീലയിട്ടു.
#TeamIndia beat #NewZealand by 73 runs & clinched the series by 3-0 ???? #INDvNZ pic.twitter.com/HL7AGVaYDw
- Doordarshan Sports (@ddsportschannel) November 21, 2021
ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്നോവറിൽ 9 റൺസ് മാത്രം വിട്ടുനൽകി മൂന്നുവിക്കറ്റെടുത്തു. ഹർഷൽ പട്ടേൽ രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ വെങ്കടേഷ് അയ്യർ, യൂസ്വേന്ദ്ര ചാഹൽ, ദീപക് ചാഹർ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 184 റൺസെടുത്തത്. രോഹിത് ശർമയാണ് (56) ഇന്ത്യയുടെ ടോപ് സ്‌കോറർ. മിച്ചൽ സാന്റ്നർ കിവീസിനായി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മികച്ച തുടക്കമാണ് ഓപ്പണർമാരായ രോഹിത്- ഇഷാൻ കിഷൻ (29) സഖ്യം ഇന്ത്യക്ക് നൽകിയത്. ഇരുവരും ആദ്യ വിക്കറ്റിൽ ഇരുവരും 68 റൺസ് കൂട്ടിച്ചേർത്തു. കിഷനെ പുറത്താക്കി സാന്റ്നർ കിവീസ് ബ്രേക്ക് നൽകി. പിന്നാലെ എത്തിയ സൂര്യകുമാർ യാദവും (0), റിഷഭ് പന്ത് (3) എന്നിവരും സാന്റ്നറിന് മുന്നിൽ കീഴടങ്ങി. ഒമ്പത് ഓവറിൽ മൂന്നിന് 83 എന്ന നിലയിലായി ഇന്ത്യ. പിന്നാലെ രോഹിതും മടങ്ങി. ഇഷ് സോധിയുടെ പന്തിൽ റിട്ടേൺ ക്യാച്ച് നൽകിയാണ് രോഹിത് മടങ്ങിയത്.
അൽപനേരം നീണ്ടുനിന്ന വെങ്കടേഷ് അയ്യർ (20) ശ്രയസ് അയ്യർ (25) കൂട്ടുകെട്ട് ഇന്ത്യക്ക് തുടക്കത്തിൽ പ്രതീക്ഷ നൽകിയിരുന്നു. ഇരുവരും 36 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ ശ്രയസിനെ ആഡം മിൽനേയും വെങ്കടേഷിനെ ട്രന്റ് ബോൾട്ടും മടക്കിയയച്ചു. അവസാന ഓവറുകളിൽ ഹർഷൽ പട്ടേൽ (11 പന്തിൽ 18), ദീപക് ചാഹർ (8 പന്തിൽ 21) പുറത്തെടുത്ത പ്രകടനമാണ് സ്‌കോർ 180 കടത്തിയത്.ന്യൂസീലൻഡിനുവേണ്ടി നായകൻ സാന്റ്നർ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ആദം മിൽനെ, ലോക്കി ഫെർഗൂസൻ, ഇഷ് സോധി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
സ്പോർട്സ് ഡെസ്ക്