ഹിരാകാശ ഗവേഷണ രംഗത്ത് മറ്റൊരു വലിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ് ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ). ഇന്ത്യയുടെ ജ്യോതിശാസ്ത്ര ഉപഗ്രഹമായ ആസ്‌ട്രോസാറ്റ് സെപ്റ്റംബർ 28-ന് വിക്ഷേപിക്കും. ഈ നേട്ടം കൈവരിക്കുന്നതോടെ, ജ്യോതിശാസ്ത്ര ഉപഗ്രഹം സ്വന്തമായുള്ള അഞ്ചാമത്തെ രാജ്യമാകും ഇന്ത്യ. അമേരിക്ക, റഷ്യ, ജപ്പാൻ, യൂറോപ്യൻ സ്‌പേസ് ഏജൻസി എന് എന്നിവർക്കുമാത്രമാണ് ആകാശ നിരീക്ഷണത്തിനുപയോഗിക്കുന്ന ഉപഗ്രഹമുള്ളത്.

ഒന്നര ടൺ ഭാരമുള്ള ആസ്‌ട്രോസാറ്റിനെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽനിന്നാണ് വിക്ഷേപിക്കുക. ഇതിനൊപ്പം വിവിധ രാജ്യങ്ങളിൽനിന്നുള്ള ആറ് ചെറ് ഉപഗ്രഹങ്ങളും വിക്ഷേപിക്കും. അമേരിക്കയുടെ നാല് നാനോ ഉപഗ്രഹങ്ങളും ഇതിൽപ്പെടുന്നു. പി.എസ്.എൽ.വി സി-30 റോക്കറ്റ് ലോഞ്ചറിലാണ് ആസ്‌ട്രോസാറ്റ് ബഹിരാകാശത്തേയ്ക്ക് കുതിക്കുക.

ദൃശ്യപ്രകാശത്തിനു പുറമെ എക്‌സ് റേയിലും, അൾട്രാവയലറ്റ് തരംഗദൈർഘ്യത്തിലും ഒരേ സമയം പ്രവർത്തിക്കാൻ കഴിയുമെന്നതാണ് മറ്റുള്ളവയിൽ നിന്ന് ആസ്‌ട്രോസാറ്റിന്റെ പ്രത്യേകത. 270 കോടി രൂപയാണ് ആസ്‌ട്രോസാറ്റ് പദ്ധതിയുടെ മുതൽമുടക്ക്. അഞ്ചു വർഷമാണ് പേടകത്തിന്റെ പ്രവർത്തന കാലാവധി.

ഐ.എസ്.ആർ.ഒയ്ക്കുപുറമേ വേറെയും സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് ആസ്‌ട്രോസാറ്റ് സാധ്യമാക്കിയത്. മുംബൈയിലെ ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫണ്ടമെന്റൽ റിസർച്ച്, ബാംഗ്ലൂരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്‌ട്രോഫിസിക്‌സ്, രാമൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, ബാംഗ്ലൂർ, പൂണെയിലെ ഇന്റർ യൂനിവേഴ്‌സിറ്റി സെന്റർ ഫോർ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്‌സ്, മുംബൈയിലെ ഭാഭാ ആണവ ഗവേഷണ കേന്ദ്രം, എൻ. എസ്. ബോസ് നാഷണൽ സെന്റർ ഫോർ ബേസിക് സയൻസ്, കനേഡിയൻ സ്‌പേസ് ഏജൻസി, ബ്രിട്ടണിലെ ലെസ്റ്റർ യൂണിവേഴ്‌സിറ്റി എന്നിവയുടെ സഹകരണവും ആ്‌സ്‌ട്രോസാറ്റിന്റെ രൂപകൽപനയിൽ നിർണായകമായി.

ഭൂമിയിൽ നിന്ന് 650 കിലോമീറ്റർ ഉയരത്തിൽ നിയർ ഇക്വിറ്റോറിയൽ ഭ്രമണപഥമാണ് ആസ്‌ട്രോസാറ്റിന് തിരഞ്ഞെടുത്തിരുക്കുന്നത്. ബാംഗ്ലൂരിലുള്ള ഐഎസ്ആർഒ കേന്ദ്രമാണ് ഉപഗ്രഹത്തിന്റെ ഗ്രൗണ്ട് സ്റ്റേഷൻ. വിദൂരത്തിലുള്ള നക്ഷത്രങ്ങളെക്കുറിച്ചും ക്ഷുദ്രഗ്രഹങ്ങളെക്കുറിച്ചും ഉൽക്കകളെക്കുറിച്ചും പഠനം നടത്താൻ ആസ്‌ട്രോസ്റ്റാറ്റ് സഹായിക്കും. ആകാശഗംഗയിൽ ഉണ്ടെന്ന് കരുതപ്പെടുന്ന തമോഗർത്തത്തെക്കുറിച്ച് പഠനം നടത്താനും ആസ്‌ട്രോസാറ്റ് ഇന്ത്യൻ ഗവേഷകരെ സഹായിക്കും.