കാകമിഗഹാര (ജപ്പാൻ): ഏഷ്യാകപ്പ് വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് കിരീടം. കലാശപ്പോരാട്ടത്തിൽ, ചൈനയെ ഷൂട്ടൗട്ടിൽ 5-4 ന് മറികടന്നാണ് ഇന്ത്യൻ വനിതകൾ കിരീടം ചൂടിയത്. മുഴുവൻ സമയത്ത് ഇരുടീമുകളും ഓരോ ഗോളടിച്ച് സമനില പാലിക്കുകയായിരുന്നു.ഏഷ്യാ കപ്പിൽ കിരീടം നേടിയതോടെ അടുത്ത വർഷം നടക്കുന്ന ലോക കപ്പ് ഹോക്കിയിൽ ഇന്ത്യ യോഗ്യത ഉറപ്പിച്ചു.

13 വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് ഏഷ്യാകപ്പ് ഹോക്കിയിൽ ഇന്ത്യൻ വനിതകൾ കിരീടം നേടുന്നത്. ഇന്ത്യ ആതിഥ്യം വഹിച്ച 2004ലെ ഏഷ്യാകപ്പിൽ ജപ്പാനെ 1-0നു തോൽപ്പിച്ചാണ് ഒടുവിൽ ഇന്ത്യ കിരീടം നേടിയത്.

2009 ലെ ഏഷ്യാകപ്പ് കലാശപ്പോരാട്ടത്തിൽ ചൈനയോടേറ്റ തോൽവിക്കും ഈ വിജയത്തോടെ ഇന്ത്യ പകരം വീട്ടി. പൂൾ സ്റ്റേജിലും ഇന്ത്യൻ വനിതകൾ ചൈനയെ 4-1നു തോൽപ്പിച്ചിരുന്നു. ഒരുമാസം മുൻപു പുരുഷവിഭാഗത്തിൽ ഏഷ്യാ കപ്പുയർത്തിയ ഇന്ത്യ, വനിതാ വിഭാഗത്തിലും കിരീടം നേടിയതോടെ വൻകരയിലെ സമ്പൂർണ ആധിപത്യവും ഉറപ്പിച്ചു.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇന്ത്യയുടെ നവ്ജോത് കൗർ ഒരു ഗോൾ നേടിയിരുന്നു. തുടർന്ന് 47-ാം മിനിറ്റിൽ ചൈനയുടെ ആദ്യ ഗോൾ പിറന്നു. കളി അവസാനിച്ചപ്പോൾ ഇരു ടീമുകളും 1-1 എന്ന നിലയിലായിരുന്നു. തുടർന്ന് കളി പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് പോവുകയായിരുന്നു.

ആദ്യ അഞ്ച് ഷോട്ടുകൾ പൂർത്തിയായപ്പോൾ ഇരു ടീമുകളും നാലു ഗോളുകൾ വീതം വലയിലെത്തിച്ചു. തുടർന്ന് സഡൻ ഡെത്തിൽ ഇന്ത്യക്ക് വേണ്ടി റാണി പന്ത് വലയിൽ എത്തിച്ചു. എന്നാൽ, ചൈനയുടെ ശ്രമം പാഴായതോടെ ഇന്ത്യ 5-4ന് എന്ന നിലയിൽ കിരീടം ഉറപ്പിക്കുകയായിരുന്നു.