ബർമിങ്ങാം: ടോക്യോ ഒളിമ്പിക്സിൽ ഇന്ത്യൻ കരുത്തായി മാറിയ മീരാഭായ് ചാനു വീണ്ടും രാജ്യത്തിന്റെ അഭിമാനം ഉയർത്തി. ഇക്കുറി, വെള്ളി സ്വർണമായി മാറി. കോമൺവെൽത്ത് ഗെയിംസിൽ, വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലാണ് മീര സ്വർണം നേടിയത്. ഇന്ത്യയുടെ ഈ ഗെയിംസിലെ ആദ്യ സ്വർണമെഡൽ. ആകെ 201 കിലോ ഭാരം ഉയർത്തിയാണ് മീരയുടെ നേട്ടം. ഭാരോദ്വഹനത്തിൽ ശനിയാഴ്ച ഇന്ത്യയുടെ മൂന്നാമത്തെ മെഡലാണിത്. നേരത്തെ സങ്കേത് സർക്കാർ വെള്ളിയും, ഗുരുരാജ പൂജാരി വെങ്കലവും നേടിയിരുന്നു.

കോമൺവെൽത്ത് ഗെയിംസിൽ മീരാഭായ് ചാനുവിന്റെ ഹാട്രിക് മെഡൽ നേട്ടമാണിത്. 2014 ഗെയിംസിൽ വെള്ളിയും 2018ൽ സ്വർണവും ചാനു നേടിയിരുന്നു. മണിപ്പൂർ സ്വദേശിനിയായ മീരാഭായ് ചാനു, ടോക്കിയോ ഒളിംപിക്‌സിൽ ഇതേ ഇനത്തിൽ വെള്ളി മെഡലും നേടിയിട്ടുണ്ട്.

പുരുഷ വിഭാഗം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ സങ്കേത് സാർഗാർ വെള്ളി നേടി. 55 കിലോ ക്ലീൻ ആൻഡ് ജെർക്ക് വിഭാഗത്തിലാണ് മെഡൽ നേട്ടം. ആകെ 248 കിലോ ഭാരമാണ് സങ്കേത് സാർഗാർ ഉയർത്തിയത്. മലേഷ്യയുടെ ബിൻ കൻസാദ് അനിഖിനാണ് ഈയിനത്തിൽ സ്വർണം. ശ്രീലങ്കയുടെ ദിലങ്ക ഇസുരു കുമാര യോദഗെ വെങ്കലം നേടി. 61 കിലോഗ്രാം ഭാരോദ്വഹനത്തിൽ ഇന്ത്യയുടെ ഗുരുരാജ പൂജാരി വെങ്കലം സ്വന്തമാക്കി.

ടോക്യോ ഒളിമ്പിക്‌സിൽ ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടി മീരയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. 49 കിലോ വനിതാ വിഭാഗത്തിലാണ് അന്ന്  മീരാഭായ് ചാനു വെള്ളി മെഡൽ നേടിയത്. ആദ്യമായി ആയിരുന്നു ഒരു ഇന്ത്യൻ വനിത ഭാരോദ്വഹനത്തിൽ വെള്ളി മെഡൽ നേടുന്നത്. നേരത്തെ ഭാരോദ്വേഹനത്തിൽ കർണം മല്ലേശ്വരിയിലൂടെയാണ് ഇന്ത്യ മെഡൽ നേടിയത്. സിഡ്‌നി ഒളിംപിക്‌സിലായിരുന്നു ഇത്. സ്‌നാച്ചിലും ക്ലീൻ ആൻഡ് ജെർക്കിലും 110, 130 കിലോ ഉയർത്തിയാണ് കർണം മല്ലേശ്വരി 2000ൽ സിഡ്‌നിയിൽ വെങ്കലം നേടിയത്.