ലണ്ടൻ: ലണ്ടൻ ആസ്ഥാനമായ ഐക്യരാഷ്ട്ര സഭയുടെ അന്താരാഷ്ട്ര മാരിടൈം ഓർഗനൈസേഷനിൽ (ഇമോ) 1959 മുതൽ അംഗമാണ് ഇന്ത്യ. രണ്ടുവർഷം കൂടുമ്പോൾ നടത്തുന്ന കൗൺസിൽ തിരഞ്ഞെടുപ്പിൽ ഇക്കാലമത്രയും എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്ന ഇന്ത്യയെ തോൽപിക്കുകയായിരുന്നു ഇക്കുറി ബ്രിട്ടന്റെ ലക്ഷ്യം. അന്താരാഷ്ട്ര നീതിന്യായ കോടതിയിൽ ജഡ്ജിയാകാനുള്ള മത്സരത്തിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന്റെ ക്ഷീണം ഇതിലൂടെ മറികടക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ, കൃത്യമായ ഇടപെടലിലൂടെ ഇന്ത്യ കൗൺസിൽസ്ഥാനം നിലനിർത്തി. അതും വോട്ടെടുപ്പിൽ ഏറ്റവും കൂടുതൽ വോട്ട് നേടിയ രണ്ടാമത്തെ രാജ്യമായിത്തന്നെ ഇന്ത്യ തിരഞ്ഞെടുക്കപ്പെട്ടു.

വെള്ളിയാഴ്ചയായിരുന്നു തിരഞ്ഞെടുപ്പ്. 146 വോട്ട് നേടിയ ജർമനിയാണ് ഒന്നാമതെത്തിയത്. ഇന്ത്യക്ക് 144 വോട്ട് ലഭിച്ചു. കാറ്റഗറി-ബി കൗൺസിലിലെ അംഗങ്ങളെ തിരഞ്ഞെടുക്കാൻ ഇതാദ്യമായയാണ് വോട്ടെടുപ്പ് നടക്കുന്നത്. പത്തംഗങ്ങളുടെ കൗൺസിലിൽ കയറിപ്പറ്റാൻ ഓസ്‌ട്രേലിയയും യു.എ.ഇയും എത്തിയതോടെയാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. മത്സരം കടുത്തതോടെ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി ലണ്ടനിലെത്തി അന്താരാഷ്ട്ര തലത്തിൽ നടത്തിയ ലോബിയിങ്ങാണ് വോട്ടെടുപ്പിൽ ഇന്ത്യക്ക് തുണയായത്. ഓസ്‌ട്രേലിയ, ഫ്രാൻസ്, കാനഡ,, സ്‌പെയിൻ, ബ്രസീൽ, സ്വീഡൻ, ഹോളണ്ട്, യു.എ.ഇ എന്നീ രാജ്യങ്ങളാണ് തിരഞ്ഞെടുക്കപ്പെട്ട മറ്റംഗങ്ങൾ. ബംഗ്ലാദേശിനും അർജന്റീനയ്ക്കുമാണ് അംഗത്വം നഷ്ടമായത്.

ഇമോയിലെ അംഗത്വം ഇന്ത്യയെ സംബന്ധിച്ചിടത്തോളം നിർണായകമാണ്. പ്രത്യേകിച്ച് ഇത്രയേറെ സമുദ്രാതിർത്തിയുള്ള രാജ്യമെന്ന നിലയിൽ. കപ്പലുകളുടെ സുരക്ഷിത യാത്ര ഉറപ്പാക്കുന്നതും കപ്പലുകളിൽനിന്നുള്ള മലിനീകരണം കുറയ്ക്കുന്നതിനുവേണ്ടി പ്രവർത്തിക്കുന്നതും ലണ്ടൻ ആസ്ഥാനമായുള്ള ഇമോയുടെ നേതൃത്വത്തിലാണ്. ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മിഷണർ ഇമോയിലെ സ്ഥിരം പ്രതിനിധികൂടിയാണ്. 1959-ൽ ഇമോ ആരംഭിച്ചതുമുതൽ കൗൺസിലിൽ ഇന്ത്യ അംഗവുമാണ്. 1983-83 കാലയളവുമാത്രമാണ് ഇതിനപവാദം. കൗൺസിലിൽ ഏറ്റവും കൂടുതൽ കാലം സെക്രട്ടറി ജനറലുമായിരുന്നതും ഇന്ത്യൻ പ്രതിനിധിയുമാണ്.

1974 മുതൽ 1989വരെ അർജന്റീന, ബംഗ്ലാദേശ്, ബ്രസീൽ, കാനഡ, ഫ്രാൻസ്, ജർമനി, ഇന്ത്യ, നെതർലൻഡ്‌സ്, സ്‌പെയിൻ, സ്വീഡൻ എന്നീ രാജ്യങ്ങളായിരുന്നു കൗൺസിൽ അംഗങ്ങൾ.സാധാണഗതിയിൽ അംഗങ്ങളെ എതിരില്ലാതെ തിരഞ്ഞെടുക്കുകയായിരുന്നു രീതി. ഇക്കുറി യു.എ.ഇയും ഓസ്‌ട്രേലിയയും രംഗത്തെത്തിയതോടെയാണ് മത്സരത്തിനുള്ള സാധ്യത തെളിഞ്ഞത്. മൂന്ന് വിഭാഗങ്ങളാണ് കൗൺസിലിലുള്ളത്. ഇതിൽ ബി വിഭാഗത്തിലാണ് ഇന്ത്യ. പത്ത് അംഗങ്ങളാണ് ബി വിഭാഗം കൗൺസിലിൽ ഉള്ളത്. ഈ വിഭാഗത്തിലേക്കാണ് ഓസ്‌ട്രേലിയയും യു.എ.ഇയും കടന്നുവരാൻ ആഗ്രഹിക്കുന്നത്.

ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് അന്താരാഷ്ട്ര തലത്തിൽ ഇന്ത്യ നയതന്ത്ര വിജയം നേടുന്നത്. അന്ത്രാരാഷ്ട്ര നീതിന്യായ കോടതിയിലെ ജഡ്ജിയായി ഇന്ത്യയുടെ ജസ്റ്റിസ് ദൽവീർ ഭണ്ഡാരി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത് അടുത്തിടെയാണ്. ബ്രിട്ടനെ ചരിത്രത്തിലാദ്യമായി നീതിന്യായ കോടതിയുടെ ന്യായാധിപ സ്ഥാനത്തുനിന്ന് പുറത്താക്കിക്കൊണ്ടാണ് ഇന്ത്യ വിജയം പിടിച്ചത്. ഇപ്പോൾ, ഇമോയിലും വിജയം ആവർത്തിക്കാനായത് അന്താരാഷ്ട്ര രംഗത്ത് ഇന്ത്യയ്ക്ക് വലിയ നേട്ടമാണ്. ഇന്ത്യക്ക് അഭിമാനമുഹൂർത്തമാണിതെന്നാണ് ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പ്രതികരിച്ചത്.