ക്യൂൻസ്ലാന്റ്: പരാജയമറിയാതെ കുതിച്ച ഓസ്ട്രേലിയൻ വനിതകളുടെ പോരാട്ട വീര്യത്തെ പൊരുതി തോൽപ്പിച്ച് ഇന്ത്യൻ വനിത താരങ്ങൾ. ഏകദിന ക്രിക്കറ്റിൽ തുടർച്ചയായ 27-ാം വിജയം ലക്ഷ്യമിട്ട് ഇന്ത്യക്കെതിരായ പരമ്പരയിലെ മൂന്നാം മത്സരത്തിന് ഇറങ്ങിയ ഓസീസിനെ രണ്ട് വിക്കറ്റിനാണ് മിഥാലി രാജും സംഘവും തകർത്തുവിട്ടത്.

മൂന്ന് വിക്കറ്റിന് പുറമെ വിജയ റൺ അടക്കം ഏഴ് പന്തിൽ എട്ട് റൺസും നേടിയ ജുലൻ ഗോസ്വാമിയാണ് കളിയിലെ താരം. ആദ്യ രണ്ട് ഏകദിനങ്ങളും വിജയിച്ചിരുന്ന ഓസ്ട്രേലിയ നേരത്തെ പരമ്പര സ്വന്തമാക്കിയിരുന്നു.

ക്യൂൻസ്ലാന്റിൽ ആദ്യം ബാറ്റു ചെയ്ത ആതിഥേയർ നിശ്ചിത ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 264 റൺസെടുത്തു. അർധ സെഞ്ചുറി കണ്ടെത്തിയ ബെത് മൂണിയുടേയും അഷ്ലെ ഗാർഡ്നെറുടേയും പ്രകടനമാണ് ഓസീസിന് മികച്ച സ്‌കോർ സമ്മാനിച്ചത്. 47 റൺസോടെ തഹ്ലിയ മഗ്രാത് ഇരുവർക്കും പിന്തുണ നൽകി. ഇന്ത്യക്കായി ജുലൻ ഗോസ്വാമിയും പൂജ വസ്ത്രാകറും മൂന്നു വീതം വിക്കറ്റ് വീഴ്‌ത്തി.



മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഷഫാലി വർമയും സ്മൃതി മന്ദാനയും ഓപ്പണിങ് വിക്കറ്റിൽ 59 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 22 റൺസെടുത്ത മന്ദാന പുറത്തായശേഷം ക്രീസിലെത്തിയ യസ്തിക ഭാട്ടിയ ഷഫാലിക്ക് പറ്റിയ കൂട്ടാളിയായി. ഇരുവരും രണ്ടാം വിക്കറ്റിൽ 101 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ഷഫാലി 91 പന്തിൽ 56 റൺസെടുത്തപ്പോൾ 69 പന്തിൽ യസ്തിക 64 റൺസ് അടിച്ചെടുത്തു.

എന്നാൽ ഇരുവരും പുറത്തായ ശേഷം ഇന്ത്യ തകർന്നു. ആറു വിക്കറ്റിന് 208 റൺസ് എന്ന നിലയിലേക്ക് വീണു. പിന്നീട് ദീപ്തി ശർമ-സ്നേഹ് റാണ കൂട്ടുകെട്ടാണ് ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്നേഹ് 30 റൺസെടുത്തപ്പോൾ ദീപ്തി 31 റൺസ് നേടി.



എന്നാൽ വിജയത്തിന് തൊട്ടടുത്തുവെച്ച് ഇരുവരും പുറത്തായി. അവസാന ഓവറിൽ ഇന്ത്യക്ക് വിജയിക്കാൻ വേണ്ടിയിരുന്നത് നാല് റൺസായിരുന്നു. ക്രീസിലുണ്ടായിരുന്നത് ജുലൻ ഗോസ്വാമിയും മേഘ്നാ സിങ്ങും. ആ ഓവറിലെ മൂന്നാം പന്തിൽ ബൗണ്ടറി കണ്ടെത്തി ജുലൻ ഇന്ത്യയെ വിജയതീരത്തെത്തിച്ചു.