- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവസാന ഓവർ വരെ പൊരുതിയെങ്കിലും 9 റൺസകലെ വീണു; കോമൺവെൽത്ത ഗെയിംസ് സ്വർണ്ണമെഡൽ പോരാട്ടത്തിൽ ഓസ്ട്രേലിയയോട് പൊരുതി തോറ്റ് ഇന്ത്യ; ഹർമൻപ്രീതിന്റെ ക്യാപ്റ്റന്റെ ഇന്നിങ്ങ്സ് പ്രകടനം പാഴായി; ഫൈനലിലെ തോൽവിയിലും ഇന്ത്യ മടങ്ങുന്നത് തലയുയർത്തി
ബർമിങ്ങാം: കോമൺവെൽത്ത് ഗെയിംസിലെ സ്വർണ മെഡൽ പോരാട്ടത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന് തോൽവി. അവസാന ഓവർ വരെ പൊരുതിയ ഇന്ത്യ ഒടുവിൽ ഒമ്പത് റൺസകലെ വീണു. ഇതോടെ വനിത ഏകദിന, ട്വന്റി 20 ലോകകപ്പ് കിരീടങ്ങൾക്ക് പിന്നാലെ കോമൺവെൽത്ത് സ്വർണവും ഓസ്ട്രേലിയൻ വനിതാ ക്രിക്കറ്റ് ടീം സ്വന്തമാക്കി. ഇന്ത്യൻ ടീമിന് വെള്ളി മെഡലുമായി മടക്കം.സ്‌കോർ: ഓസ്‌ട്രേലിയ 20 ഓവറിൽ 8 വിക്കറ്റിന് 161, ഇന്ത്യ 19.3 ഓവറിൽ 152ന് ഓൾഔട്ട്.
162 റൺസെന്ന വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 3 പന്തു ശേഷിക്കെ 152നു പുറത്താവുകയായിരുന്നു. 8 വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 34 പന്തിൽ 44 റൺസെന്ന ഭേദപ്പെട്ട നിലയിൽനിന്ന് ഇന്ത്യ തകർന്നടിയുകയായിരുന്നു. 34 റൺസ് ചേർക്കുന്നതിനിടെ 8 വിക്കറ്റുകളാണ് ഇന്ത്യ നഷ്ടമാക്കിയത്.
ഓപ്പണർമാരായ സ്മൃതി മന്ദാന (6), ഷഫാലി വർമ (11) എന്നിവരെ നേരത്തെ തന്നെ നഷ്ടമായ ഇന്ത്യയെ മൂന്നാം വിക്കറ്റിൽ ഒന്നിച്ച ജെമിമ റോഡ്രിഗസ് - ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ സഖ്യം മത്സരത്തിലേക്ക് തിരികെയെത്തിച്ചിരുന്നു. എന്നാൽ ഇരുവരും പുറത്തായതോടെ ഇന്ത്യ തകർന്നു.43 പന്തിൽ നിന്ന് 2 സിക്സും 7 ഫോറുമടക്കം 65 റൺസെടുത്ത ഹർമൻപ്രീത് 16-ാം ഓവറിൽ ആഷ്ലി ഗാർഡ്നറുടെ പന്തിൽ മോശം ഷോട്ടിന് ശ്രമിച്ച് പുറത്താകുയായിരുന്നു. ഈ വിക്കറ്റാണ് മത്സരം ഓസീസിന് അനുകൂലമാക്കിയത്.
ഹർമൻപ്രീതിന് ഉറച്ച പിന്തുണ നൽകിയ ജെമിമ 33 പന്തിൽ നിന്ന് 33 റൺസെടുത്ത് 15-ാം ഓവറിലാണ് പുറത്തായത്. ഇരുവരും ചേർന്ന മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 96 റൺസാണ് ഇന്ത്യൻ സ്‌കോർ ബോർഡിലേക്ക് ചേർത്തത്. ഈ കൂട്ടുകെട്ട് പിരിഞ്ഞതോടെ ഇന്ത്യ മത്സരവും കൈവിട്ടു.പൂജ വസ്ത്രാകർ (1), ദീപ്തി ശർമ (13), സ്നേഹ് റാണ (8), രാധാ യാദവ് (1) എന്നിവരെല്ലാം തന്നെ നിരാശപ്പെടുത്തി.
നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഓസീസ് വനിതകൾ 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 161 റൺസെടുത്തിരുന്നു. ബെത്ത് മൂണി (41 പന്തിൽ 61), മെഗ് ലാന്നിങ് (26 പന്തിൽ 36), ആഷ്ലി ഗാർഡ്നർ (15 പന്തിൽ 25), റേച്ചൽ ഹയ്നെസ് (10 പന്തിൽ 18) എന്നിവരുടെ ഇന്നിങ്സുകളാണ് ഓസീസിനെ 161-ൽ എത്തിച്ചത്.
സ്പോർട്സ് ഡെസ്ക്