ലക്‌നോ: ബൽജിയത്തെ തകർത്ത് ഇന്ത്യയുടെ കുട്ടികൾ ലോക ജൂനിയർ ഹോക്കി കിരീടത്തിൽ മുത്തമിട്ടു. ആതിഥേയരായ ഇന്ത്യ ഒന്നിനെതിരെ രണ്ടു ഗോളിനാണു ഫൈനലിൽ ജയം നേടിയത്.

ഗുർജന്ത് സിംഗും സിമ്രൻജീത് സിംഗുമാണ് ഇന്ത്യക്കായി ഗോളുകൾ നേടിയത്. ഇത് രണ്ടാം തവണയാണ് ഇന്ത്യ ജൂനിയർ ലോക കിരീടം സ്വന്തമാക്കുന്നത്. 2001ൽ ഹൊബാർട്ടിലായിരുന്നു ഇന്ത്യൻ ടീമിന്റെ ആദ്യ കിരീടനേട്ടം. ടൂർണമെന്റിന് ആതിഥ്യം വഹിക്കുന്ന രാജ്യം കിരീടം സ്വന്തമാക്കുന്നതും ഇത് ആദ്യമാണ്.

മത്സരത്തിന്റെ എട്ടാം മിനിറ്റിൽതന്നെ ഇന്ത്യ ലീഡ് നേടി. സമുതിന്റെ സ്‌കൂപ്പിൽനിന്നായിരുന്നു ഗുർജന്തിന്റെ ഗോൾ. 22ാം മിനിറ്റിൽ ഇന്ത്യ ലീഡ് ഉയർത്തി. നീലകണ്ഠ ശർമയുടെ പാസ് സിമ്രൻജീത് സിങ് ഗോളിലേക്കു തിരിച്ചുവിടുകയായിരുന്നു. മത്സരത്തിന്റെ അവസാന മിനിറ്റിൽ ബെൽജിയം ഒരു ഗോൾ മടക്കിയെങ്കിലും സമനില ഗോൾ നേടാൻ കഴിഞ്ഞില്ല.