ലണ്ടൻ: ബ്രിട്ടനിലെ വൻകിട ബാങ്കുകളിലൊന്നിന്റെ ഓഹരികൾ സ്വന്തമാക്കാൻ ഇന്ത്യൻ ധനകാര്യ സ്ഥാപനം രംഗത്ത്. ഓക്ക്‌നോർത്ത് ബാങ്കിന്റെ 39.8 ശതമാനം ഓഹരികളാണ് ഇന്ത്യൻ വ്യവസായ ഗ്രൂപ്പായ ഇന്ത്യ ബുൾസ് ഹൗസിങ് ഫിനാൻസ് സ്വന്തമാക്കുന്നത്. 10 കോടി പൗണ്ടാണ് ഇതിനുവേണ്ടി ഇന്ത്യബുൾസ് ചെലവിടുക.

ബാങ്കിങ് ഭീമന്മാരായ എച്ച്എസ്‌ബിസി, ബാർക്ലേയ്‌സ്, ലോയ്ഡ്, റോയൽ ബാങ്ക് ഓഫ് സ്‌കോട്ട്‌ലൻഡ് തുടങ്ങിയവയുമായി മത്സരിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഓക്ക്‌നോർത്ത് ബാങ്ക്. ഇതിന്റെ ഭാഗമായാണ് ഓഹരി വിൽപന. സമീർ ഗെലോട്ട് ചെയർമാനായുള്ള ഇന്ത്യ ബുൾസ് 40 ശതമാനം ഓഹരി സ്വന്തമാക്കുന്നതോടെ, ബാങ്കിന് ഇന്ത്യൻ ഉപഭോക്താക്കൾക്കിടയിൽ കൂടുതൽ സ്വീകാര്യത ലഭിക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.

ബാങ്കിന്റെ പത്ത് ശതമാനം ഓഹരി സ്വന്തം നിലയ്ക്ക് വാങ്ങാനും സമീർ ഗെലോട്ട് ശ്രമിക്കുന്നുണ്ട്. ബ്രിട്ടൻ സന്ദർശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിൽ ഓഹരിക്കൈമാറ്റ കരാറിൽ ഒപ്പുവെക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യബുൾസിന്റെ നിക്ഷേപ സംരംഭത്തിന് റിസർവ് ബാങ്കും പ്രുഡൻഷ്യൽ റെഗുലേഷൻ അഥോറിറ്റിയും ബാങ്ക് ഓഫ് ഇംഗ്ലണ്ടും അംഗീകാരം നൽകിയിട്ടുണ്ട്. വിദേശ ബാങ്കിൽ ഇത്രയേറെ നിക്ഷേപം നടത്തുന്നതിന് ഇന്ത്യൻ സ്ഥാപനത്തിന് ആദ്യമായാണ് ഇത്തരമൊരു അംഗീകാരം ലഭിക്കുന്നത്.

ഈ നിക്ഷേപത്തോടെ, ഓക്ക്‌നോർത്ത് ബാങ്കിലെ ഏറ്റവും വലിയ ഓഹരിയുടമയായി ഇന്ത്യബുൾസ് മാറും. പിന്നീട് കൂടുതൽ ഓഹരികൾ വാങ്ങി ബാങ്ക് സ്വന്തമാക്കാനുള്ള പദ്ധതിയും കമ്പനിക്കുണ്ട്. ചെറുകിട മേഖലയിൽ ബ്രിട്ടനിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനമാണ് ഓക്ക്‌നോർത്ത്. അഞ്ച് ബില്യൺ ഡോളറിലേറെ വായ്പയായി നിൽകയിട്ടുള്ള ഓക്ക്‌നോർത്തിന് ഇന്ത്യബുൾസിന്റെ വരവോടെ കൂടുതൽ മേഖലകളിലേക്ക് പ്രവേശിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്.