- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യോമസേനയുടെ സി-17 ഗ്ലോബ്മാസ്റ്റർ റൊമാനിയയിലേക്ക് പുറപ്പെട്ടു; വ്യോമസേനയുടെ സഹായംകൂടി രക്ഷാദൗത്യത്തിലേക്ക് കൊണ്ടുവരുന്ന രാജ്യമായി ഇന്ത്യ; വിദ്യാർത്ഥികളെ ചേർത്തുനിർത്തി മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ; യൂറോപ്പ് റഷ്യ വ്യോമപാത തടസ്സം അനുഭവപ്പെട്ടത് ഇന്ത്യൻ വിമാനങ്ങൾക്ക് അധികചെലവും
ന്യൂഡൽഹി: യുക്രൈനിൽ നിന്നുള്ള ഇന്ത്യൻ പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. രക്ഷാപ്രവർത്തനത്തിനായി നിർണായക നീക്കവുമായി കേന്ദ്ര സർക്കാർ വ്യോമസേനയെ രംഗത്തിറക്കി. ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ കേന്ദ്രം സി - 17 ഗ്ലോബ്മാസ്റ്റർ വിമാനം റൊമാനിയയിലേക്ക് അയച്ചിരിക്കയാണ് സർക്കാർ. പുലർച്ചെ നാല് മണിയോടെ ആയിരുന്നു വിമാനം ഹിന്ദൻ വ്യോമതാവളത്തിൽ നിന്ന് റൊമാനിയയിലേക്ക് പുറപ്പെട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശത്തെ തുടർന്നാണ് ഗ്ലോബ്മാസ്റ്റർ വിമാനങ്ങൾ യുക്രൈനിലേക്ക് അയച്ചത്. രക്ഷാപ്രവർത്തനത്തിനായി റൊമാനിയയിൽ എത്തിയ കേന്ദ്ര വ്യോമയാനമന്ത്രി ജ്യോതിരാദിത്യസിന്ധ്യ വിദ്യാർത്ഥികളുമായി സംവദിച്ചു. ഇന്ത്യൻ വ്യേമസേനയുടെ അഭിമാനങ്ങളിലൊന്നായ പടുകൂറ്റൻ വിമാനമാണ് ഗ്ലോബ്മാസ്റ്റർ. ഇത്തരം രക്ഷാദൗത്യങ്ങളിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കാൻ കഴിയുന്ന വിമാനമാണിത്. അമേരിക്ക കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ഗ്ലോബ്മാസ്റ്റർ വിമാനം കൈവശമുള്ള രാജ്യം ഇന്ത്യയാണ്. പതിനൊന്ന് സി17 ഗ്ലോബ്മാസ്റ്റർ III വിമാനങ്ങൾ ഇന്ത്യയുടെ പക്കലുണ്ട്.
അവശ്യഘട്ടത്തിൽ ഏറ്റവും കൂടുതൽ പേരെ വഹിക്കാൻ കഴിയുമെന്നതാണ് ഗ്ലോബ് മാസ്റ്ററിന്റെ പ്രധാന പ്രത്യേകത. സാധാരണ ഗതിയിൽ ഒരേസമയം രണ്ട് ഹെലികോപ്റ്റർ, ടാങ്ക്, മറ്റ് ആയുധനങ്ങൾ, സർവ്വ സന്നാഹങ്ങളുമായി 102 പട്ടാളക്കാർ എന്നിവ വഹിക്കാൻ ഗ്ലോബ് മാസ്റ്ററിന് സാധിക്കും. അടിയന്തര രക്ഷാദൗത്യ നടപടിയിൽ 320-ലേറെ പേരെ വഹിച്ച് പറന്നുയരാനും കഴിയും. നേരത്തെ അഫ്ഗാനിസ്താനിൽ അമേരിക്ക നടത്തിയ രക്ഷാദൗത്യത്തിൽ 826 പേരെ വഹിച്ച് പറയുന്നയർന്ന ചരിത്രവും ഗ്ലോബ് മാസ്റ്ററിനുണ്ട്.
നിലവിൽ യുക്രൈനിലെ പ്രതിസന്ധി ഘട്ടത്തിൽ ലോകത്ത് വ്യോമസേനയുടെ സഹായംകൂടി രക്ഷാദൗത്യത്തിലേക്ക് കൊണ്ടുവരുന്ന രാജ്യം ഇന്ത്യയാണ്. ഇതുവരെ ഏറ്റവും കൂടുതൽ പൗരന്മാരെ യുക്രൈനിൽനിന്ന് തിരിച്ചെത്തിച്ച രാജ്യവും ഇന്ത്യയാണ്. ഗ്ലോബ് മാസ്റ്റർ കൂടി രക്ഷാദൗത്യത്തിന് രംഗത്തെത്തിയതോടെ അതിവേഗത്തിൽ കൂടുതൽ പേരെ യുദ്ധ മുഖത്ത് നിന്ന് തിരിച്ചെത്തിക്കാൻ സാധിക്കും.
യുക്രൈന്റെ അയൽ രാജ്യങ്ങളായ പോളണ്ട്, സ്ലൊവാക്യ, ഹംഗറി, റൊമാനിയ .എന്നിവിടങ്ങളിൽനിന്നാണ് നിലവിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. യുക്രൈന്റെ വിവിധ ഭാഗങ്ങലിൽനിന്ന് ഈ രാജ്യങ്ങളുടെ അതിർത്തികളിലേക്ക് തീവണ്ടി സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. യുക്രൈനിൽനിന്ന് ഏഴ് വിമാനങ്ങളാണ് ചൊവ്വാഴ്ചവരെ ഡൽഹിയിലെത്തിയിട്ടുള്ളത്. ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 53 മലയാളിവിദ്യാർത്ഥികൾ ഉൾപ്പെടെ 616 പേരെയും വഹിച്ച് ചൊവ്വാഴ്ച മൂന്ന് വിമാനം ഇന്ത്യയിലെത്തിയിരുന്നു. മൊത്തം മടങ്ങിയെത്തിയ മലയാളിവിദ്യാർത്ഥികളുടെ എണ്ണം 184 ആയി.
വ്യോമപാതയിൽ അധിക ചെലവ്
അതേസമയം യുക്രെയ്‌നിലെ റഷ്യൻ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയും യൂറോപ്യൻ രാജ്യങ്ങളും പരസ്പരം വ്യോമപാത അടച്ചത് ഇന്ത്യൻ വിമാനങ്ങളുടെ യാത്രയെയും ബാധിക്കും. യൂറോപ്പ്, യുഎസ് എന്നിവിടങ്ങളിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാനങ്ങൾ റഷ്യൻ വ്യോമപാത ഒഴിവാക്കി പറക്കുമ്പോൾ യാത്രാ സമയം വർധിക്കും. അധികദൂരത്തിന് ആനുപാതികമായി ഇന്ധന ഉപയോഗവും കൂടും. വിമാന നിരക്ക് ഉയരാൻ ഇതു വഴിവയ്ക്കും.
ചരക്കു വിമാനങ്ങൾക്കും അധിക ചെലവു വരും. റഷ്യൻ വ്യോമപാത ഒഴിവാക്കുന്നതിനാൽ യുകെയിൽ നിന്ന് ഇന്ത്യയിലേക്കുള്ള വിമാനങ്ങളുടെ യാത്രാ സമയം ഉയരുമെന്നു വെർജിൻ അറ്റ്‌ലാന്റിക് വക്താവ് അറിയിച്ചു.
മറുനാടന് മലയാളി ബ്യൂറോ