ന്യൂയോർക്ക് : നോർത്ത് അമേരിക്കയിലെ  മലയാളി വ്യവസായികളുടെയും സംരംഭകരുടെയും കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ്‌സ്  (ഐ എ എം സി സി)  26ന് ന്യൂയോർക്കിൽ നടത്തുന്ന കുടുംബ സംഗമത്തിൽ ന്യൂയോർക്കിലെ ഇന്ത്യൻ  കോൺസുൽ  ഫോർ ട്രേഡ്,  കൊമേഴ്‌സ് ആൻഡ്  എടുക്കേഷൻ, ശ്രീ ജി. ശ്രീനിവാസ റാവു മുഖ്യാതിഥിയായിരിക്കുമെന്ന്  ഐ എ എം സി സി പ്രസിഡന്റ് മാധവൻ ബി നായർ അറിയിച്ചു.  പരിപാടിയിൽ പങ്കെടുക്കുന്നവർക്ക്  ട്രേഡ്, ബിസിനസ്,  ഇമിഗ്രേഷൻ  തുടങ്ങിയ വിഷയങ്ങൾ  ജി. ശ്രീനിവാസ റാവുവുമായി ചർച്ച  ചെയ്യാനും ഉപദേശം തേടാനുമുള്ള അവസരമൊരുക്കിയിട്ടുണ്ട് .

ഐ എ എം സി സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിക്കുന്ന ഫാമിലി നൈറ്റ്  വൈറ്റ് പ്ലേൻസിലുള്ള  റോയൽ പാലസ് ബാങ്കറ്റ് ഹാളിൽ  വൈകുന്നേരം 6 മണിക്ക് ആരംഭിക്കും. ചടങ്ങിന്റെ  ഒരുക്കങ്ങൾ പൂർത്തിയായതായി ഐ എ എം സി സി  ഇവന്റ്റ്  കോർഡിനേഷൻ ചെയർമാൻ പോൾ കറുകപ്പിള്ളിൽ പറഞ്ഞു.

ബിസിനസ്, സാമൂഹ്യ, സാംസ്‌കാരിക മാദ്ധ്യമ മേഖലകളിലെ പ്രമുഖ വ്യക്തികൾ  കുടുംബ സമേതം പങ്കുചേരുന്ന  ചടങ്ങിൽ  ആസ്വാദ്യകരമായ കലാപരിപാടികൾ ഉണ്ടായിരിക്കുമെന്ന്  ഐ എ എം സി സി മുൻ പ്രസിഡന്റ് റോയ് എണ്ണശേരിൽ പറഞ്ഞു.  പ്രശസ്ത ഗായകനായ കെ  എൽ അലക്‌സാണ്ടർ  നയിക്കുന്ന ഗാനമേളയും  മാജിക് ഷോയും പരിപാടികൾക്ക്  മാറ്റു കൂട്ടും.  

നോർത്ത് അമേരിക്കയിലെ മലയാളി ബിസിനസ്സ് സമൂഹത്തിന്റെ ഉന്നമനത്തിനു വേണ്ടി  പ്രവർത്തിക്കുന്ന ഇന്ത്യൻ അമേരിക്കൻ മലയാളി ചേംബർ ഓഫ് കൊമേഴ് സിന്റെ  കുടുംബ സംഗമ പരിപാടികൾക്ക്  നേതൃത്വം നൽകുന്നത് ഐ എ എം സി സി വൈസ്പ്രസിഡന്റ് ജോർജ് കുട്ടി, സെക്രട്ടറി വിൻസന്റ് സിറിയക്ക് , ജോയിന്റ് സെക്രട്ടറി ജോസ് തെക്കേടം, ട്രഷറർ കോശി ഉമ്മൻ,  ജോയിന്റ് ട്രഷറർ  സുധാകർ മേനോൻ, , നെറ്റ് വർക്കിങ് കമ്മിറ്റി ചെയർമാൻ  ജിൻസ്‌മോൻ പി. സക്കറിയ തുടങ്ങിയവരാണ് .

ഫാമിലി നൈറ്റിലേക്ക്  ഏവരെയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് മാധവൻ ബി നായർ പറഞ്ഞു.