ഡാളസ്: ഇന്ത്യൻ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ ഓഫ് നോർത്ത് ടെക്‌സസ് വാർഷികവും ജനറൽ ബോഡിയോഗവും നടത്തി. കരോൾട്ടൻ പബ്ലിക് ലൈബ്രറിയിൽ നടന്ന സമ്മേളനത്തിൽ സംഘടനയുടെ അംഗങ്ങളും കുടുബാംഗങ്ങളും പങ്കെടുത്തു.

സംഘടനയുടെ കഴിഞ്ഞ വർഷത്തെ നേട്ടങ്ങളും പ്രവർത്തനങ്ങളും അവലോകനം ചെയ്തു പ്രസിഡന്റ് ഹരിദാസ് തങ്കപ്പൻ അധ്യക്ഷത വഹിച്ചു സംസാരിച്ചു. വൻ വിജയമായി നടത്തിയ ഇരുപതാമത് വാർഷികാഘോഷവും നഴ്‌സിങ് എഡ്യൂക്കേഷൻ ക്ലാസുകളും ഇന്ത്യൻ നഴ്‌സിങ് വിദ്യാർത്ഥികൾക്കു കഴിഞ്ഞ വർഷം വിതരണം ചെയ്ത സ്‌കോളർഷിപ്പും നേപ്പാൾ ചെന്നൈ ദുരിതാശ്വാസ ഫണ്ടുകളിലേക്കു സംഭാവനകൾ നൽകുവാൻ കഴിഞ്ഞതും സംഘടനയുടെ പോയ വർഷത്തെ ചില പ്രധാന നേട്ടങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടി. വരും വർഷത്തിൽ ഇതിലുമധികം അർഹരായ നഴ്‌സിങ് വിദ്യാർത്ഥികളെ കണെ്ടത്തി വിദ്യാഭ്യാസ സഹായം നൽകുമെന്നും ഹരിദാസ് പറഞ്ഞു.

സെക്രട്ടറി ആനി തങ്കച്ചൻ വാർഷിക റിപ്പോർട്ടും ട്രഷറർ ആനി മാത്യു വാർഷിക കണക്കുകളും അവതരിപ്പിച്ചു. തുടർന്നു കലാപരിപാടികൾ അരങ്ങേറി. സ്റ്റീഫൻ പോട്ടൂർ അവതരിപ്പിച്ച ഉപകരണസംഗീതവും സെൽവിൻ സ്റ്റാൻലിയുടെ ഗാനങ്ങളും മികച്ചതായി. ആലീസ് മാത്യു ചടങ്ങിൽ എംസി ആയിരുന്നു. ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു. വൈസ് പ്രസിഡന്റ് ഡോ. മറിയ തോമസ് നന്ദി പറഞ്ഞു.