- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഇത് പഴയ ഇന്ത്യയല്ല..പുതിയ ഇന്ത്യ; നിയന്ത്രണരേഖയിൽ ഫിംഗർ ഫോറിലെ തന്ത്രപ്രധാനമായ മലനിരകൾ കീഴടക്കി ഇന്ത്യൻ സൈന്യം; നേടിയെടുത്തത് പാങ്ഗോങ്സോ തടാകത്തിന് ചുറ്റുവട്ടത്ത് നിലയുറപ്പിച്ച ചൈനീസ് പട്ടാളത്തെ നിരീക്ഷണത്തിലൂടെ നിലയ്ക്ക് നിർത്താനുള്ള മേൽക്കൈ; പുതിയ വിവരം പുറത്തുവന്നത് വിദേശകാര്യമന്ത്രി എസ്.ജയശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെ; ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച നീണ്ടുനിന്നത് രണ്ടരമണിക്കൂറിലേറെ
ന്യൂഡൽഹി: വെറും കാഴ്ചക്കാരായിരിക്കാൻ ഇനി ഇന്ത്യയെ കിട്ടില്ല. വ്യക്തമായ സന്ദേശമാണ് നിയന്ത്രണരേഖയിൽ ഇന്ത്യ ചൈനയ്ക്ക് നൽകികൊണ്ടിരിക്കുന്നത്. പാങ്ഗോങ് സോ തടാകത്തിന് സമീപം ചൈനീസ് സൈന്യം നിലയുറപ്പിച്ചിട്ടുള്ള ഫിംഗർ 4 ന് അഭിമുഖമായ മലനിരകളിൽ ഇന്ത്യ ആധിപത്യം സ്ഥാപിച്ചു. തർക്കപ്രദേശമായ ഫിംഗർ ഫോറിൽ ചൈനീസ് സൈന്യം കടന്നുകയറുക മാത്രമല്ല, നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിരുന്നു. ഇവിടെ നിന്ന് ഇന്ത്യൻ സൈനികർക്ക് ഇനി ചൈനീസ് സൈനികരെ എളുപ്പത്തിൽ നിരീക്ഷിക്കാനാകും. വിദേശകാര്യമന്ത്രി എസ്.ജയശങ്കർ ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയുമായി കൂടിക്കാഴ്ച നടത്തുന്ന പശ്ചാത്തലത്തിലാണ് ഈ വാർത്തയും പുറത്തു വന്നത്. മോസ്കോയിൽ നടക്കുന്ന ഷാങ്ഹായ് സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കാൻ എത്തിയതാണ് ഇരുവരും. രണ്ടരമണിക്കൂറിലേറെയാണ് വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കറും ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്. -നേരത്തെ റഷ്യൻ വിദേശകാര്യ മന്ത്രിയുമായും ജയ്ശങ്കർ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഓഗസ്റ്റ് അവസാനത്തോടുകൂടി ആരംഭിച്ച ദൗത്യമാണ് സൈന്യം ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നത്. ചൈനീസ് സേനയുടെ പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കാൻ സാധിക്കുന്ന പ്രദേശമാണ് എട്ട് മലനിരകൾ അടങ്ങിയ ഈ മേഖല. പാംങോങ് തടാകത്തിന്റെ കിഴക്കൻ മേഖലയിൽ സേനാനീക്കങ്ങൾ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ദൗത്യം ആരംഭിച്ചത്.
നേരത്തെ, പ്രദേശത്തെ മറ്റൊരു ഉയർന്ന പ്രദേശം ചൈനീസ് സേന കയ്യടക്കിയിരുന്നു. എന്നാൽ ചൈനീസ് സേന നിലയുറപ്പിച്ചിരിക്കുന്നതിലും മുകളിലാണ് ഇന്ത്യൻ സൈന്യം എത്തിയിരിക്കുന്നത്. ചുഷുൽ മേഖലയിൽ ചൈന 5000 സൈനികരെ കൂടി എത്തിച്ചതായാണ് പുറത്തുവന്ന ഏറ്റവും പുതിയ വിവരം.
തന്ത്രപ്രധാനം ഫിംഗറുകൾ
134 കിലോമീറ്റർ ദുരത്തിൽ പരന്നുകിടക്കുന്ന പാങ്ഗോങ് തടാകത്തിന്റെ വടക്കേക്കരയിലെ വിവിധ മലനിരകളാണ് അതിർത്തി നിർണയിക്കാൻ കണക്കാക്കുന്നത്. തടാകത്തിനു സമീപമുള്ള എട്ടു മലനിരകളാണു ഫിംഗറുകൾ എന്നു അറിയപ്പെടുന്നത്. എട്ടു വരെ ഇന്ത്യൻ അതിർത്തിയാണെങ്കിലും നാലാം മലനിര വരെയാണ് ഇന്ത്യക്കു പട്രോളിങ് പോസ്റ്റുകളുള്ളത്. നാലിനും എട്ടിനുമിടയിൽ ഇരുഭാഗത്തെയും സൈനികർ പട്രോളിങ് നടത്തിയിരുന്നു. കഴിഞ്ഞ മേയിൽ കടന്നുകയറിയ ചൈനീസ് പട്ടാളം ഇന്ത്യയുടെ പട്രോളിങ് പോസ്റ്റ് തകർത്തതാണ് ഇരുഭാഗത്തും ആൾനാശമുണ്ടാക്കിയ ഏറ്റുമുട്ടലുകൾക്കു പ്രകോപനമായത്.
നിയന്ത്രണ രേഖ ഫിംഗർ 8 ൽ തുടങ്ങുന്നുവെന്ന് ഇന്ത്യ വാദിക്കുമ്പോൾ ഇന്ത്യക്ക് ആധിപത്യമുള്ള ഫിംഗർ രണ്ടിലാണ് എൽഒസി തുടങ്ങുന്നത് എന്നാണ് ചൈനയുടെ അവകാശവാദം. 1999 ൽ കാർഗിൽ യദ്ധവേളയിൽ ഇന്ത്യൻ സൈനികരെ പുനർവിന്യസിച്ചപ്പോൾ ചൈനക്കാർ അതവസരമാക്കി കടന്നുകയറുകയും, ഫിംഗർ അഞ്ച് വരെ വഴി പണിയുകയും ചെയ്തു.
അതേസമയം, കിഴക്കൻ ലഡാക്കിൽ ഇരുപക്ഷത്തെയും ബ്രിഗേഡ് കമാൻഡർ തലത്തിലും കമാൻഡിങ് ഓഫീസർ തലത്തിലും കൂടിക്കാഴ്ചകൾ നടന്നു. ഇരുപക്ഷവും തമ്മിലുള്ള ആശയവിനിമയം നിലനിർത്തുക എന്നതാണ് ഈ കൂടിക്കാഴ്ചകളുടെ ലക്ഷ്യം.
രാജ്നാഥ് സിങ്ങിന്റെ മുന്നറിയിപ്പ്
അയൽ രാജ്യങ്ങൾ ഇന്ത്യയുടെ പരമാധികാരത്തെ വെല്ലുവിളിക്കാൻ ശ്രമിക്കരുതെന്നാണ് പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് മുന്നറിയിപ്പ് നൽകിയത്. ഇന്ത്യ സമാധാനമാണ് കാംക്ഷിക്കുന്നത്. അതിനൊപ്പം അയൽ രാജ്യങ്ങളും നിൽക്കണമെന്നും രാജ്നാഥ് സിങ് പറഞ്ഞു.
റഫാൽ യുദ്ധവിമാനങ്ങൾ വ്യോമസേനയുടെ ഭാഗമായ ചടങ്ങിലാണ് മന്ത്രി ചൈനയ്ക്ക് മുന്നറിയിപ്പു നൽകിയത്. ആദ്യ ബാച്ചിലെ അഞ്ച് റഫാൽ വിമാനങ്ങളാണ് ഹരിയാന അംബാലയിലെ വ്യോമത്താവളത്തിൽ നടന്ന ചടങ്ങിൽ സേനയുടെ ഭാഗമായത്.