ശ്രീനഗർ:കശ്മീരിലെ ചെറുപ്പക്കാരെ സൈന്യവുമായി അടുപ്പിക്കാനുള്ള ശ്രമങ്ങൾ വിജയത്തിലേക്ക് നീങ്ങുന്നതിന്റെ സൂചന നൽകി കരസേന. കരസേനയുടെ പരിശീലന മികവിൽ കശ്മീരിലെ 9 വിദ്യാർത്ഥികൾ ഐഐടി, എൻഐടി എന്നിവടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയായ ജെഇഇ(ജോയിന്റ് എൻട്രൻസ് എക്സാമിനേഷൻ) പാസ്സായി.യുവജനങ്ങളെ പ്രൊഫഷണൽ വിദ്യാഭ്യാസമേഖലയിലേക്കുള്ള പ്രവേശനത്തിന് സഹായിക്കാനായി സേന തുടങ്ങിവെച്ച പദ്ധതിയായിരുന്നു കശ്മീർ സൂപ്പർ 40 സംരംഭം. ജെഇഇയുടെ ആദ്യ ഘട്ട മെയിൻ പരീക്ഷയിൽ രണ്ടു പെൺകുട്ടികളുൾപ്പെടെ 28 വിദ്യാർത്ഥികൾ യോഗ്യത നേടിയിരുന്നുവെന്ന് സൈനിക വക്താവ് പറയുന്നു.

കശ്മീർ സൂപ്പർ 40 സംരംഭത്തിൽ ചേർന്ന് വിജയം കൈവരിച്ച 24 വിദ്യാർത്ഥികളുമായി കരസേനാ മേധാവി ബിപിൻ റാവത്ത് കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ സൈനിക ആസ്ഥാനത്ത് ഇന്നലെയായിരുന്നു കൂടിക്കാഴ്‌ച്ച. താഴ്‌വരയിലെ മറ്റെല്ലാ വെല്ലുവിളികൾക്കിടയിലും തങ്ങളുടെ ഉപരിപഠനത്തിന് വ്യക്തമായ ദിശ കാണിച്ചു തന്ന സൈന്യത്തിന് വിദ്യാർത്ഥികൾ നന്ദി പറഞ്ഞു.രാജ്യ നിർമ്മാണ പ്രവർത്തനങ്ങളിലും കശ്മീരിൽ സമാധാനം തിരികെ കൊണ്ട് വരാനുള്ള പ്രവർത്തനങ്ങളിലും യോജിച്ച് പ്രവർത്തിക്കാൻ വിദ്യാർത്ഥികൾ ശ്രമിക്കണമെന്ന നിർദ്ദേശം നൽകിയതായിസൈനിക വക്താവ് പറഞ്ഞു.

സർക്കാരിന്റെ സാമൂഹ്യ ഉത്തരവാദിത്വ പഠന കേന്ദ്രവും(സി എസ് ആർ എൽ) സേനയും ചേർന്നാണ് കശ്മീർ സൂപ്പർ 40 കോച്ചിങ് പരിപാടി ആരംഭിച്ചത്. സംസ്ഥാനത്ത് നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന 40 വിദ്യാർത്ഥികൾക്ക് 11 മാസത്തെ പരിശീലനവും സൗജന്യ താമസവും നൽകുന്നതാണ് കോച്ചിങ് രീതി.