ശ്രീനഗർ: അതിർത്തിയിൽ പ്രകോപനം തുടരുന്ന പാക്കിസ്ഥാന് ശക്തമായ തിരിച്ചടി നല്കി ഇന്ത്യ. നിയന്ത്രണരേഖയിൽ ഇന്ത്യയെ ആക്രമിക്കാൻ സ്ഥാപിച്ചിരുന്ന പാക്ക് ബങ്കർ ഇന്ത്യൻ സേന പൂർണമായും തകർത്തു. കൃഷ്ണഘാട്ടി മേഖലയ്ക്കു സമീപമുള്ള ബങ്കറാണ് നശിപ്പിച്ചത്. മോർട്ടാർ ഷെൽ ഉപയോഗിച്ചായിരുന്നു ആക്രമണം. 60 സെക്കൻഡിൽ ഷെൽ ബങ്കറിൽ പൊട്ടിത്തെറിക്കുന്നതു കേട്ടതായി സേന അറിയിച്ചു.

അടുത്തിടെ പാക്കിസ്ഥാന്റെ ഭാഗത്തുനിന്ന് കടുത്ത പ്രകോപനങ്ങളാണ് ഉണ്ടായത്. നിയന്ത്രണരേഖ മുറിച്ചുകടന്ന പാക് പട്ടാളവും ഭീകരരും രണ്ടു ബിഎസ്എഫ് ജവാന്മാരെ കൊലപ്പെടുത്തി മൃതദേഹങ്ങൾ വികൃതമാക്കുകയുണ്ടായി. തുടർന്നാണ് ഇന്ത്യ ശക്തമായ തിരിച്ചടി നല്കാൻ തീരുമാനിച്ചത്.

പാക്കിസ്ഥാന്റെ നടപടിക്ക് തക്ക തിരിച്ചടി നൽകാൻ കേന്ദ്ര സർക്കാർ നിർദ്ദേശം നൽകിയതിനു ദിവസങ്ങൾക്കകമാണ് സൈന്യം വീര്യം പ്രകടമാക്കിയത്. സൈന്യത്തിന് 'സമ്പൂർണ സ്വാതന്ത്ര്യം' സർക്കാർ അനുവദിച്ചിരുന്നു. പാക്കിസ്ഥാന്റെ ബങ്കർ പൊട്ടിത്തകരുന്നതു കേട്ടു സൈന്യം ആഹ്ലാദം പങ്കിടുന്ന ദൃശ്യങ്ങൾ പുറത്തുവരുന്നുണ്ട്.