മെഡൽ നിരസിച്ച ഇന്ത്യൻ ബോക്‌സിങ് താരം എൽ സരിതാദേവിക്കെതിരെ തൽക്കാലം കടുത്ത നടപടികളുണ്ടാവില്ല. മെഡൽ നിരസിച്ച സംഭവത്തിൽ സരിത അന്താരാഷ്ട്ര ബോക്‌സിങ് അസോസിയേഷനോടും ഏഷ്യൻ ഒളിമ്പിക് കൗൺസിലിനോടും (ഒസിഎ) മാപ്പുപറഞ്ഞതോടെയാണിത്. ഇത്തരമൊരു സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതായിരുന്നില്ലെന്ന് ഇന്ത്യൻ അധികൃതരും ഒളിമ്പിക് കൗൺസിലിനെ ധരിപ്പിച്ചു. 

എന്നാൽ, സരിതയ്ക്ക് ശക്തമായ താക്കീതാണ് നൽകുന്നതെന്ന് ഒസിഎയുടെ വൈസ് പ്രസിഡന്റ് വെയ് ജിഷോങ് പറഞ്ഞു. സരിതയുടെ വ്യക്തിപരമായ വൈകാരിക പ്രകടനമായിരുന്നു അതെന്നും ഇന്ത്യൻ സംഘത്തിന് അതിൽ ഉത്തരവാദിത്വമില്ലെന്നും ഒസിഎ നിരീക്ഷിച്ചു.

കൊറിയൻ താരം പാർക്ക് ജീനയുമായുള്ള സെമിഫൈനൽ മത്സരമാണ് വിവാദത്തിന് തുടക്കമിട്ടത്. മത്സരത്തിൽ വ്യക്തമായ മൂൻതൂക്കം സരിതക്കായിരുന്നുവെങ്കിലും പാർക്ക് ജീനയെയാണ് വിധികർത്താക്കൾ വിജയിയായി പ്രഖ്യാപിച്ചത്. തന്നോട് അനീതികാട്ടിയെന്ന ആരോപണവുമായി ഇതോടെ സരിത രംഗത്തെത്തി. അപ്പീൽ പരാജയപ്പെട്ടതോടെ, സരിത തന്റെ എതിർപ്പ് കൂടുതൽ പ്രകടമാക്കുകയായിരുന്നു.

മെഡൽ ദാനച്ചടങ്ങിൽ വെങ്കലമെഡൽ കഴുത്തിലണിയാൻ വിസമ്മതിച്ച സരിത, കൈയിൽ വാങ്ങിയ മെഡൽ പിന്നീട് പാർക്ക് ജീനയുടെ കഴുത്തിൽ അണിയിച്ചു കൊടുത്തു. സരിതയുടെ ഈ നടപടി കടുത്ത അച്ചടക്കലംഘനമാണൊണ് അന്താരാഷ്ട്ര അമേച്വർ ബോക്‌സിങ് അസോസിയേഷൻ നിരീക്ഷിച്ചു. റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്യാൻ അവകാശമുണ്ടെങ്കിലും, മെഡൽ നിഷേധിക്കാനും മെഡൽ ദാനച്ചടങ്ങ് അലങ്കോലമാക്കാനും ഒരാൾക്കും അധികാരമില്ലെന്ന് കണ്ട അസോസിയേഷൻ സരിതയ്‌ക്കെതിരെ അച്ചടക്ക നടപടിയുമായി മുന്നോട്ടുപോവുകയായിരുന്നു.

എന്നാൽ, തൊട്ടുപിന്നാലെ, മാപ്പപേക്ഷയുമായി സരിത രംഗത്തെത്തി. മെഡൽ നിരസിച്ച സംഭവത്തിൽ താൻ നിരാപാധികം മാപ്പുചോദിക്കുതായി കാണിച്ച് സരിതാ ദേവി ബോക്‌സിങ് അസോസിയേഷനും ഒസിഎയ്ക്കും കത്തയച്ചത് ഈ സാഹചര്യത്തിലാണ്. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് സരിത ഉറപ്പുനൽകി. ഇഞ്ചിയോണിലുള്ള ഇന്ത്യൻ സംഘത്തലവൻ ആദിൽ സുമരിവാല വഴിയാണ് സരിത കത്ത് നൽകിയത്. സരിതയുടെ നടപടികൾ പെട്ടെന്നുള്ള വികാരവിക്ഷോഭത്തിലുണ്ടായതാണെ് സുമരിവാലയും കത്തിൽ സൂചിപ്പിച്ചു.

അത്‌ലറ്റ് എന്ന നിലയ്ക്ക് റഫറിയുടെ തീരുമാനം അംഗീകരിക്കാനുള്ള മാന്യത സരിത കാട്ടേണ്ടതായിരുന്നുവെന്ന് ഒസിഎ പ്രസിഡന്റ് ഷെയ്ഖ് അഹമ്മദ് അൽ ഫഹദ് അൽ സബാ പറഞ്ഞു. സരിതയ്ക്ക് നിരാശയുണ്ടാവുക സ്വാഭാവികം. എന്നാൽ, അത് മറ്റു താരങ്ങളുടെ ആഹ്ലാദ നിമിഷങ്ങൾ കൂടിയാണ് ഇല്ലാതാക്കിയതെന്നും ഓർക്കണം. സരിത മാപ്പു ചോദിച്ചതിൽ താൻ തൃപ്തനാണെന്നും അദ്ദേഹം പറഞ്ഞു.