കാബൂൾ: വടക്കൻ അഫ്ഗാനിസ്ഥാനിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഭീകരാക്രമണശ്രമം. ഇതോടെ ലോകത്തെമ്പാടുമുള്ള ഇന്ത്യൻ എംബസികളുടെ സുരക്ഷ കർശനമാക്കി. പഠാൻകോട്ട് അക്രമം കൂടി കണക്കിലെടുത്താണ് തീരുമാനം. ഡൽഹിയിൽ തീവ്രവാദികൾ നുഴഞ്ഞു കയറിയതായും സംശയമുണ്ട്. അതുകൊണ്ട് തലസ്ഥാനത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.

അഫ്ഗാനിസ്ഥാൻ നഗരമായ മസാർ-ഇ-ഷരീഫിലുള്ള ഇന്ത്യൻ കോൺസുലേറ്റിനു നേരെയാണ് ആക്രമണമുണ്ടായത്. തോക്കുധാരികളായ ഭീകരർ കോൺസുലേറ്റിലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുകയായിരുന്നു. രണ്ടു പേരാണ് ആക്രമണത്തിന് നേതൃത്വം നൽകിയത്. രണ്ടു ഭീകരരെയും വധിച്ചതായി അഫ്ഗാൻ പൊലീസ് അറിയിച്ചു.

കോൺസുലേറ്റിന് സമീപം വെടിവയ്‌പ്പ് നടന്നുവെന്നും രണ്ടു തവണ സ്‌ഫോടന ശബ്ദം കേട്ടുവെന്നും ദൃക്‌സാക്ഷികൾ പറഞ്ഞു. എന്നാൽ ഭീകരർക്ക് കോൺസുലേറ്റിലേക്ക് കടക്കാൻ സാധിച്ചില്ല. 20 മിനിറ്റോളം നേരം ഭീകർ കോൺസുലേറ്റിലേക്ക് കടക്കാൻ ശ്രമിച്ചെങ്കിലും സുരക്ഷാ സൈന്യം ഇത് പരാജയപ്പെടുത്തുകയായിരുന്നു. ശക്തമായ ഏറ്റുമുട്ടലാണ് സുരക്ഷ സൈന്യവും ഭീകരരും തമ്മിലുണ്ടായത്. കോൺസുലേറ്റിലെ ഇന്ത്യൻ ഉദ്യോഗസ്ഥർ സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.

ഒരു തീവ്രവാദ സംഘടനയും ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടില്ല. എംബസിക്ക് സമീപമുള്ള വിവാഹ ഹാളിൽ നിന്നാണ് ആക്രമമം ഉണ്ടായത്. നൂറ് മീറ്റർ അകലെ നിന്നാണ് ആക്രമണം തുടങ്ങിയത്. കാറിനെ മറയാക്കി എംബസിക്കുള്ളിലേക്ക് കടക്കാനും ശ്രമിച്ചു. പഴുതുകൾ അടച്ച് അഫ്ഗാൻ പൊലീസും ഐറ്റിബിപി കമാണ്ടോകളും തിരിച്ചടിച്ചതോടെ ദൗത്യം പരാജയപ്പെട്ടു. എംബസിക്ക് പുറത്താണ് സ്‌ഫോടനങ്ങളും മറ്റും നടന്നത്.

അഫ്ഗാനുമായി ഇന്ത്യ സൗഹൃദം ശക്തമാക്കിയ സാഹര്യത്തിലാണ് ആക്രമണമെന്നാണ് വിലയിരുത്തൽ. ഡിസംബർ 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അഫ്ഗാനിൽ അപ്രതീക്ഷിത സന്ദർശനം നടത്തിയിരുന്നു. അന്ന് ഇന്ത്യ നിർമ്മിച്ച് നൽകിയ അഫ്ഗാൻ പാർലമെന്റിന്റെ ഉദ്ഘാടനവും നിർവ്വഹിച്ചു. അതിന് പിന്നാലെയാണ് കോൺസുലേറ്റ് ആക്രമണം.