ഹൈദരാബാദ്: ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് സിറാജിന്റെ പിതാവ് മുഹമ്മദ് ഗൗസ് അന്തരിച്ചു. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം. 53 വയസ്സായിരുന്നു. നിലവിൽ ഓസ്‌ട്രേലിയയിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടെസ്റ്റ് ടീമിൽ അംഗമായ സിറാജിന് പിതാവിന്റെ അന്ത്യകർമ്മങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല. ഓാസ്‌ട്രേലിയയിലെത്തി ക്വാറന്റീനിൽ കഴിയുന്ന സിറാജിനെ പിതാവിന്റെ മരണ വാർത്ത അറിയിച്ചു.

ഹൈദരാബാദിൽ ഓട്ടോ ഡ്രൈവറായിരുന്ന മുഹമ്മദ് ഗൗസ്, ഏറെ പ്രതിസന്ധികൾ തരണം ചെയ്താണ് മകനെ ക്രിക്കറ്റ് താരമാക്കി വളർത്തിയത്. യുഎഇയിൽ അടുത്തിടെ സമാപിച്ച ഇന്ത്യൻ സൂപ്പർ ലീഗ് (ഐപിഎൽ) 13ാം സീസണിനിടെ, ഗൗസ് രോഗബാധിതനായി ചികിത്സയിലായിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിൽ തകർപ്പൻ സ്‌പെല്ലിലൂടെ സിറാജ് ബാംഗ്ലൂർ റോയൽ ചാലഞ്ചേഴ്‌സിന് വിജയം സമ്മാനിക്കുമ്പോഴും ഗൗസ് ആശുപത്രിയിലായിരുന്നു.

'പരിശീലകൻ രവി ശാസ്ത്രിയും ക്യാപ്റ്റൻ വിരാട് കോലിയുമാണ് മരണവിവരം എന്നെ അറിയിച്ചത്. കരുത്തനായിരിക്കാനാണ് അവർ ആവശ്യപ്പെട്ടത്. എല്ലാ പന്തുണയും അവർ തരുന്നുണ്ട്' ഓസ്‌ട്രേലിയയിലുള്ള സിറാജ് പറഞ്ഞു.