ന്യൂഡൽഹി: വീടിനു തീപിടിച്ചു മലയാളി യുവ ഡോക്ടർ ലൈബീരിയയിൽ മരിച്ചു. കോട്ടയം കങ്ങഴ പാറയ്ക്കൽ വീട്ടിൽ ജോർജ് മാത്യു പാറയ്ക്കന്റെ മകൻ ഡോ. ഷെയ്ൻ സാം മാത്യു(25) ആണു മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്നോടെയാണ് അപകടം. ഡീസൽ ജനറേറ്ററിൽനിന്നുണ്ടായ തീപിടിത്തത്തിൽ വീട് കത്തിച്ചാമ്പലാവുകയായിരുന്നു. ദന്തഡോക്ടറാണ് മരിച്ച ഷെയ്ൻ സാം മാത്യു.

ആശുപത്രിയോട് ചേർന്ന ക്വട്ടേഴ്‌സിലായിരുന്നു ഷെയ്ൻ താമസിച്ചിരുന്നത്. രാത്രി പതിനൊന്നോടെ അപകടം ഉണ്ടാകുമ്പോൾ ഗാഢമായ ഉറത്തിലായിരുന്നു അദ്ദഹം. അതിവേഗം അഗ്നി ആളിപ്പടർന്നതോടെ ഡോക്ടർക്ക് രക്ഷപെടാൻ സാധിച്ചില്ലെന്നാണ് ലൈബീരിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ആശുപത്രിയിലേക്ക് വൈദ്യുതി വിതരണം ചെയ്യുന്ന ലൈനിന് തകരാറുണ്ടായതിനെ തുടർന്നാണ് ജനറേറ്റർ പ്രവർത്തിപ്പിച്ചിരുന്നത്.

തീപിടുത്തമുണ്ടായ വേളയിൽ രക്ഷിക്കണമെന്ന അഭ്യർത്ഥനകളുമായുള്ള നിലവിളി കേട്ടെന്ന് സമീപവാസികളും പറയുന്നു. ശബ്ദം കേട്ടെത്തിയവർ കണ്ടത് ആളിക്കത്തുന്ന വീടായിരുന്നു. ഡോക്ടറുടെ മൃതദേഹം തിരിച്ചറിയാൻ സാധിക്കാത്ത വിധം കത്തി ചാമ്പലായിട്ടുണ്ട്. സംഭവത്തിൽ ലൈബീരിയൻനാഷണൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ലുധിയാന ക്രിസ്ത്യൻ മെഡിക്കൽ കോളജിൽനിന്ന് ബിരുദമെടുത്ത ഷെയ്ൻ സാമൂഹിക സേവനത്തിനായി കഴിഞ്ഞ ജനുവരിയിലാണു ലൈബീരിയയിലേക്കു പോയത്. ഡിസംബറിൽ തിരികെ വരാനിരിക്കുകയായിരുന്നു. ചുരുങ്ങിയ കാലം കൊണ്ട് തന്നെ എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റാൻ സാം മാത്യുവിന് സാധിച്ചിരുന്നു. ഷെയ്‌ന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണു ബന്ധുക്കൾ. സംസ്‌കാരം പിന്നീട്.

അമ്മ: എലിസബത്ത്. സഹോദരി: ഷെറിൽ.