ന്യൂഡൽഹി: സ്വന്തം രാജ്യത്തുനിന്ന് അന്യദേശത്തുപോയി ജോലി ചെയ്ത് ജീവിക്കുന്നവരുടെ എണ്ണം ദിനം പ്രതി കൂടിവരികയാണ്. കുടിയേറ്റം നിയന്ത്രിക്കാൻ ഓരോ രാജ്യങ്ങളും കർശനമായ വ്യവസ്ഥകൾ ഏർപ്പെടുത്തിയിട്ടും പ്രവാസികളുടെ എണ്ണത്തെ അത് ബാധിച്ചിട്ടില്ല. ലോകത്താകമാനം 25 കോടിയോളം പ്രവാസികളുണ്ടെന്ന് ഐക്യരാഷ്ട്ര സഭ. ലോകജനസംഖ്യയുടെ 3.3 ശതമാനത്തോളം വരുമിത്.

എന്നാൽ, പ്രവാസികൾ ലോകത്തെ 20-ഓളം രാജ്യങ്ങളിലായി കേന്ദ്രീകരിച്ചിരിക്കുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ കണക്കുകൾ വ്യക്തമാക്കുന്നു. അമേരിക്കയാണ് പ്രവാസികളുടെ ഇഷ്ടരാജ്യം. ഏറ്റവും കൂടുതൽപേർ ആഗ്രഹിക്കുന്നത് അമേരിക്കയിലേക്ക് കുടിയേറാനാണ്. ജർമനി, റഷ്യ, സൗദി അറേബ്യ എന്നിവയാണ് മറ്റ് ഇഷ്ടകേന്ദ്രങ്ങൾ. പ്രവാസികളായ തൊഴിലാളികളുടെ എണ്ണത്തിൽ സൗദി അറേബ്യയാണ് മുന്നിൽ. അമേരിക്കയിലെത്തുന്ന പ്രവാസികളിൽ ഏറിയ പങ്കും അവിടെത്തന്നെ സ്ഥിരതാമസമാക്കുകയാണെന്നും കണക്കുകൾ വ്യക്തമാക്കുന്നു.

പ്രവാസിലോകത്ത് ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത്. ലോകത്തെമ്പാടുമായി ജീവിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 1.6 കോടി വരും. പ്രവാസികൾ നാട്ടിലേക്ക് അയക്കുന്ന വരുമാനത്തിന് ഇന്ത്യൻ സമ്പദ്ഘടനയിൽ നിർണായക സ്ഥാനമുണ്ടെന്നും ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കൃത്യമായ യാത്രാരേഖകളുടെ അടിസ്ഥാനത്തിൽ പ്രവാസികളായി ജീവിക്കുന്നവരുടെ കണക്കാണിത്.

എന്നാൽ, അഭയം തേടി വിവിധ രാജ്യങ്ങളിൽ കുടിയേറിയവർ ഇന്ത്യക്കാരേക്കാൾ മുന്നിലാണ്. രണ്ടുകോടിയോളം അഭയാർഥികൾ വിവിധ രാജ്യങ്ങളെ ആശ്രയിച്ച് ജീവിക്കുന്നുണ്ട്. ഇന്ത്യ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ പ്രവാസികൾ മെക്‌സിക്കോയിൽനിന്നാണ് 1.2 കോടി ആളുകൾ. അമേരിക്കയാണ് മെക്‌സിക്കോക്കാരുടെ ഇഷ്ട ലക്ഷ്യകേന്ദ്രം.