- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ഖത്തറിലെ സമൂഹ മാധ്യമങ്ങളിൽ ഇന്ത്യക്കെതിരെ വിദ്വേഷ പ്രചരണങ്ങൾ; വ്യാജ പ്രൊഫൈലുകളിൽ നിന്നുള്ള പ്രചരണങ്ങളിൽ ഇരയാവാതിരിക്കാൻ ജാഗ്രത പാലിക്കണം; എല്ലാ ഇന്ത്യൻ പൗരന്മാരും ഐക്യത്തോടെ തുടരണമെന്ന് ഇന്ത്യൻ എംബസി
ദോഹ: സമൂഹമാധ്യമങ്ങളിൽ ഇന്ത്യയ്ക്കെതിരെ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ മുന്നറിയിപ്പുമായി ഖത്തറിലെ ഇന്ത്യൻ എംബസി. വ്യാജ പ്രൊഫൈലുകളിൽ നിന്നും വരുന്ന വിദ്വേഷ പ്രചരണങ്ങൾ വിശ്വസിക്കരുതെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള സാഹോദര്യവും സൗഹൃദവും നിലനിർത്തണമെന്നും ഇന്ത്യൻ എംബസി ഔദ്യോഗിക ട്വിറ്റർ പേജിൽ കുറിച്ചു. ഇന്ത്യക്കെതിരായി കെട്ടിച്ചമച്ച വ്യാജ വീഡിയോകൾ പലരും പ്രചരിപ്പിക്കുന്നുണ്ടെന്നും ട്വീറ്റിൽ പറയുന്നു.
'ഇന്ത്യയെക്കുറിച്ച് തെറ്റായ പ്രചാരണത്തിലൂടെ വിദ്വേഷം പരത്താനും ഇന്ത്യയും ഖത്തറും എന്ന രണ്ട് രാജ്യങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കാനും സോഷ്യൽ മീഡിയയിൽ ദുരുദ്ദേശപരമായ ശ്രമം നടക്കുന്നു. വ്യാജ അക്കൗണ്ടുകൾ, പ്രചരണങ്ങൾ, കെട്ടിച്ചമച്ച വീഡിയോകൾ എന്നിവയ്ക്ക് ഇരയാവാതിരിക്കാനും ജാഗ്രത പാലിക്കാനും ഞങ്ങൾ എല്ലാവരോടും അഭ്യർത്ഥിക്കുന്നു. എല്ലാ ഇന്ത്യക്കാരോടും ഐക്യത്തോടെ നിലനിൽക്കാനും,' ദോഹയിലെ ഇന്ത്യൻ എംബസി അറബിക് ഭാഷയിൽ ട്വീറ്റ് ചെയ്തു.
يوجد محاولة خبيثة على وسائل التواصل الاجتماعي لنشر كراهية وخلق اختلافات بين دولتين صديقتين الهند وقطر من خلال الدعاية الكاذبة عن الهند فنحث الجميع على ممارسة الحذر وعدم الوقوع ضحايا للحسابات المزيفة والدعاية والفيديوهات المفبركة. يُنصح جميع الهنود بالحفاظ على الوحدة والوئام
- India in Qatar (@IndEmbDoha) September 28, 2021
ട്വീറ്റിനു താഴെ നിരവധി പേർ കമന്റുകളുമായെത്തിയിട്ടുണ്ട്. അസം കുടിയൊഴിപ്പിക്കലിനിടെ ഉണ്ടായ വെടിവെപ്പിന്റെ ദൃശ്യങ്ങൾപ്പെടെ പങ്കു വെച്ച് കൊണ്ടാണ് കമന്റുകൾ. ഇതൊക്കെയാണോ പ്രൊപഗാന്റ വീഡിയോകൾ എന്നും കമന്റുകളിൽ ചോദിക്കുന്നുണ്ട്.
അസം വെടിവെപ്പിന് ശേഷം ഗൾഫ് രാജ്യങ്ങളിൽ നിരവധി പേർ ഇന്ത്യക്കെതിരെ ട്വീറ്റുകളിടുന്നുണ്ട്. ഇതിനെതിരെ ഇന്ത്യയിൽ നിന്നുള്ള ചില ട്വിറ്റർ ഉപയോക്താക്കൾ മറുപടി നൽകുന്നുമുണ്ട്. പരസ്പരമുള്ള ട്വിറ്റർ പോര് തുടരവയാണ് ഇന്ത്യൻ എംബസി ഇതിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
കഴിഞ്ഞ വർഷം സമാനമായ രീതിയിൽ ഇന്ത്യയിലെയും ഗൾഫ് രാജ്യങ്ങളിലെയും ട്വിറ്റർ ഉപയോക്താക്കൾ തമ്മിൽ തർക്കമുണ്ടായിരുന്നു. ഇന്ത്യയിൽ വർധിച്ചു വരുന്ന മുസ്ലിം വിരുദ്ധത ഗൾഫ് രാജ്യങ്ങളിൽ താഴേക്കിടയിൽ പ്രതിഫലിച്ചു തുടങ്ങുന്നുണ്ടെന്ന് നേരത്തെ വ്യക്തമായിരുന്നു. വർഗീയപരമായ കമന്റുകളിട്ട നിരവധി ഇന്ത്യക്കാർക്ക് കഴിഞ്ഞ വർഷം ഗൾഫ് രാജ്യങ്ങളിലെ കമ്പനികളിൽ നിന്നും ജോലി നഷ്ടപ്പെട്ടിരുന്നു.




