വിദേശത്ത് ദുരിതത്തിൽ കഴിയുന്ന പ്രവാസി തൊഴിലാളികൾക്ക് എംബസി അധികൃതരെ ബന്ധപ്പെടാൻ സഹായിക്കുന്ന ആൻഡ്രോയിഡ് മൊബൈൽ ആപ്‌ളിക്കേഷൻ പുറത്തിറക്കി. മൈഗ് കാൾ എന്ന് പേരിട്ട ആപ്‌ളിക്കേഷൻ മസ്‌കത്ത് ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ ഇന്ദ്രമണി പാണ്ഡെയാണ് പുറത്തിറക്കിയത്. ഗൾഫ് രാഷ്ട്രങ്ങളിൽ തൊഴിലിടത്ത് പീഡനവും മറ്റും മൂലം ദുരിതമനുഭവിക്കുന്നവർക്ക് എംബസിയുമായി ബന്ധപ്പെടുന്നതിനുള്ള നമ്പറുകൾ ലഭിക്കാത്ത അവസ്ഥയുണ്ടാകാറുണ്ട്.

ഒമാനിലെ ഇന്ത്യൻ ബിസ്‌നസുകാരായ റെജിമോൺ, ജോസ് ചാക്കേ എന്നിവരാണ് ആപ്ലിക്കേന് പിറകിൽ ഉള്ളത്. ആറ് ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് എംബസിയുടെ സേവനം ഫലപ്രദമായി ഉപയോഗിക്കാൻ പുതിയ ആപ്ലിക്കേഷൻ സഹായിക്കുമെന്ന് ഇന്ദ്രമാണി പറഞ്ഞു. അടിയന്തരഘട്ടങ്ങളിൽ ഇത് പ്രത്യേകിച്ചും ഫലം ചെയ്യും.

ആൻഡ്രോയ്ഡ് ഒഎസ് പ്ലാറ്റ് ഫോമിലാണ് മൈഗ് കാൾ പ്രവർത്തിക്കുക. ഗൂഗിൾ സ്റ്റോറിൽ നിന്ന് വിവിധ ഇന്ത്യൻ ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്. മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക്, കർണാടക, ബംഗാളി, ഇംഗ്ലീഷ് എന്നി ഭാഷകളിൽ ലഭ്യമാണ് ആപ്ലിക്കേഷൻ. ഇന്റർനെറ്റ് ഇല്ലാതെയും ആപ്ലിക്കേഷൻ പ്രവർത്തിക്കും. ഡൗൺ ലോഡ് ചെയ്യുമ്പോൾതന്നെ പത്ത് ഹെൽപ് ലൈൻ നമ്പറുകൾ സേവ് ചെയ്തിട്ടുണ്ടാകും. ഇന്ത്യ മാതൃരാജ്യമായും ഒമാൻ ആതിഥേയ രാജ്യവുമായി രജിസ്റ്റർ ചെയ്താൽ പ്രധാനപ്പെട്ട അഞ്ച് ഹെൽപ് ലൈൻ നമ്പറുകൾ ഒമാനിലെയും അഞ്ച് നമ്പറുകൾ ഇന്ത്യയിലെയും സേവ് ചെയ്യപ്പെടും.

ആറ് ജിസിസി രാജ്യങ്ങളിലെയും ഹെൽപ് ലൈൻ നമ്പർ മൈഗ് കോളിൽ ലഭ്യമാകും. ആപ്ലിക്കേഷൻ പാസ്‌പോർട് സർവീസിന്റെ ഹെൽപ് ലൈൻ നമ്പറുകളും നൽകുന്നുണ്ട്. കൗൺസിലിങ് സർവീസ് ,പ്രാദേശിക പൊലീസ് സ്‌റ്റേഷനുകളിലെ നമ്പറുകൾ, ആശുപത്രി നമ്പറുകൾ എന്നിവയും ലഭിക്കും എസ്ഒഎസ് മെസേജുകൾ എമർജൻസി നമ്പറുകളിലേക്ക് അയക്കാൻ കൂടി കഴിയുന്നതാണ് ആപ്ലിക്കേഷൻ. അടിയന്തര ഘട്ടത്തിൽ ഇത് ഉപയോഗിക്കാം. ഏറ്റവും അടുത്തുള്ള ഇന്ത്യൻ എംബസി ഓഫീസിന്റെ ജിപിഎസ് ലോക്കേഷനും ആപ്ലിക്കേഷൻ വഴി അറിയാം.