ന്ത്യയിൽനിന്നുള്ള വീട്ടുവേലക്കാരികളെ റിക്രൂട്ട് ചെയ്യുന്നതിന് 720 ദീനാർ ബാങ്ക് ഗാരന്റി നൽകണമെന്ന ഇന്ത്യൻ എംബസിയുടെ നിബന്ധനയെ ചൊല്ലി ഇന്ത്യയും കുവൈത്തും തമ്മിലുള്ള അഭിപ്രായഭിന്നത പരിഹാരമില്ലാതെ തുടരുന്നതിനിടെ ഗാർഹികതൊഴിലാളികൾക്ക് സഹായ വാഗ്ദാനവുമായി വീണ്ടും ഇന്ത്യൻ എംബസി രംഗത്ത്.

തൊഴിലിടങ്ങളിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഗാർഹിക തൊഴിലാളികളെ സർക്കാർ ചെലവിൽ നാട്ടിലെത്തിക്കുമെന്ന ഉറപ്പ് നല്കിയതാണ് കുവൈത്തിലെ ഗാർഹിക തൊഴിലാളികൾക്ക് കൈത്താങ്ങായിരിക്കുന്നത്. ബാങ്ക് ഗ്യാരണ്ടി തീരുമാനം പിൻവലിക്കാൻ കുവൈത്ത് ഭരണകൂടം ഒരാഴ്ചത്തെ സമയപരിധി വച്ചതിന് പിറകെയാണ് എംബസിയുടെ ഈ അറിയിപ്പ്.

കുവൈത്തിൽ  ഉള്ള ഗാർഹിക ജോലിക്കാർക്ക്  ഏതെങ്കിലും തരത്തിലുള്ള പ്രയാസങ്ങൾ ഉണ്ടായാൽ എംബസ്സി അഭയം നൽകുമെന്നും  24 മണിക്കൂറും എംബസ്സിയിൽ ഇതിനായി പ്രത്യേക ഹെൽപ്പ് ലൈൻ പ്രവർത്തിക്കുന്നു എന്നും എംബസ്സിയുടെ  വാർത്താക്കുറിപ്പിൽ പറയുന്നു.

ഷെൽട്ടറിൽ എത്തുന്നവർക്ക് താമസം ഭക്ഷണം, നാട്ടിലേക്കുള്ള വിമാന ടിക്കറ്റ്, വഴിചെലവിനുള്ള  പണം എന്നിവ ഇന്ത്യ ഗവൺമെന്റിന്റെ ഫണ്ടിൽ നിന്ന് നൽകും. ആശയ വിനിമയം എളുപ്പമാക്കാൻ വിവിധ ഭാഷക്കാർക്കായി പ്രത്യേകം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. ഇന്ത്യക്കാരായ വീട്ടുജോലിക്കാരുടെ ക്ഷേമം മുൻനിർത്തി  ഇന്ത്യ നടപ്പാക്കിയ നിബന്ധനകളും വാർത്താകുറിപ്പിൽ എംബസ്സി ആവർത്തിച്ചു.

ഗാർഹിക മേഖലയിലേക്ക്  തൊഴിലാളികളെ അയക്കണമെങ്കിൽ സ്പോൺസരും തൊഴിലാളിയും ഒപ്പിട്ട തൊഴിൽ കരാർ എംബസ്സിയിൽ നിന്ന് സാക്ഷ്യപ്പെടുത്തണം, 720 ദിനാർ ബാങ്ക് ഗ്യാരണ്ടിയായി എംബസ്സിയിൽ നല്കണം, തൊഴിലാളിക്ക് പ്രീപെയിഡ് നമ്പർ സഹിതം മൊബൈൽ ഫോൺ നൽകണം, 7075 ദിനാറിൽ  കുറയാത്ത മാസ വേതനം നല്കണം എന്നിവയാണ്  ഉപാധികൾ. ബാങ്ക് ഗ്യാരണ്ടി ഉപാധി പിൻവലിക്കാൻ കുവൈത്ത് നല്കിയ സമയപരിധി അവസാനിക്കാൻ രണ്ടു ദിവസം ബാക്കി നിൽക്കെ നിലപാടു മാറ്റാൻ തയ്യാറല്ലെന്ന സൂചനയാണ് പുതിയ പ്രസ്താവനയിലൂടെ എംബസ്സി നല്കിയിരിക്കുന്നത്.