ന്യൂഡൽഹി: യുഎൻ രക്ഷാസമിതിയുടെ ചർച്ചയിൽ ഭീകരവാദത്തിനെതിരെ ശക്തമായ നിലപാടറിയിച്ച് ഇന്ത്യ. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും ഐഎസ് ഇന്ത്യയുടെ അയൽപക്കത്ത് വരെ എത്തിയെന്നും രക്ഷാ സമിതിയിൽ വിദേശകാര്യമന്ത്രി എസ് ജയശങ്കർ ആശങ്കയറിയിച്ചു. ആഗോള സമാധാനത്തിനും സുരക്ഷയ്ക്കുമുള്ള ഭീഷണി എന്ന വിഷയത്തിൽ യുഎൻ രക്ഷാ സമിതി സംഘടിപ്പിച്ച ചർച്ചയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭീകരതയോട് ലോകം ഒട്ടും വിട്ടുവീഴ്ച ചെയ്യരുത്. ഭീകരവിരുദ്ധ നീക്കങ്ങളെ തകിടം മറിക്കുന്ന ചില രാജ്യങ്ങളുണ്ടെന്ന് പാക്കിസ്ഥാനെ പരോക്ഷമായി വിമർശിച്ച് അദ്ദേഹം കുറ്റപ്പെടുത്തി.

താലിബാൽ ഭരണം പിടിച്ചെടുത്ത അഫ്ഗാനിസ്ഥാനിലെ സ്ഥിതിയിൽ കടുത്ത ആശങ്ക അറിയിച്ച ഇന്ത്യ, ജെയിഷെ- ഇ മുഹമ്മദും ലഷ്‌ക്കർ ഇ- ത്വയിബയും അഫ്ഗാനിസ്ഥാനിലും സജീവമാണെന്നും രക്ഷാസമിതിയെ അറിയിച്ചു.

പാക്കിസ്ഥാനെ കടന്നാക്രമിച്ചാണ് ഇന്ത്യൻ വിദേശകാര്യമന്ത്രി സംസാരിച്ചത്. ചിലർ ഭീകരർക്ക് സുരക്ഷിത താവളം ഒരുക്കുന്നു എന്നാണ് പാക്കിസ്ഥാനെ ഉദ്ദേശിച്ച് അദ്ദേഹം പറഞ്ഞത്. ഭീകരവാദത്തിന്റെ കാര്യത്തിൽ ഇരട്ടത്താപ്പ് പാടില്ലെന്നും കോവിഡ് പോലെ എല്ലാവരെയും ബാധിക്കുന്നതാണ് അതെന്നും അദ്ദേഹം പറഞ്ഞു.'ചില രാജ്യങ്ങളുടെ നിലപാട് ഭീകരതയെ പ്രോത്സാഹിപ്പിക്കുന്നതാണ്. 

ഐഎസിന്റെ സാമ്പത്തിക സ്രോതസ് ബലപ്പെട്ടു. ബിറ്റ്‌കോയിനായും ഇപ്പോൾ ഭീകരപ്രവർത്തനങ്ങൾക്ക് പണം നൽകുന്നു. യുവാക്കളെ ഓൺലൈൻ വഴി ഭീകരസംഘടനകൾ സ്വാധീനിക്കുന്നത് വലിയ ആശങ്കയാണെന്നും വിദേശകാര്യമന്ത്രി പറഞ്ഞു. 

തീവ്രവാദം ഒരു മതത്തോടോ ദേശീയതയോടോ നാഗരികതയോടോ വംശീയ ഗ്രൂപ്പുകളുമായോ ബന്ധപ്പെടാൻ പാടില്ലെന്ന് ഇന്ത്യ തിരിച്ചറിയുന്നു, ഭീകരതയുടെ തിന്മയുമായി ലോകം ഒരിക്കലും വിട്ടുവീഴ്ച ചെയ്യരുത്- ജയ്ശങ്കർ പറഞ്ഞു

അഫ്ഗാനിസ്താനിലെ സംഘർഷങ്ങൾ ആഗോളതലത്തിൽ ആശങ്കയുണ്ടാക്കുന്നതാണ്. ഭീകരർക്ക് താവളമൊരുക്കുന്ന രാജ്യങ്ങൾക്കെതിരേ നടപടി വേണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു. അഫ്ഗാനിലായാലും ഇന്ത്യക്കെതിരേ ആയാലും ജെയ്ഷെ മുഹമ്മദ്, ലഷ്‌കർ ഇ ത്വയ്ബ തുടങ്ങിയ ഭീകര സംഘടനകൾ യാതൊരു തടസവുമില്ലാതെ ഇപ്പോഴും പ്രവർത്തിക്കുന്നു.

വിവിധ തലങ്ങളിൽ നിന്ന് ലഭിക്കുന്ന സഹായത്തോടെയും പ്രോത്സാഹനത്തോടെയുമാണ് ഭീകര സംഘടനകൾ പ്രവർത്തിക്കുന്നത്. അഫ്ഗാനിലെ നിരോധിത സംഘടനയായ ഹഖാനിയുടെ പ്രവർത്തനങ്ങൾ ആശങ്കാജനകമാണ്. എല്ലാ തരത്തിലുള്ള ഭീകരതെയും നേരിടാൻ ലോകരാഷ്ട്രങ്ങൾ തയ്യറാകണമെന്നും ജയ്ശങ്കർ ആവശ്യപ്പെട്ടു.

ഐഎസ് ഭീകരർ അവരുടെ ശൃംഖല വ്യാപിക്കുകയാണ്. ലോകം മുഴുവൻ സുരക്ഷിതമാകാതെ നമ്മളാരും സുരക്ഷിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു. അഫ്ഗാൻ ആഗോള ഭീകരതയുടെ പ്രഭവ കേന്ദ്രമായി വീണ്ടും മാറരുതെന്ന് യുഎൻ ഭീകരവിരുദ്ധ ഓഫീസ് സെക്രട്ടറി ജനറൽ വ്ളാഡിമർ ആവശ്യപ്പെട്ടു. താലിബാന്റെ പല നേതാക്കളാണെന്നും മുദ്രകുത്തപ്പെട്ട ഭീകരരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അഫ്ഗാനിസ്താനിൽ നിന്ന് ഇന്ത്യക്കാരെ മടക്കിക്കൊണ്ടുവരുന്നതിനാണ് മുൻഗണനയെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു.