മെൽബൺ: ഭാര്യയെ കുത്തിക്കൊന്ന ഇന്ത്യൻ വംശജന് വിക്ടോറിയൻ കോടതി 22 വർഷത്തെ തടവിനു ശിക്ഷിച്ചു. ഡാൻസറും കോറിയോഗ്രാഫറുമായിരുന്ന ഇരുപത്തിമൂന്നുകാരി നിഖിത ചൗളയെ കുത്തിക്കൊന്ന കേസിലാണ് ഭർത്താവ് മുപ്പതു വയസുള്ള പർമീന്ദർ സിംഗിന് ശിക്ഷ ലഭിച്ചത്.

2015 ജനുവരി ഒമ്പതിന് ബ്രൂൺസ്വിക്ക് വെസ്റ്റിലുള്ള വീട്ടിൽ വച്ചാണ് പർമീന്ദർ ഭാര്യയെ ഇറച്ചിവെട്ടുന്ന കത്തി കൊണ്ട് കുത്തികൊല്ലുന്നത്. ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് തിരിച്ചറിഞ്ഞ പർമീന്ദർ നിഖിതയെ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. നിഖിത തന്റെ കലാപഠനത്തിന്റെ അവസാന വർഷ പരീക്ഷ എഴുതി ഫലം കാത്തിരിക്കവേയാണ് മരണത്തിന് കീഴടങ്ങുന്നത്. പർമീന്ദറിന് ഭാര്യയോട് അസൂയും വെറുപ്പും ഉണ്ടായിരുന്നുവെന്നും അതിനാലാണ് കൊല നടത്തിയതെന്നും കോടതി നിരീക്ഷിച്ചു.

2011-ൽ രഹസ്യമായി വിവാഹം കഴിച്ച പർമീന്ദർ സിംഗിന്റെയും നിഖിതയുടേയും ബന്ധം നിഖിതയുടെ വീട്ടുകാർ അംഗീകരിച്ചിരുന്നില്ല. തുടർന്ന് 2013-ൽ പർമീന്ദറിനൊപ്പം നിഖിത ഒളിച്ചോടുകയായിരുന്നു. മദ്യത്തിനും മയക്കുമരുന്നിനും അടിമയാണ് പർമീന്ദർ എന്നു കണ്ടെത്തിയ നിഖിത തന്റെ സഹപാഠികളിലൊരാളുമായി അടുപ്പത്തിലായെന്നും പറയപ്പെടുന്നു. 2014 അവസാനം കുറച്ചു നാളത്തേക്ക് പർമീന്ദർ ഇന്ത്യ സന്ദർശിക്കാൻ പോയിരുന്നു. തിരിച്ച് 2015 ജനുവരി ഏഴിന് തിരിച്ചെത്തിയ പർമീന്ദർ നിഖിതയുടെ ഫോണിൽ സഹപാഠിയുമായുള്ള സംഭാഷണങ്ങൾ കാണാനിടയായി.

കാമുകനു വേണ്ടി പർമീന്ദറിനെ ഉപേക്ഷിക്കാൻ നിഖിത തയാറായതാണ് പർമീന്ദറിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്. കൊല നടത്തിയ ശേഷം എമർജൻസി സർവീസിൽ വിളിച്ച് മൃതദേഹം കൊണ്ടുപോകാൻ പർമീന്ദർ ആവശ്യപ്പെടുകയായിരുന്നു. പർമീന്ദറിന്റെ കേസ് ഗാർഹിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്നും കോടതി വിലയിരുത്തി.