ലണ്ടൻ: ഇന്ത്യയിൽ നിന്ന് ബ്രിട്ടീഷുകാർ കടത്തിക്കൊണ്ടുപോയ കോഹിന്നൂർ രത്‌നം തിരിച്ചുപിടിക്കാനുള്ള ശ്രമങ്ങൾ വീണ്ടും ശക്തമായി. ബ്രിട്ടീഷ് രാജഞിയുടെ കിരീടത്തിലുള്ള കോഹിന്നൂർ തിരിച്ചുനൽകിയാൽ മറ്റെല്ലാ അവകാശവാദങ്ങളും ഉപേക്ഷിക്കാൻ തയ്യാറാണെന്ന് ഇന്ത്യ ഔദ്യോഗികമായി ബ്രിട്ടനെ അറിയിക്കും.

വിദേശകാര്യമന്ത്രി സുഷമ സ്വരാജ്, സാംസ്‌കാരിക മന്ത്രി മഹേഷ് ശർമ, കാബിനറ്റ് സെക്രട്ടറി പി.കെ.സിൻഹ തുടങ്ങിയവർ പങ്കെടുത്ത ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമുണ്ടായത്. കോഹിന്നൂർ വിഷയത്തിൽ അടുത്ത മാസം ബ്രിട്ടനെ സമീപിക്കാനാണ് ഇന്ത്യ തയ്യാറെടുക്കുന്നത്.

കോഹിന്നൂർ ഒഴികെ ഇന്ത്യയിൽനിന്ന് കൊണ്ടുപോയ മറ്റ് അമൂല്യ വസ്തുക്കളിലൊന്നും അവകാശവാദം ഉന്നയിക്കില്ലെന്ന് സമ്മതിക്കുന്ന കരാറിൽ ഒപ്പിടാൻ സന്നദ്ധമാണെന്ന് ഇന്ത്യ ബ്രിട്ടനെ അറിയിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർദേശപ്രകാരമാണ് ഉന്നതതല യോഗം കൂടി തീരുമാനമെടുത്തത്.

കോഹിന്നൂർ തിരിച്ചുപിടിക്കുന്നതിൽ സർക്കാർ വീഴ്ച വരുത്തുന്നതിനെതിരെ സുപ്രീം കോടതിയിൽ കേസ് പരിഗണിക്കുന്നുണ്ട്. രത്‌നം തിരിച്ചുപിടിക്കുന്നതിന് എന്തൊക്കെ ചെയ്തുവെന്ന് അറിയിക്കാൻ കോടതി സർക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കോഹിന്നൂറിൽ അവകാശവാദം ഉന്നയിക്കാൻ സർക്കാർ തയ്യാറാണോ എന്നും അറിയിക്കണം. ഈ സാഹചര്യത്തിലായിരുന്നു യോഗം.

ഏപ്രിലിൽ കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ കോഹിന്നൂർ രത്‌നം ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയതല്ല, മറിച്ച് പഞ്ചാബിലെ ഭരണാധികാരികൾ ഈസ്റ്റ് ഇന്ത്യ കമ്പനി അധികൃതർക്ക് സമ്മാനമായി നൽകിയതാണെന്ന് പ്രസ്താവിച്ചിരുന്നു. സ്വാതന്ത്ര്യത്തിന് മുമ്പുനടന്ന കാര്യമായതിനാൽ, കോഹിന്നൂറിന് അവകാശവാദമുന്നയിക്കുന്നതിൽ നിയമപരമായ തടസ്സമുണ്ടെന്നും സർക്കാർ അറിയിച്ചിരുന്നു.