ന്യൂഡൽഹി: ജമ്മു കശ്മീരിലെ പൂഞ്ച് സെക്ടറിൽ രണ്ട് ജവാന്മാരെ പാക് സൈന്യം വധിച്ചത് കൃത്യമായ കെണിയൊരുക്കിയാണെന്നാണ് ഇപ്പോൾ പറത്തുവരുന്ന വിവരം. നിയന്ത്രണ രേഖ കടന്ന് ഒളിച്ചിരുന്ന പാക്കിസ്ഥാൻ ബോർഡർ ആക്ഷൻ ടീം ഇന്ത്യൻ പട്ടാളക്കാരെ ആക്രമിക്കുകയായിരുന്നു. റോക്കറ്റുകളും മോർട്ടാർ ഷെല്ലുകളും ഉപയോഗിച്ച് കൃത്യമായി ആസൂത്രണം ചെയ്തായിരുന്നു പാക് സംഘത്തിന്റെ ആക്രമണം. ഇതിലാണ് രണ്ട് ധീര ജവാന്മാർക്ക് ജീവൻ ന്ടമായത്.

കൃഷ്ണ ഘട്ടി മേഖലയിലെ നിയന്ത്രണരേഖയ്ക്ക് സമീപം വ്യാപകമായി കുഴിബോംബ് സ്ഥാപിക്കാൻ പാക് സൈന്യം ശ്രമിക്കുന്നതായുള്ള ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അതിർത്തിരക്ഷാ സേനയും (ബി.എസ്.എഫ്) ആർമിയും സംയുക്തമായി പരിശോധനയ്‌ക്കെത്തിയത്.

നിയന്ത്രണരേഖ കടന്ന് 250 മീറ്ററോളം ഉള്ളിലായി ഒളിച്ചിരുന്ന പാക്സേന, പട്രോളിങ് നടത്തുകയായിരുന്ന സൈനികർക്ക് നേരെ ആക്രമണം അഴിച്ചു വിടുകയായിരുന്നു. ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിച്ചെങ്കിലും അപ്രതീക്ഷിതമായുണ്ടായ ആക്രമണമായതിനാൽ രണ്ട് ജവാന്മാരുടെ ജീവൻ നഷ്ടമായി.

ചതിയിലൂടെ കൊലപ്പെടുത്തിയ ജവാന്മാരുടെ മൃതശരീരത്തോട് അതിക്രൂരമായാണ് പാക് സൈനികർ പെരുമാറിയത്. വികൃതമാക്കിയ മൃതദേഹത്തിൽ നിന്ന് തല വെട്ടി മാറ്റുകയും ചെയ്തു. കൊല്ലപ്പെട്ട പ്രേം സാഗർ ബി.എസ്.എഫ് 200ാം ബറ്റാലിയൻ ഹെഡ് കോൺസ്റ്റബിളാണ്. ആർമിയുടെ 22 സിഖ് റെജിമെന്റിൽ ജവാനാണ് പരംജീത് സിങ്.

പാക്കിസ്ഥാൻ സ്പെഷ്യൽ സർവീസ് ഗ്രൂപ്പിൽ നിന്ന് തിരഞ്ഞെടുത്തവർ ഉൾപ്പെട്ട ബോർഡർ ആക്ഷൻ ടീമാണ് ആക്രമത്തിനു പിന്നിൽ. നിയന്ത്രണരേഖയിൽ പ്രശ്നങ്ങൾ നേരിടാനും ആക്രമണം നടത്താനും പ്രത്യേക പരിശീലനം ലഭിച്ചവരാണ് ബി.എ.ടി അംഗങ്ങൾ. എന്നാൽ ചതിക്കുഴി ഒരുക്കി ആക്രമണം നടത്തുന്നതാണ് ബി.എ.ടിയുടെ രീതി. ഇത്തരത്തിൽ വധിക്കുന്നവരുടെ മൃതദേഹങ്ങൾ വികലമാക്കുന്നതും ഇവരുടെ രീതിയാണ്.

പാക്ക് സൈന്യത്തിന്റെ ചതിക്ക് മറുപടി നൽകാൻ പൂർണ്ണ സ്വാതന്ത്ര്യം സൈന്യത്തിന് കേന്ദ്രസർക്കാർ നൽകി കഴിഞ്ഞു.പതിയിരുന്ന് ആക്രമിച്ചതിനൊപ്പം തന്നെ മൃതദേഹത്തിനോട് കാണിച്ച ക്രൂരത കൂടിയാണ് ശക്തമായ മറുപടിയെന്ന തീരുമാനത്തിലേക്ക് കേന്ദ്രസർക്കാറിനെ എത്തിച്ചത്. സംഭവത്തിൽ പ്രതിരോധ മന്ത്രിയുടെ മറുപടിയും രൂക്ഷമായിരുന്നു.

പാക്കിസ്ഥാന്റെ ഭാഗത്തു നിന്നുണ്ടായത് ക്രൂരവും മനുഷ്യത്വരഹിതവുമായ നടപടിയാണ്. യുദ്ധസമയത്ത് പോലും ഉണ്ടാകാൻ പാടില്ലാത്തതാണ് ഇപ്പോൾ നടന്നിരിക്കുന്നത്. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ല. വേണ്ട സമയത്ത് കൃത്യമായ മറുപടി നൽകുമെന്നും സൈന്യത്തിൽ പൂർണ്ണ വിശ്വാസമുണ്ടെന്നും പ്രതിരോധമന്ത്രി അരുൺ ജെയ്റ്റ്‌ലി പറഞ്ഞു.

സർക്കാറിന്റെ ഭാഗത്തു നിന്നും പിന്തുണ ലഭിച്ചതോടെ ചതിയിൽപെടുത്തിയ പാക് സൈന്യത്തിനെതിരെ ശക്തമായ മറുപടി നൽകാനുള്ള ഒരുക്കത്തിലാണ് സൈനിക കേന്ദ്രങ്ങൾ. അതിർത്തി പങ്കിടുന്ന മേഖലകളിലെല്ലാം ശക്തമായ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കി കഴിഞ്ഞു. വെടി നിർത്തൽ കരാർ ലംഘിച്ച് അതിർത്തിയിലെ സൈനിക പോസ്റ്റുകൾക്ക് നെരെ പാക്കിസ്ഥാൻ നടത്തുന്ന ആക്രമങ്ങൾക്ക് അതേ നാണയത്തിൽ മറുപടി നൽകാനാണ് സൈന്യത്തിന്റെ തീരുമാനം.