പ്രവാസികളെ സംബന്ധിച്ചിടത്തോളം വഴിത്തിരിവാകുന്ന പുതിയൊരു ഓർഡിനൻസ് പുറപ്പെടുവിക്കാൻ നരേന്ദ്ര മോദി സർക്കാർ ഒരുങ്ങുകയാണ്. പിഐഒഒസിഐ കാർഡുകൾ ഏകോപിപ്പിക്കുന്ന ഉത്തരവ് ഈ ആഴ്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഓർഡിനൻസ് പ്രകാരം നിലവിൽ വരുന്ന സ്‌കീമിന് ഇന്ത്യൻ ഓവർസീസ് കാർഡ് ഹോൾഡർ എന്നായിരിക്കും പേരിടുന്നത്. ഇതു പ്രകാരം പൗരത്വത്തിന് അപേക്ഷിക്കാൻ ഒരു മാസം വിട്ട് നിന്നാലും പ്രശ്‌നമില്ലെന്നാണ് റിപ്പോർട്ട്. യുഎസിലെയും ഓസ്‌ട്രേലിയയിലെയും തന്റെ സന്ദർശനവേളയിൽ നൽകിയ വാഗ്ദാനമനുസരിച്ചാണ് മോദി പുതിയ പരിഷ്‌കാരം കൊണ്ടുവരുന്നത്. വിദേശത്തുള്ള ഇന്ത്യക്കാർക്ക് ഇതിലൂടെ എളുപ്പത്തിൽ മാതൃരാജ്യവുമായി ബന്ധപ്പെടാനാകും.

ഇതിന്റെ ഭാഗമായി 1955ലെ ഇന്ത്യൻ സിറ്റിസൺഷിപ്പ് ഭേദഗതി ചെയ്യാനായി അഭ്യന്തരമന്ത്രാലയം ഉടൻ ഒരു ഓർഡിനൻസ് പുറപ്പെടുവിക്കും. ഗാന്ധിനഗറിൽ ജനുവരി ഏഴിന് പ്രവാസി ഭാരതീയ ദിവസ് ഉദ്ഘാടനത്തിന് മുമ്പ് ഈ ഓർഡിനൻസ് പ്രഖ്യാപിക്കുമെന്നാണ് ഒരു മുതിർന്ന ഉദ്യോഗസ്ഥൻ വെളിപ്പെടുത്തിയിരിക്കുന്നത്. ഈ ഓർഡിനൻസ് പ്രകാരം നിലവിലുള്ള പിഐഒ (പഴ്‌സൺ ഓഫ് ഇന്ത്യൻ ഒറിജിൻ) കാർഡ്‌ഹോൾഡർമാർക്ക് ഒസിഐ( ഓവർസീസ് സിറ്റിസൺസ് ഓഫ് ഇന്ത്യ) ക്കാർ അനുഭവിക്കുന്ന ആനുകൂല്യങ്ങൾക്ക് അവകാശമുണ്ടായിരിക്കും.

പിഐഒ ഒസിഐ കാർഡുകൾ രണ്ട് മാസത്തിനകം ഏകോപിപ്പിക്കുമെന്നായിരുന്നു നവംബർ 17ന് സിഡ്‌നിയിൽ വച്ച് അവിടുത്തെ ഇന്ത്യൻ സമൂഹത്തോട് സംസാരിക്കവെ മോദി വാഗ്ദാനം ചെയ്തിരുന്നത്. ഈ മാസമാദ്യമാണ് ആഭ്യന്തരമന്ത്രാലയം സിറ്റിസൺഷിപ്പ് (ഭേദഗതി) ബിൽ 2014 ലോക്‌സഭയിൽ അവതരിപ്പിച്ചത്. എന്നാൽ തുടർച്ചയായുള്ള വിവിധ തടസ്സങ്ങൾ മൂലം ഇത് പാസാക്കാനായിട്ടില്ല. ഇത് പാസാക്കാൻ ലോക്‌സഭയുടെ അടുത്ത സമ്മേളന കാലമായ ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വന്നാൽ മോദിയുടെ വാഗ്ദാനം പാലിക്കാനാവില്ലന്നാണ് സർക്കാർ ചിന്തിക്കുന്നത്. ഇനിയും പിഐഒ ഒസിഐ കാർഡുകൾ ഏകോപ്പിക്കാനുള്ള നീക്കം നടന്നില്ലെങ്കിൽ അത് പ്രധാനമന്ത്രിയുടെ വാഗ്ദാനലംഘനമാകുമെന്നും അതിനാലാണ് എൻആർഐകൾക്കുള്ള ഒരു സമ്മാനമെന്ന നിലയിൽ ഒരു ഓർഡിനൻസിലുടെ ഇത് നടപ്പിലാക്കാനൊരുങ്ങുന്നതെന്നുമാണ് അഭ്യന്തരമന്ത്രായലത്തിലെ ഉദ്യോഗസ്ഥൻ പറയുന്നത്. അടുത്ത് കാബിനറ്റ് മീറ്റിംഗിൽ തന്നെ ഈ ഓർഡിനൻസിന് അംഗീകാരം നേടുമെന്നും അദ്ദേഹം അറിയിച്ചു. വിദേശത്തുള്ള ഇന്ത്യൻ സമൂഹത്തിന്റെ കാര്യത്തിൽ മോദിക്കെന്നും താൽപര്യമുണ്ടായിരുന്നു. അവർക്ക് മാതൃരാജ്യത്ത് നിക്ഷേപിക്കാനുള്ള താൽപര്യത്തെ പരമാവധി ഉപയോഗപ്പെടുത്താനും പ്രധാനമന്ത്രി ശ്രമിച്ച് വരുന്നുണ്ട്. ഇതിനെയെല്ലാം ത്വരിതപ്പെടുത്താനാണ് പുതിയ പരിഷ്‌കാരം എത്രയും പെട്ടെന്ന് നടപ്പിലാക്കാനൊരുങ്ങുന്നതെന്നും റിപ്പോർട്ടുകളുണ്ട്. മോദിയുടെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും പ്രവാസികളുടെ സജീവമായി പങ്കാളിത്തമുണ്ടായിരുന്നത് അവർ പ്രധാനമന്ത്രിയിൽ പ്രതീക്ഷകൾ പുലർത്തുന്നുവെന്നതിന്റെ ദൃഷ്ടാന്തമാണ്.

പിഐഒ ഒസിഐ കാർഡുകൾ ഏകോപിപ്പിച്ച് നിലവിൽ വരുന്ന പുതിയ സ്‌കീം ഇന്ത്യൻ ഓവർസീസ് കാർഡ്‌ഹോൾഡർ എന്നാണ് അറിയപ്പെടുക. ഇത് ഒസിഐയുടെ നിരവധി ആനുകൂല്യങ്ങൾ നിലനിർത്തുന്നുമുണ്ട്. ഇന്ത്യൻ പ്രവാസികളെ സംബന്ധിച്ചിടത്തോളം പ്രിയപ്പെട്ട പദ്ധതിയായിരുന്നു ഒസിഐ. ഇതിലൂടെ എൻആർഐകൾക്ക് ആജീവനാന്ത ഇന്ത്യൻ വിസയും ഫിനാൻഷ്യൽ പ്രിവിലേജുകളും ലഭ്യമായിരുന്നു. എന്നാൽ ഒരു പിഐഒ കാർഡ് അഡോപ്റ്റ്‌ഹോൾഡർക്ക് ഇതിലൂടെ ഒരു പ്രാവശ്യം ആറ്മാസം ഇന്ത്യയിൽ താമസിക്കാനെ അനുവാദമുള്ളൂ. സർക്കാർ അടുത്തിടെ 53,000 പേർക്ക് പിഐഒ കാർഡുകൾ ഇഷ്യൂ ചെയ്തിട്ടുണ്ട്. എന്നാൽ 10 ലക്ഷം പേർക്കാണ് ഒസിഐ കാർഡുകളുള്ളത്.