ഭാര്യയ്ക്കൊപ്പം അമേരിക്കയിൽനിന്ന് ലണ്ടനിലേക്ക് വരുന്നതിനിടെ, മദ്യപിച്ച് ലക്കുകെട്ട് മുൻസീറ്റിലിരുന്ന യാത്രക്കാരിയുടെ സ്തനത്തിൽ കയറിപ്പിടിച്ചുവെന്ന ആരോപണം നേരിട്ട ഇന്ത്യക്കാരനായ ഡോക്ടർക്ക് അഞ്ചുവർഷത്തിനുശേഷം ആശ്വാസം. ഡോ. രാജ്കുമാർ മജൂംദാറിനെതിരെ ഉയർന്ന ആരോപണം വ്യാജമെന്ന് കണ്ടെത്തിയ മെഡിക്കൽ പ്രാക്ടീഷണേഴ്സ് ട്രിബ്യൂണൽ, 70-കാരനായ ഡോക്ടറെ കുറ്റവിമുക്തനാക്കി.

ട്രിബ്യൂണലിന് മുമ്പാകെ യുവതിതന്നെയാണ് മൊഴിമാറ്റിപ്പറഞ്ഞത്. യാത്ര ചെയ്തിരുന്നപ്പോൾ, കട്ടിയേറിയ സ്വെറ്റർ താൻ ധരിച്ചിരുന്നുവെന്നും ഡോക്ടർക്കെതിരെ ഉന്നയിച്ച ആരോപണങ്ങൾ തെറ്റായിരുന്നുവെന്നും അവർ മൊഴി നൽകി. ഇതോടെയാണ് രാജ്കുമാറിനെ കുറ്റവിമുക്തനാക്കാൻ ട്രിബ്യൂണൽ തീരുമാനിച്ചത്. ഡോക്ടർ തന്റെ അരക്കെട്ട് യുവതിയുടെ ദേഹത്ത് ഉരസിയതായും പരാതിയിലുണ്ടായിരുന്നു. ആ ആരരോപണവും അവർ നിഷേധിച്ചു.

ലണ്ടനിലെ സൗത്ത്ഗേറ്റിൽ താമസിച്ചിരുന്ന ഡോക്ടറും ഭാര്യയും അമേരിക്കയിലുള്ള ബന്ധുക്കളെ സന്ദർശിച്ച് മടങ്ങുമ്പോഴായിരുന്നു സംഭവം. വിമാനം ഗാറ്റ്‌വിക്കിൽ ലാൻഡ് ചെയ്തയുടൻ യുവതി പൊലീസിനെ വിവരം അറിയിച്ചിരുന്നു. ഡോക്ടറെ ചോദ്യം ചെയ്തെങ്കിലും പൊലീസ് വെറുതെവിട്ടു. ഇതേത്തുടർന്നാണ് യുവതി പരാതിയുമായി ജനറൽ മെഡിക്കൽ കൗൺസിലിന് മുന്നിലെത്തിയത്.. ഇതിനിടെ, ഡോക്ടർ സ്പെയിനിലേക്ക് മാറുകയും ചെയ്തിരുന്നു.

രോഗിയായ തന്റെ വിവരങ്ങൾ ആരാഞ്ഞ ഡോക്ടർ പിന്നീട് തന്നെ കയറിപ്പിടിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ പരാതി. അഞ്ചുവർഷത്തിനുശേഷം ട്രിബ്യൂണൽ കുറ്റവിമുക്തനാക്കുമ്പോൾ, അപമാനത്തിന്റെ വലിയൊരു ഭാരമാണ് ഡോക്ടറിൽ നിന്നൊഴിഞ്ഞുപോയത്. യുവതി വിമാനയാത്രയ്ക്കിടെ ധരിച്ചിരുന്ന വസ്ത്രം പരിശോധിച്ചശേഷമാണ് ട്രിബ്യൂണൽ പരാതി വ്യാജമാണെന്ന് ഉറപ്പിച്ചത്. ആരോപണം തെളിവില്ലാത്തതും കഴമ്പില്ലാത്തതുമാണെന്ന് ട്രിബ്യൂണൽ ചെയർമാൻ ഡോ. വിശാൽ അഗർവാൾ പറഞ്ഞു.

കഴുത്തുവരെ മൂടുന്ന സ്വെറ്ററാണ് യാത്രാസമയത്ത് യുവതി ധരിച്ചിരുന്നത്. വസ്ത്രത്തിനടിയിലൂടെ തന്റെ സ്തനത്തിൽക്കയറിപ്പിടിച്ചുവെന്നാണ് പരാതിയിലുണ്ടായിരുന്നത്. ഇത്തരമൊരു വസ്ത്രം ധരിച്ചിരിക്കെ, പിന്നിൽനിന്നൊരാൾക്ക് അത്തരത്തിലൊരു പെരുമാറ്റം സാധ്യമല്ലെന്ന് ട്രിബ്യൂണൽ വിലയിരുത്തി. ഇതേസമയം തന്നെ അരക്കെട്ട് യുവതിയുടെ ദേഹത്തുരസാനും സാധിക്കില്ല. കഴമ്പില്ലാത്ത പരാതിയാണ് യുവതി സമർപ്പിച്ചതെന്നും ട്രിബ്യൂണൽ വിലയിരുത്തി.