- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറ് വിജയവും മൂന്ന് സമനിലയും; ഒൻപത് റൗണ്ടിലും അപരാജിത കുതിപ്പ്; നോർവേ ചെസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ട് ആർ പ്രഗ്നാനന്ദ; ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ചെസ് ലോകത്തിന്റെ നെറുകയിൽ; പ്രണീത് ആറാമത്
ഒസ്ലോ: നോർവേ ചെസ് ഓപ്പൺ കിരീടം ഇന്ത്യയുടെ കൗമാര ഗ്രാൻഡ് മാസ്റ്റർ ആർ.പ്രഗ്നാനന്ദയ്ക്ക്. ഒൻപത് റൗണ്ട് നീണ്ട പോരാട്ടത്തിൽ ആറ് വിജയവും മൂന്ന് സമനിലയി ചെസ് ലോകത്തെ ഞെട്ടിച്ചാണ് ആർ പ്രഗ്നാനന്ദ കിരീടത്തിൽ മുത്തമിട്ടത്. ഗ്രൂപ്പ് എ വിഭാഗത്തിലാണ് ഇന്ത്യയുടെ പുത്തൻ സെൻസേഷന്റെ കിരീട നേട്ടം. ഒൻപത് റൗണ്ടിൽ നിന്ന് 7.5 പോയിന്റ് നേടിയാണ് പ്രഗ്‌നാനന്ദ കിരീടം സ്വന്തമാക്കിയത്. ഇസ്രയേലിന്റെ മാർസൽ എഫ്രോയിംസ്‌കി രണ്ടാമതും സ്വീഡന്റെ ഇം യങ് മിൻ സിയോ മൂന്നാമതുമെത്തി.
വെറും 16 വയസ്സ് മാത്രമുള്ള പ്രഗ്നാനന്ദയായിരുന്നു ടൂർണമെന്റിലെ ടോപ് സീഡ്. ഒൻപത് റൗണ്ടിൽ ഒറ്റ തോൽവി പോലും വഴങ്ങാതെയാണ് പ്രഗ്നാനന്ദ ജേതാവായത്. ഇന്ത്യൻ താരമായ പ്രണീത് ആറ് പോയിന്റുമായി ആറാമതായി. അവസാന റൗണ്ടിൽ പ്രണീതിനെ തോൽപ്പിച്ചാണ് പ്രഗ്നാനന്ദ കിരീടം നേടിയത്.
ആറ് വിജയവും മൂന്ന് സമനിലയുമാണ് പ്രഗ്നാനന്ദ ടൂർണമെന്റിൽ നിന്ന് നേടിയത്. ഒൻപത് റൗണ്ടിൽ ഒരു തോൽവി പോലും താരത്തിനുണ്ടായിട്ടില്ല. 16കാരനായ പ്രഗ്നാനന്ദയുടെ ജയത്തോടെ അടുത്ത മാസം ഇന്ത്യയിൽ നടക്കുന്ന ചെസ് ഒളിംപ്യാഡിൽ പങ്കെടുക്കാൻ അവസരവും ലഭിച്ചു. ഇന്ത്യ ടീം ബിയിലാണ് താരം ഉൾപ്പെട്ടിരിക്കുന്നത്. അടുത്തകാലത്ത് രണ്ട് തവണ ലോക ചാംപ്യൻ മാഗ്‌നസ് കാൾസണെ പരാജയപ്പെടുത്തി താരം ശ്രദ്ധിക്കപ്പെട്ടിരുന്നു.
മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് കാൾസനെ പ്രഗ്നാനന്ദ അട്ടിമറിക്കുന്നത്. നേരത്തെ ഫെബ്രുവരിയിൽ എയർതിങ്സ് മാസ്റ്റേഴ്സിൽ ആയിരുന്നു ആദ്യ ജയം. തുടർച്ചയായി മൂന്ന് മത്സരങ്ങൾ ജയിച്ചെത്തിയ കാൾസനെ കറുത്ത കരുക്കളുമായി കളിച്ച പ്രഗ്നാനന്ദ 39 നീക്കങ്ങളിൽ അന്ന് അടിയറവ് പറയിക്കുകയായിരുന്നു. അവസാനം, ചെസബിൾ മാസ്റ്റേഴ്സ് ഓൺലൈൻ റാപ്പിഡ് ടൂർണമെന്റിലാണ് 16കാരന്റെ അട്ടിമറി ജയം.
സമനിലയിലേക്ക് നീങ്ങുമെന്ന് തോന്നിച്ച മത്സരത്തിൽ കാൾസന്റെ പിഴവ് മുതലെടുത്ത് പ്രഗ്നാനന്ദ ജയം സ്വന്തമാക്കുകയായിരുന്നു. കാൾസനെ തോൽപ്പിക്കുന്ന മൂന്നാമത്തെ ഇന്ത്യൻ താരമായിരുന്നു പ്രഗ്‌നാനന്ദ. നേരത്തെ വിശ്വനാന്ദൻ ആനന്ദും ഹരികൃഷ്ണനും കാൾസനെ പരാജയപ്പെടുത്തിയിരുന്നു.
2005 ഓഗസ്റ്റ് 10നാണ് ഇന്ത്യൻ ചെസ്സ് ഗ്രാൻഡ് മാസ്റ്ററായ രമേഷ് ബാബു പ്രഗ്‌നാനന്ദ ജനിച്ചത്. തമിഴ്‌നാട്ടിലെ പാഡി സ്വദേശിയും ബാങ്ക് ജീവനക്കാരനുമായ രമേഷ് ബാബുവിന്റെയും നാഗലക്ഷ്മിയുടെയും മകനായ പ്രഗ്‌നാനന്ദയുടെ സഹോദരി വൈശാലിയും ഇന്റർനാഷണൽ മാസ്റ്ററാണ്. ആർ ബി രമേഷ് ആണ് പ്രഗ്നാനന്ദയുടെയും വൈശാലിയുടേയും പരിശീലകൻ. 3000 റേറ്റിങ് പോയിന്റാണ് തന്റെ സ്വപ്നമെന്നും ഒരിക്കൽ പ്രഗ്‌നാനന്ദ വ്യക്താക്കിയിരുന്നു. മുൻ ലോക ചാമ്പ്യൻ വിശ്വനാഥൻ ആനന്ദിന്റെ അക്കാദമിയിലൂടെയാണ് പ്രഗ്നാനന്ദ ചെസ് ലോകത്തേക്കെത്തിയത്.
സ്പോർട്സ് ഡെസ്ക്