- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വനിത ഹോക്കി സെമിയിൽ ഇന്ത്യയുടെ തോൽവി; ടീം അംഗം വന്ദന കത്താരിയയുടെ കുടുംബത്തിനെതിരെ ജാതി അധിക്ഷേപം; തോറ്റത് ദലിതർ ടീമിലെത്തിയതിനാലെന്ന് പരിഹസിച്ചെന്ന് പരാതിയിൽ; ഒരാളെ കസ്റ്റഡിയിൽ എടുത്തു
ഹരിദ്വാർ: ഒളിംപിക്‌സ് വനിത ഹോക്കി സെമിയിൽ അർജന്റീനയോട് ഇന്ത്യ തോറ്റതിന് പിന്നാലെ ടീം അംഗമായ വന്ദന കത്താരിയയുടെ ബന്ധുക്കളെ ജാതി അധിക്ഷേപം നടത്തിയെന്ന് പരാതി. ഹരിദ്വാറിന് അടുത്ത് റോഷൻബാദ് എന്ന ഗ്രാമത്തിൽ നിന്നുള്ള വന്ദന കത്താരിയയുടെ ബന്ധുക്കൾക്ക് നേരെയാണ് ജാതി അധിക്ഷേപം നടന്നത്.
ഇന്ത്യൻ ടീമിന്റെ പരാജയത്തിന് പിന്നാലെ രണ്ട് ഉയർന്ന ജാതിക്കാർ വന്ദനയുടെ വീട്ടിന് അടുത്ത് എത്തുകയും പടക്കം പൊട്ടിക്കുകയും, ആക്ഷേപകരമായ ആംഗ്യങ്ങൾ കാണിക്കുകയും ചെയ്തുവെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് പറയുന്നത്.
ദളിത് കളിക്കാർ കൂടുതലുള്ളതിനാലാണ് ഇന്ത്യൻ ടീം തോറ്റതെന്ന് ഇവർ വിളിച്ചുപറഞ്ഞതായും വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ പറയുന്നു. ആക്ഷേപം നടത്തിയ സംഘത്തിലെ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നാണ് റിപ്പോർട്ട്. മത്സരം തോറ്റതിൽ സങ്കടമുണ്ട്, എന്നാൽ പൊരുതിയാണ് തോറ്റത്. അതിനാൽ തന്നെ ഞങ്ങൾ അഭിമാനിക്കുന്നു. വന്ദനയുടെ സഹോദരൻ ശേഖർ പറയുന്നു.
മത്സരം പരാജയപ്പെട്ട സങ്കടത്തിൽ ഇരിക്കുമ്പോഴാണ് വലിയ ശബ്ദം കേട്ടത്. വീട്ടിന് വെളിയിൽ വലിയതോതിൽ പടക്കം പൊട്ടിക്കുന്നു. ഗ്രാമത്തിൽ തന്നെയുള്ള ഉയർന്ന ജാതിയിലെ രണ്ടുപേരായിരുന്നു അത് ചെയ്തത്. അവർ ഡാൻസ് കളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. ഇതിനെ ചെറുക്കാൻ വന്ദനയുടെ കുടുംബങ്ങൾ ശ്രമിച്ചതോടെ അവർ കൂടുതൽ പ്രകോപിതരായി ജാതി അധിക്ഷേപം നടത്തി. ദളിതർടീമിൽ കയറിയതിനാലാണ് തോറ്റത് എന്നും, ഹോക്കിയിൽ മാത്രമല്ല ഒരു കായിക ഇനത്തിലും ദളിതർക്ക് ജയിക്കാനാകില്ലെന്നും ഇവർ ആരോപിച്ചു. ഇത് തീർത്തും ജാതിയമായ ആക്രമണമാണ് -വന്ദനയുടെ സഹോദരൻ ശേഖർ പറയുന്നു.
അതേ സമയം സംഭവത്തിൽ എഫ്‌ഐആർ ഇട്ടിട്ടുണ്ടെന്നും. സംഭവത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തുവെന്നുമാണ് സിദ്ധ്കുൾ പൊലീസ് സ്റ്റേഷൻ എസ്എച്ച്ഒ എൽഎസ് ബുട്ടോല അറിയിക്കുന്നത്. കസ്റ്റഡിയിലായ വ്യക്തിയുടെ പേര് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
വന്ദന കത്താരിയ എന്ന മുന്നേറ്റ താരത്തിന്റെ തകർപ്പൻ പ്രകടനത്തിന്റെ ബലത്തിലായിരുന്നു ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ഇന്ത്യയുടെ വിജയം. ഹാട്രിക് ഗോളുമായി തിളങ്ങിയ വന്ദന ടോക്യോയിൽ ചരിത്രമെഴുതുകയായിരുന്നു. ഒളിമ്പിക്സ് ചരിത്രത്തിലാദ്യമായാണ് ഒരു ഇന്ത്യൻ വനിതാ താരം ഹാട്രിക് നേടുന്നത്. ഇന്ത്യയ്ക്കായി നാലാം മിനിറ്റിൽ തന്നെ അക്കൗണ്ട് തുറന്ന താരം 17-ാം മിനിറ്റിലും ഗോൾ കണ്ടെത്തി. മത്സരം 3-3ന് സമനിലയിൽ നിൽക്കെ 49-ാം മിനിറ്റിൽ വന്ദനയാണ് പെനാൽറ്റി കോർണറിൽ നിന്നും വിജയഗോളും കണ്ടെത്തിയത്.
ന്യൂസ് ഡെസ്ക്