ന്യൂഡൽഹി: കോമൺ വെൽത്ത് ഗെയിംസിനുള്ള ഇന്ത്യൻ ഹോക്കി ടിമിനെ പ്രഖ്യാപിച്ചു. മലയാളിയായ ഗോൾകീപ്പർ പി ആർ ശ്രീജേഷ് ടീമിൽ തിരിച്ചെത്തി. അതേസമയം മുൻ ക്യാപ്റ്റൻ സർദാർ സിംഗിന് സ്ഥാനം നഷ്ടപ്പെട്ടു. ഓസ്ട്രേലിയയിലെ ഗോൾഡ് കോസ്റ്റിൽ നടക്കുന്ന കോമൺവെൽത്ത് ഗെയിംസിൽ പങ്കെടുക്കാൻ മൻപ്രീത് സിംഗിന്റെ നേതൃത്വത്തിൽ പതിനെട്ടംഗ സംഘമാണ് തിരിക്കുന്നത്.

ഏപ്രിൽ ഏഴിന് പാക്കിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പൂൾ ബിയിൽ പാക്കിസ്ഥാൻ, മലേഷ്യ, വെയ്ൽസ്, ഇംഗ്ലണ്ട് ടീമുകൾക്കൊപ്പമാണ് ഇന്ത്യയുടെ സ്ഥാനം.

2017ലെ ഏഷ്യാ കപ്പ് കിരീടവും ഭുവനേശ്വറിൽ നടന്ന ഹോക്കി വേൾഡ് ലീഗിൽ വെങ്കലും ഇന്ത്യ നേടിയത് മൻപ്രീതിന്റെ ക്യാപ്റ്റൻസിക്ക് കീഴിലാണ്. ചിങ്ലെൻസന സിങ് കാങ്ജൂമാണ് ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ.

2017ലെ അസ്ലൻഷാ ഹോക്കി ടൂർണമെന്റിനിടെ പരിക്കേറ്റ ശ്രീജേഷ് കുറച്ചു നാളായി വിട്ടുനിൽക്കുകയായിരുന്നു. ന്യൂസീലൻഡ് പര്യടനത്തിൽ പുറത്തെടുത്ത മികച്ച പ്രകടനവും ശ്രീജേഷിന്റെ തിരിച്ചുവരവ് എളുപ്പമാക്കി.

ഇന്ത്യൻ ടീം

ഗോൾകീപ്പർമാർ: പി.ആർ ശ്രീജേഷ്, സൂരജ് കർക്കെറെപ്രതിരോധം: രൂപീന്ദർ പാൽ സിങ്, ഹർമൻപ്രീത് സിങ്, വരുൺ കുമാർ, കോതജിത് സിങ്, ഗുരീന്ദർ സിങ്, അമിത് റോഹിദാസ്

മധ്യനിര: മൻപ്രീത് സിങ്, ചിങ്ലെൻസന സിങ്, സുമിത്, വിവേക് സാഗർ പ്രസാദ്
മുന്നേറ്റം: ആകാശ്ദീപ് സിങ്, എസ്വി സുനിൽ, ഗുർജന്ത് സിങ്, മൻദീപ് സിങ്, ലളിത് കുമാർ ഉപാധ്യ, ദിൽപ്രീത് സിങ്