ന്യൂഡൽഹി: ഇന്ത്യൻ ഹോക്കി ടീം മുൻ ക്യാപ്റ്റൻ മുഹമ്മദ് ഷാഹിദ് അന്തരിച്ചു. 56 വയസായിരുന്നു.

കരളിന്റെയും വൃക്കയുടെയും പ്രവർത്തനം തകരാറിലായതിനെത്തുടർന്നു ഗുരുതരാവസ്ഥയിലായിരുന്നു അദ്ദേഹം. ഇന്നു രാവിലെ മരിച്ചു.

ഇന്ത്യൻ ഹോക്കിയിൽ അതിവേഗ നീക്കങ്ങളുടെയും ഡ്രിബിളിങ്ങിന്റെയും സുൽത്താനായിരുന്നു ഷാഹിദ്. പത്മശ്രീ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഇന്ത്യ അവസാനമായി ഹോക്കിയിൽ സ്വർണംനേടിയ 1980ലെ മോസ്‌കോ ഒളിമ്പിക്‌സിൽ ഇന്ത്യൻ ടീമിൽ അംഗമായിരുന്നു ഈ പ്രതിഭാധനൻ.

ഷാഹിദ് രോഗശയ്യയിലാണെന്ന വിവരം പുറംലോകത്തെ അറിയിച്ചത് മുൻ നായകൻ കൂടിയായ ധൻരാജ് പിള്ളയായിരുന്നു. ഇന്ത്യൻ ഹോക്കിയെ രാജ്യാന്തരതലത്തിൽ അറിയപ്പെടുന്നതാക്കിയവരിൽ പ്രമുഖനായ ഷാഹിദിന്റെ ജീവൻ രക്ഷിക്കാനും ചികിത്സാ സൗകര്യമെത്തിക്കാനും ഇടപെടണമെന്നാവശ്യപ്പെട്ട് ധൻരാജ് പിള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതിയുകയും ചെയ്തു. പിള്ളയുടെ അഭ്യർത്ഥന പുറത്തുവന്നതിനെ തുടർന്ന് ഷാഹിദിന്റെ ചികിത്സാചെലവുകൾ ഏറ്റെടുക്കാമെന്ന് റെയിൽവേ അറിയിച്ചിരുന്നു. റെയിൽവേയുടെ മുൻ താരം കൂടിയാണ് ഷാഹിദ്.