കുവൈത്ത് : പൊതു അവധി സമയങ്ങളില് പ്രവാസികളെ ചൂഷണം ചെയ്യുന്ന വിധത്തില് അനിയന്ത്രിതമായ നിരക്ക് വര്ദ്ധിപ്പിക്കുന്ന എയര് ഇന്ത്യയുടെ നിലപാട് പ്രവാസി സമൂഹത്തോടുള്ള അക്രമമാണെന്നും ഭരണം ഇടപെട്ട് ഈ ചൂഷണം അവസാനിപ്പിക്കാന് ആവശ്യമായ നടപടികള് സ്വീകരിക്കണമെന്നും ഇന്ത്യന് ഇസ്ലാഹി സെന്റര് എക്‌സിക്യുട്ടീവ് യോഗം ആവശ്യപ്പെട്ടു.

പതിനഞ്ച് മണിക്കൂറോളം യാത്ര ചെയ്യേണ്ട യൂറോപ്യന് നാടുകളിലേക്കുള്ള യാത്ര നിരക്കിനേക്കാള് പതിന്മടങ്ങാണ് ഗള്ഫ് രാജ്യങ്ങളിലേക്കുള്ള യാത്ര നിരക്ക്. കൂടാതെ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളെ അപേക്ഷിച്ച് കോഴിക്കോട് നിന്ന് ഗള്ഫിലേക്ക് മൂന്നിരട്ടിയോളം നിരക്കാണ് ഇപ്പോള് ഈടാക്കുന്നത്. തൊഴില് തേടി വിദേശങ്ങളിലേക്ക് പോകുന്ന മലയാളികളെ ഈ വിധം പീഡിപ്പിക്കുന്നതിനെതിരെ പ്രവാസി സമൂഹം ഒറ്റക്കെട്ടായി ചെറുക്കണമെന്നും യോഗം ആവശ്യപ്പെട്ടു.

യോഗത്തില് ഐ.ഐ.സി പ്രസിഡന്റ് എം ടി മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഐ.എസ്.എം മുന് ജനറല് സെക്രട്ടറി ഇസ്മയില് കരിയാട്, സിദ്ധീഖ് മദനി, വി.എ മൊയ്തുണ്ണി, ഇബ്രാഹിം കുട്ടി സലഫി, അന്വര് സാദത്ത്, മുഹമ്മദ് ബേബി, യൂനുസ് സലീം, പി.വി അബ്ദുല് വഹാബ്, സയ്യിദ് അബ്ദുറഹിമാന്, മുഹമ്മദ് അരിപ്ര, അയ്യൂബ് ഖാന് തുടങ്ങിയവര് സംസാരിച്ചു.