കുവൈത്ത്: സഹസ്രാബ്ദത്തിലേറെ നീണ്ടു നിൽക്കുന്ന ഇന്ത്യയുടെ ബഹുസ്വരതയെയും മതേതര പാരമ്പര്യത്തെയും തകർക്കുന്ന രൂപത്തിൽ വളർന്നുവരുന്ന വർഗീയതക്കെതിരെ വിശ്വാസികൾ ഒന്നിക്കണമെന്ന് ഐ.എസ്.എം സംസ്ഥാന മുൻ ജനറൽ സെക്രട്ടറി ഇസ്മയിൽ കരിയാട് പറഞ്ഞു. മുസ്ലിം നവോത്ഥാനത്തിലെ ദാർശനിക ഇടപെടൽ എന്ന വിഷയത്തിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ മങ്കഫ് റോയൽ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ മുസ്ലീങ്ങൾ കടുത്ത അവഗണന നേരിടുമ്പോൾ കേരളത്തിൽ മതേതര മുസ്ലീകൾക്ക് അഭിമാനകരമായ നേട്ടം കൈവരിക്കാൻ സാധിച്ചതിന്റെ പിന്നിൽ കേരളത്തിലെ ഇസ്ലാഹി പ്രസ്ഥാനത്തിന് ധൈഷണികമായ ഇടപെടൽ മൂലമാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.

ഒരു മത സംഘടന എന്ന നിലയിൽ വിശ്വാസ രംഗത്തും കർമ്മ രംഗത്തുമുള്ള അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ പോരാട്ടം നടത്തുന്നതിനോടൊപ്പം വിദ്യാഭ്യാസ രംഗത്തും സാംസ്‌കാരിക രംഗത്തും മുസ്ലിം സമുദായത്തെ കൈപിടിച്ചുയർത്താൻ സാധിച്ചു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങൾ സജീവമായി നിലനിൽക്കതന്നെ മുസ്ലിം സമുദായത്തിന്റെ പൊതുവിഷയങ്ങളിൽ സമുദായങ്ങളെ ഒന്നിച്ച് നിലനിർത്താനും ആശയപരമായ ഐക്യം ഉണ്ടാക്കാനും ഒരു നൂറ്റാണ്ട് കാലത്തെ പ്രവർത്തനം കൊണ്ട് ഇസ്ലാഹി പ്രസ്ഥാനത്തിന് കഴിഞ്ഞു. രാജ്യത്തിന്റെ സമാധാനവും ശാന്തിയും നിലനിർത്താനും വിവിധ മതസ്ഥരായ ആളുകൾക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കാനും ഉതകുന്നതുമായിരുന്നു കഴിഞ്ഞകാലങ്ങളിൽ ഇസ്ലാഹി പ്രസ്ഥാനം മുന്നോട്ട് വച്ച മുദ്രാവാക്യങ്ങൾ. ബാബ്‌റി മസ്ജിദിന്റെ തകർച്ചയോടെ വളർന്നു വന്ന മുസ്ലിം തീവവാദത്തിനെതിരെ പ്രതികരിക്കാൻ ഇടതുപക്ഷ പ്രസ്ഥാനങ്ങൾ പോലും അറച്ച് നിൽക്കുമ്പോൾ മതം തീവ്രവാദത്തിനെതിരെ എന്ന പ്രമേയവുമായി മുന്നോട്ട് പോകാൻ ഇസ്ലാഹി പ്രസ്ഥാനത്തിന്റെ യുവജന വിഭാഗമായ ഐ.എസ്.എമ്മിന് സാധിച്ചത് ഈ പാഠംകൊണ്ടായിരുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഐ.ഐ.സി ഉപാധ്യക്ഷൻ അബൂബക്കർ സിദ്ദിഖ് മദനി അധ്യക്ഷത വഹിച്ചു. ഷാജു വി ഹനീഫ് (കല), നിയാസ് ഇസ്ലാഹി (കെ.ഐ.ജി), സജീവൻ (സാരഥി), തോമസ് പണിക്കർ (ഓവർസീസ് കോൺഗ്രസ്സ്) എന്നിവർ ആശംസ പ്രസംഗം നടത്തി. ചെയർമാന് ഇബ്രാഹിം കുട്ടി സലഫി, ജനറൽ സെക്രട്ടറി എഞ്ചി. അൻവർ സാദത്ത്, ദഅ് വ സെക്രട്ടറി അബ്ദുല്ലത്തീഫ് റഷീദി, ഓർഗനൈസിങ് സെക്രട്ടറി അബ്ദുൽ വഹാബ് എന്നിവർ സംസാരിച്ചു. ഷഹാം ഫിൽസർ ഖിറാഅത്ത് നടത്തി.