- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കാബൂളിൽ നിന്ന് 78 പേരുമായി എയർഇന്ത്യാ വിമാനം ഡൽഹിയിലെത്തി; മലയാളിയായ സിസ്റ്റർ തെരേസ അടക്കം 28 ഇന്ത്യക്കാർ വിമാനത്തിൽ; സ്വീകരിക്കാനെത്തി കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ; അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടർന്ന് ഇന്ത്യ. അഫ്ഗാനിസ്താനിലെ കാബൂളിൽനിന്നും ഇന്നലെ താജിക്കിസ്താനിലെത്തിയവരെ എയർഇന്ത്യാ വിമാനത്തിൽ ഡൽഹിയിലെത്തിച്ചു. മലയാളിയായ സിസ്റ്റർ തെരേസ അടക്കം 25 ഇന്ത്യക്കാർ ഉൾപ്പെടെ 78 പേരാണ് വിമാനത്തിലുള്ളത്. സ്വീകരിക്കാൻ കേന്ദ്ര മന്ത്രിമാർ ഉൾപ്പെടെ വിമാനത്താവളത്തിലെത്തി. വെല്ലുവിളി നിറഞ്ഞ ദൗത്യം അനായാസമാക്കാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ഇടപെടലിന് സാധിക്കുന്നുണ്ട്.
അതിനിടെ അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ രംഗത്തുവന്നു. ആറ് വിദേശ രാജ്യങ്ങളാണ് അവരുടെ രാജ്യത്തെ സ്ഥാപനങ്ങൾക്ക് വേണ്ടി അഫ്ഗാനിസ്താനിൽ ജോലി ചെയ്യുന്ന ഇന്ത്യക്കാരെ തിരിച്ചെത്തിക്കുക. അമേരിക്ക, ബ്രിട്ടൺ, ജർമ്മനി, ഫ്രാൻസ്, യു.എ.ഇ., ഖത്തർ എന്നീ രാജ്യങ്ങളാണ് ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നടപടികൾക്ക് പിന്തുണയുമായി എത്തിയിരിക്കുന്നത്.
ആറുരാജ്യങ്ങളും അവർക്ക് വേണ്ടി ജോലി ചെയ്യുന്നവരെ കണ്ടെത്തി കാബൂളിലെ വിമാനത്താവളങ്ങളിൽ നിന്ന് അതത് രാജ്യങ്ങളിലേക്ക് കൊണ്ടുപോകും. പിന്നീട് ഇന്ത്യൻ വിദേശകാര്യമന്ത്രാലയത്തിന്റെ സഹായത്തോടെ ഇവരെ ഡൽഹിയിലെത്തിക്കും. ഓഗസ്റ്റ് 31ന് മുമ്പ് മുഴുവൻ ഇന്ത്യക്കാരേയും കണ്ടെത്തി ഒഴിപ്പിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തിന് കൂടുതൽ സഹായകരമാകുന്നതാണ് വിവിധ രാജ്യങ്ങളുടെ ഇടപെടൽ.
അതേസമയം താലിബാൻ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴും അഫ്ഗാനിൽനിന്ന് ആയിരങ്ങൾ പലായനം തുടരുകയാണ്. രാജ്യം വിടാൻ നൂറുകണക്കിന് ആളുകൾ കാത്തിരിക്കുന്ന കാബൂൾ വിമാനത്താവളത്തിനുള്ളിൽ തിക്കിലും തിരക്കിലുംപെട്ട് ഇതുവരെ ഏഴുപേർ കൊല്ലപ്പെട്ടതായാണ് ബ്രിട്ടീഷ് സൈന്യം കഴിഞ്ഞ ദിവസം അറിയിച്ചത്. കാബൂൾ വിമാനത്താവളത്തിന് സമീപം 20 പേർ മരിച്ചതായി നാറ്റോയും പറയുന്നു. താലിബാൻ കാബൂൾ പിടിച്ചശേഷം വിമാനത്താവള ജീവനക്കാർ ജോലി ചെയ്യുന്നില്ലെന്നും റൺവേയിൽ കെട്ടിക്കിടക്കുന്ന മാലിന്യം അപകടത്തിന് ഇടയാക്കുമെന്നും ആശങ്കയുണ്ട്.
അതേസമയം, അഫ്ഗാനിസ്താനിൽ നിന്ന് സൈനിക പിന്മാറ്റം നേരത്തെ ഉറപ്പുനൽകിയതു പ്രകാരം ഓഗസ്റ്റ് 31നകം പൂർത്തിയാക്കണമെന്ന് യു.എസിന് അന്ത്യശാസനം നൽകിയിരിക്കുകയാണ് താലിബാൻ. ഇല്ലെങ്കിൽ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുമെന്നും താലിബാൻ വക്താവ് മുന്നറിയിപ്പു നൽകി.
ഓഗസ്റ്റ് 31ന് സൈന്യത്തെ മുഴുവൻ പിൻവലിക്കുമെന്നാണ് യു.എസ് പ്രഖ്യാപിച്ചത്. അത് നീട്ടുന്നുവെന്നതിനർഥം സൈന്യത്തെ വ്യാപിപ്പിക്കുന്നു എന്നാണ്. അതിന്റെ ആവശ്യം നിലവിലില്ല'-താലിബാൻ വക്താവ് സുഹൈൽ ഷഹീൻ പറഞ്ഞു. യു.എസോ യു.കെയോ ആളുകളെ ഒഴിപ്പിക്കുന്നതിന് കൂടുതൽ സമയം ചോദിച്ചാൽ ഇല്ല എന്നാണ് ഉത്തരം. അതിന് പ്രത്യാഘാതങ്ങളും നേരിടേണ്ടിവരും. അത് അവിശ്വാസ്യതയാണ്. ഇവിടെ തന്നെ തുടരാനാണ് തീരുമാനമെങ്കിൽ തിരിച്ചടി നേരിടേണ്ടിവരും-ഷഹീൻ കൂട്ടിച്ചേർത്തു.
അഫ്ഗാൻ താലിബാൻ പിടിച്ചെടുത്ത് ഒരാഴ്ച പിന്നിടുമ്പോഴും ആയിരങ്ങൾ പലായനം തുടരുകയാണ്. രാജ്യത്തിന്റെ പുനരുദ്ധാരണത്തിനാ യി ജനത തുടരണമെന്നാണ് താലിബാൻ ആവശ്യപ്പെടുന്നത്. അതേസമയം, ശരിയായ യാത്രരേഖകൾ കൈവശമുള്ള രാജ്യം വിടാനാഗ്രഹിക്കുന്നവരെ തടയില്ലെന്നും ബി.ബി.സിക്കു നൽകിയ അഭിമുഖത്തിൽ താലിബാൻ വക്താവ് പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചക്കിടെ എയർപോർട്ടിലും പരിസരങ്ങളിലുമായി സംഘർഷങ്ങളിൽ 20 പേർ മരിച്ചതായി നാറ്റോ വക്താവ് പറഞ്ഞു. വിമാനത്താവളത്തിൽ ജനം തടിച്ചുകൂടുന്നത് തുടരുന്നത് വൻപ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
മറുനാടന് മലയാളി ബ്യൂറോ